കാറപകടത്തില്‍ പരുക്കേറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുവതാരം റിഷഭ് പന്ത് ചികിത്സയിലിരിക്കെ റിഷഭും മറ്റൊരു ഇന്ത്യന്‍ താരം ശിഖര്‍ ധവാനും തമ്മിലുള്ള സംഭാഷണം ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഹനം ഓടിക്കുന്നതു സംബന്ധിച്ച് റിഷഭിന് ഉപദേശം നല്‍കുകയും സൂക്ഷിച്ച് ഓടിക്കണമെന്നു പറയുകയും ചെയ്യുന്ന ധവാനെയാണ് വീഡിയോയില്‍ കാണുന്നത്.
ടീം ഇന്ത്യയിലെ മുതിര്‍ന്ന താരമായ ധവാനോടു 'എനിക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോയെന്ന് റിഷഭ് ആരായുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിനു മറുപടിയായി 'തീര്‍ച്ചയായും ഉണ്ട്, നീ വാഹനം സൂക്ഷിച്ച് ഓടിക്കണം' എന്നാണ് ധവാന്‍ മറുപടി നല്‍കുന്നത്. ധവാന്റെ ഉപദേശം ഉറപ്പായും സ്വീകരിക്കുമെന്ന് ചിരിച്ചുകൊണ്ട് റിഷഭ് പറയുന്നതും വീഡിയോയില്‍ കാണാം.
ഇരുവരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. കഴിഞ്ഞ സീസണുകളില്‍ ഒന്നില്‍ ക്യാപിറ്റല്‍സിനായി ഷൂട്ട് ചെയ്ത ടോക് ഷോയുടെ ഈ ഭാഗം കട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആരാധകര്‍ വൈറലാക്കുകയിരുന്നു.
കഴിഞ്ഞ ദിവസമാണ് റിഷഭിന് കാറപകടത്തില്‍ ഗുരുതര പരുക്കേറ്റത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ ഹമ്മദ്പൂര്‍ ഝാലിന് സമീപം വച്ച് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങവെ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം.
ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തലയ്ക്കും കാലിനും പുറത്തും ഗുരുതരമായി പരുക്കേറ്റ റിഷഭ് നിലവില്‍ ഡല്‍ഹിയില്‍ വിദഗ്ധ ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ബി.സി.സി.ഐ. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുന്നതിനിടെയാണ് റിഷഭ് അപകടത്തില്‍പ്പെട്ടത്. അദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉറങ്ങിപ്പോയതിനാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.