പാകിസ്താനെതിരായ മുൾട്ടാൻ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്സിനും 47 റൺസിനും ജയം. ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങിയ പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ 220ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 556 റൺസ് നേടിയ ശേഷമാണ് ആതിഥേയർ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങിയത്. ഹാരി ബ്രൂക്കിൻ്റെ ട്രിപ്പിൾ സെഞ്ചുറിയുടേയും ജോ റൂട്ടിൻ്റെ ഡബിൾ സെഞ്ചുറിയുടേയും മികവിൽ 823 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ബ്രൂക്കാണ് കളിയിലെ താരം. 317 റണ്‍സായിരുന്നു ബ്രൂക്ക് നേടിയത്.
സ്കോർ: പാകിസ്താൻ - 556 & 220, ഇംഗ്ലണ്ട് - 823/9 dec.
മുള്‍ട്ടാനിലെ ബാറ്റിങ് പിച്ചില്‍ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം ശരിവെക്കുന്നതായിരുന്നു പാക് ബാറ്റിങ് നിരയുടെ പ്രകടനവും. ഷഫീഖ് (102), ഷാൻ മസൂദ് (151), അഖ സൽമാൻ (104) എന്നിവരുടെ സെഞ്ചുറിയുടേയും സൗദ് ഷക്കീലിന്റെ (82) അർധ സെഞ്ചുറിയുടേയും മികവില്‍ പാകിസ്താൻ 556 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തി. മൂന്ന് വിക്കറ്റെടുത്ത ജാക്ക് ലീച്ചായിരുന്നു ഇംഗ്ലണ്ട് ബൗളർമാരില്‍ മികച്ചുനിന്നത്. 149 ഓവറുകള്‍ നീണ്ടു നിന്നിരുന്നു പാകിസ്താന്റെ ഇന്നിങ്സ്.
ടെസ്റ്റ് ക്രിക്കറ്റിന് പുതിയ മാനം നല്‍കിയ ബാസ്‌ബോള്‍ മുള്‍ട്ടാനില്‍ അവതരിക്കുന്നതായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സില്‍ കണ്ടത്. പാകിസ്താന് അതേ നാണയത്തില്‍ അതിലും പ്രഹരത്തോടെയുള്ള മറുപടിയാണ് ഇംഗ്ലണ്ട് നല്‍കിയത്. ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറിയും ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയും (262) കണ്ട മത്സരത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 823 റണ്‍സ് സ്കോർ ചെയ്തു. പാകിസ്താന് മുകളില്‍ 267 റണ്‍സിന്റെ ലീഡ്. 150 ഓവറുകള്‍ മാത്രമായിരുന്നു ഇംഗ്ലണ്ടിന് ഇതിനായി വേണ്ടി വന്നത്.
റെക്കോഡുകള്‍ അനായാസം കടപുഴകുന്നതായിരുന്നു മൈതാനത്ത് കണ്ടത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി ബ്രൂക്കിന്റെ പേരിലായി. 310 പന്തിലായിരുന്നു ബ്രൂക്ക് 300 കടന്നത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കുറിക്കാൻ റൂട്ട് - ബ്രൂക്ക് സഖ്യത്തിനും സാധിച്ചു. നാലാം വിക്കറ്റില്‍ 454 റണ്‍സാണ് സഖ്യം നേടിയത്. ഒരുദിവസവും ഒരു സെഷനും ബാക്കി നില്‍ക്കെയായിരുന്നു ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തത്.
267 റണ്‍സെന്ന ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡിനും അവശേഷിക്കുന്ന ഓവറുകളുടെ എണ്ണത്തിനും മുന്നില്‍ സമ്മർദത്താല്‍ പാകിസ്താൻ കീഴ്പ്പെടുകയായിരുന്നു. പാക് നിരയിലെ ലോകോത്തര താരങ്ങളെല്ലാം പടി പടിയായി കൂടാരം കയറി. നാല് വിക്കറ്റെടുത്ത ജാക്ക് ലീച്ചായിരുന്നു പാക് ബാറ്റിങ് നിരയ്ക്ക് കടുത്ത വെല്ലുവിളിയായത്. അഖ സല്‍മാന്റെയും (63) ആമിർ ജമാലിന്റേയും (55) ചെറുത്തുനില്‍പ്പിന് പാകിസ്താനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. 220 റണ്‍സിന് പാക് നിര ഓള്‍ ഔട്ടായി.