CRICKET

വിക്കറ്റ് നേട്ടത്തോടെ ബ്രോഡ് അവസാനിപ്പിച്ചു; അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

384 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ മത്സരത്തില്‍ അഞ്ചാം ദിനമായ ഇന്ന് മികച്ച ബൗളിങ്ങിലൂടെ 334 റണ്‍സില്‍ എറിഞ്ഞിട്ട ഇംഗ്ലണ്ട് 49 റണ്‍സിന്റെ മിന്നും ജയവുമായാണ് പരമ്പര സമനിലയിലാക്കിയത്

വെബ് ഡെസ്ക്

ഓവലില്‍ നടന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയം നേടിയ ഇംഗ്ലണ്ട് ആഷസ് ക്രിക്കറ്റ് പരമ്പര സമനിലയിലാക്കി. കിരീടം നേരത്തെ തന്നെ നഷ്ടമായ ഇംഗ്ലണ്ടിന് പരമ്പര കൈവിടാതെ കാക്കാന്‍ ജയത്തില്‍ കുറഞ്ഞൊന്നും മതിയാകുമായിരുന്നില്ല. 384 എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ മത്സരത്തില്‍ അഞ്ചാം ദിനമായ ഇന്ന് മികച്ച ബൗളിങ്ങിലൂടെ 334 റണ്‍സില്‍ എറിഞ്ഞിട്ട ഇംഗ്ലണ്ട് 49 റണ്‍സിന്റെ മിന്നും ജയവുമായാണ് അഞ്ചു മത്സര പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലാക്കിയത്.

തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന സ്റ്റിയുവര്‍ട്ട് ബ്രോഡാണ് അവസാന ഓസീസ് വിക്കറ്റ് സ്വന്തമാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സ് എന്ന ശക്തമായ നിലയില്‍ ഇന്നു ബാറ്റിങ് പുനഃരാരംഭിച്ച ഓസീസിനെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സും മൂന്നു വിക്കറ്റ് വീഴ്ത്തിയ മൊയീന്‍ അലിയുമാണ് തകര്‍ത്തത്. രണ്ടു വിക്കറ്റുമായി ബ്രോഡും ഒരു വിക്കറ്റുമായി മാര്‍ക്ക് വുഡും ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി.

ഓസീസ് നിരയില്‍ 145 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 72 റണ്‍സ് നേടിയ ഓപ്പണര്‍ ഉസ്മാന്‍ ക്വാജയാണ് ടോപ് സ്‌കോററായത്. ക്വാജയ്ക്കു പുറമേ തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, മധ്യനിര താരം ട്രാവിസ് ഹെഡ് എന്നിവരും പൊരുതി.

വാര്‍ണര്‍ 106 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 60 റണ്‍സ് നേടിയപ്പോള്‍ 94 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 54 റണ്‍സായിരുന്നു സ്മിത്തിന്റെ സംഭാവന. ഹെഡ് 70 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 43 റണ്‍സും അലക്‌സ് ക്യാരി 50 പന്തുകളില്‍ നിന്ന് 28 റണ്‍സും നേടി.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ മൂന്നാം മത്സരം ജയിച്ചാണ് ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ മഴ ചതിച്ചതോടെ ഇംഗ്ലണ്ടിന് സമനില വഴങ്ങേണ്ടി വന്നു. അതോടെ പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പാക്കിയ ഓസീസ് ആഷസ് കിരീടം നിലനിര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് അഞ്ചാം ടെസ്റ്റ് ജയിച്ച് പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് സന്ദര്‍ശകര്‍ ഓവലില്‍ ഇറങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 283-ല്‍ അവസാനിപ്പിച്ച ഓസീസ് മറുപടി ബാറ്റിങ്ങില്‍ 295 റണ്‍സ് നേടി 12 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച ഇംഗ്ലണ്ട് 395 റണ്‍സ് നേടിയ ഓസീസിന് 384 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു.

രണ്ടു ദിനവും 10 വിക്കറ്റും ശേഷിക്കെ 384 റണ്‍സിലേക്ക് ഓസീസ് അനായാസം എത്തുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നാലാം ദിനം മഴ കളിച്ചതോടെ ഭൂരിപക്ഷം സമയവും നഷ്ടമായത് ഓസീസിന് തിരിച്ചടിയായി. തുടര്‍ന്ന് ഇന്ന് ആദ്യം ജയം ലക്ഷ്യമിട്ടും പിന്നീട് സമനിലയ്ക്കായും ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് ജയം പിടിച്ചെടുക്കുകയായിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്