ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന സൂചന നൽകി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാർണർ. 2024 ജനുവരിയിൽ ഹോം ഗ്രൗണ്ടായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനെതിരെ നടക്കുന്ന മത്സരത്തോടെ വിരമിക്കലുണ്ടാകുമെന്നാണ് വാർണർ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മികച്ച പ്രകടനം കാഴ്ച വയ്ക്കാത്ത വാർണർ ഓസ്‌ട്രേലിയൻ ടീമിൽ ഇടം പിടിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
"ഒരുപക്ഷെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റും അവസാനിപ്പിക്കുക 2024 ട്വന്റി 20 ലോകകപ്പോടെയായിരിക്കും.അതിനുശേഷമുള്ള വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ഞാൻ കളിക്കില്ല", വാർണർ കൂട്ടിച്ചേര്‍ത്തു. പാകിസ്താനെതിരായ മത്സരത്തിൽ ടീമിൽ അവസരം ലഭിച്ചില്ലെങ്കിൽ വരാൻ പോകുന്ന ആഷസ് പരമ്പര വാർണറിന്റെ കരിയറിലെ അവസാനത്തെ ടെസ്റ്റ് ആകാനും സാധ്യതയുണ്ട്. ഇന്ത്യയ്‌ക്കെതിരായ ഡബ്ള്യുടിസി ഫൈനലിന് ശേഷമാണ് ഓസീസ് ആഷസ് പരമ്പരയ്ക്ക് ഇറങ്ങുക.
നിലവിൽ ഡബ്ള്യുടിസി ഫൈനലിലും, ആദ്യ രണ്ട് ആഷസ് ടെസ്റ്റിനുള്ള ടീമിലും വാർണർ ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കായി ഇതുവരെ 103 ടെസ്റ്റുകളാണ് വാർണർ കളിച്ചിട്ടുള്ളത്. ഇതിൽ 187 ഇന്നിങ്സിൽ 8158 റൺസായിരുന്നു വാർണറുടെ നേട്ടം. ടെസ്റ്റിൽ 25 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സ്വന്തമാക്കി. 176 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 6397 റൺസാണ് വാർണർ നേടിയത്.