ഒരു പിടി യുവതാരങ്ങളുടെ കരുത്തിലാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഒരുക്കങ്ങള്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച ഷെഫാലി വര്‍മ, ടീം ഇന്ത്യയുടെ വിശ്വസ്ത മധ്യനിര താരം ജമീമ റോഡ്രിഗസ്, ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ടാനിയ ഭാട്യ, ഇന്ത്യന്‍ യുവ സ്പിന്നര്‍ രാധാ യാദവ് തുടങ്ങിയവര്‍ക്കൊപ്പം മലയാളി പ്രതീക്ഷയായ മിന്നു മണിയുമുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുളള ഓസ്‌ട്രേലിയന്‍ താരം മെഗ് ലാനിങ് ആണ് ടീമിന്റെ നായിക.
ഷെഫാലി വര്‍മ
ടീം ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് ഷെഫാലി വര്‍മ. വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ വാശിയേറിയ മത്സരത്തിനൊടുവില്‍ രണ്ടു കോടി രൂപയ്ക്കാണ് ഷെഫാലിയെ ഡല്‍ഹി സ്വന്തമാക്കിയത്. അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ നായികാ മികവും ഏതു ബൗളിങ് നിരയെ തച്ചുതകര്‍ക്കാനുള്ള ശേഷിയുമാണ് ഷെഫാലിക്കായി കോടികള്‍ വാരിയെറിയാന്‍ ടീമിനെ പ്രേരിപ്പിച്ചത്. അടുത്തിടെ സമാപിച്ച സീനിയര്‍ വനിതാ ടി20 ലോകകപ്പില്‍ താരത്തിനു പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും ഡബ്ല്യു.പി.എല്‍. ആരംഭിക്കുമ്പോഴേക്കും ഷെഫാലി ഫോമിലേക്കെത്തുമെന്നാണ് പ്രതീക്ഷ.
ജമീമ റോഡ്രിഗസ്
കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിന് ശേഷമുള്ള തിരിച്ചു വരവിൽ ജമീമ സ്ഥിരതയോടെയാണ് കളിക്കുന്നത്.217 റൺസുമായി ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു ജമീമ. ശ്രീലങ്കൻ പര്യടനത്തിലും കോമൺവെൽത്ത് ഗെയിംസിലും താരം ഗംഭീരപ്രകടനമാണ് കാഴ്ച വച്ചത്. 2022 ൽ 30 ടി 20 ഇന്നിങ്സുകളിൽ നിന്നായി 36.05 ശരാശരിയിൽ 649 റൺസ് ആണ് ജമീമ അടിച്ചു കൂട്ടിയത്. ഷഫാലി വർമ, ഓസ്ട്രേലിയൻ താരം മെഗ് ലാനിങ് തുടങ്ങിയ വമ്പൻ താര നിരയ്‌ക്കൊപ്പം ഡൽഹി ടോപ് ഓർഡറിൽ ജമീമയുടെ പങ്ക് നിർണായകമാകും.
മിന്നു മണി
ഇന്ത്യന്‍ എ ടീമില്‍ ഷെഫാലി വര്‍മയ്ക്കും ജമീമ റോഡ്രിഗസിനുമൊപ്പം കളിച്ചിട്ടുള്ള താരമാണ് മിന്നു മണി. എ ടീമില്‍ ഇടംപിടിക്കുന്ന ആദ്യ ആദിവാസി താരമെന്ന ബഹുമതി സ്വന്തമാക്കിയ മിന്നു ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററും റൈറ്റ് ആം ഓഫ് സ്പിന്നറുമാണ്. ഷെഫാലിയെപ്പോലെ വെടിക്കെട്ട് ബാറ്റിങ്ങിനെ പ്രണയിക്കുന്ന മിന്നു ഡല്‍ഹി ബാറ്റിങ് നിരയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ്. അതേപോലെ തന്നെ മിന്നുവിന്റെ കൃത്യതയാര്‍ന്ന ഓഫ് സ്പിന്നറുകളും ബ്ലാസ്‌റ്റേഴ്‌സിന് കരുത്തു പകരുമെന്നു തീര്‍ച്ച.
മെഗ് ലാനിങ്
വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത് ഓസ്ട്രേലിയൻമെഗ് ക്യാപ്റ്റൻ മെഗ് ലാനിങ് ആണ്. ഓസീസ് ക്യാപ്റ്റൻ ആയി ഇപ്പോൾ കഴിഞ്ഞ ടൂർണമെന്റ് ഉൾപ്പടെ നാല് ടി 20 ലോകകപ്പ് കിരീടങ്ങൾ ലാനിങ് ഉയർത്തിയിട്ടുണ്ട്. 1.1 കോടി രൂപയ്ക്കാണ് ഓസ്ട്രേലിയൻ ടോപ് ഓർഡർ ബാറ്റർ ഡൽഹിയുടെ ഭാഗമായത്. മികച്ച ക്യാപ്റ്റൻ എന്ന നിലയിലും ടോപ് ഓർഡർ ബാറ്റർ എന്ന നിലയിലും ലാനിങ് ഡൽഹിയുടെ സുപ്രധാന തരമാണ്. രണ്ട് സെഞ്ചുറികളും 15 അർധ സെഞ്ചുറികളുമായി താരം ടി 20 യിൽ 3000 ത്തിൽ അധികം റൺസ് സ്കോർ ചെയ്തിട്ടുണ്ട്.