ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ആവേശം കൊടിമുടിയിലെത്തി നിൽക്കെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് വിലയിൽ വൻ വർധന. ഓസ്‌ട്രേലിയക്കെതിരെ ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനലിൽ തങ്ങളുടെ പ്രിയ ടീമിനെ പ്രോത്സാഹിപ്പിക്കാൻ ആരാധകർ തിക്കിത്തിരക്കുകയാണ്. അഹമ്മദാബാദിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റുകൾ, ഹോട്ടൽ റൂം വാടക എന്നിവയിലെല്ലാം വർധന പലമടങ്ങാണ്.
ക്രിക്കറ്റ് ലോകകപ്പ് ടിക്കറ്റ് റീസെല്ലിങ് സൈറ്റായ വിയാഗോഗോ ഡോട്ട് കോമിൽ ടയർ നാല് ടിക്കറ്റിന് 1,87,407 രൂപയും തൊട്ടടുത്ത ടയർ ടിക്കറ്റിന് 1,57,421 രൂപയുമാണ് വില. 32,000 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്റെ വില. അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിലും ഏഴിരട്ടി വരെ വില വർധനയുണ്ട്.
ഹൈദരാബാദിനും അഹമ്മദാബാദിനുമിടയിൽ ഏകദേശം 6,000 രൂപയാണ് സാധാരണ വിമാന ടിക്കറ്റ് നിരക്ക്. നിലവിലത് 40,000 രൂപയായി വർധിച്ചിട്ടുണ്ട് . ഹൈദരാബാദിൽ നിന്നുള്ള പല കണക്ഷൻ വിമാനങ്ങളുടെയും വെള്ളിയാഴ്ചത്തെ നിരക്ക് 73,000 ആയി ഉയർന്നിരുന്നു.
ഗൂഗിൾ ഫ്ലൈറ്റ് ഡേറ്റ പ്രകാരം, ഫൈനൽ മാച്ചിന് ആഴ്ചകൾക്ക് മുൻപുതന്നെ റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ് ടിക്കറ്റുകളുടെ വിലയിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർധനവുണ്ടായതായി പറയുന്നു.
മേക്ക് മൈ ട്രിപ്പ്, ബുക്കിങ് ഡോട്ട് കോം പോലുള്ള ട്രാവൽ ബുക്കിങ് സൈറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിലേക്ക് സ്റ്റാർ ഹോട്ടലുകളിലെ റൂമുകൾക്ക് 40,000 രൂപയിൽ കൂടുതലാണ് വാടക. ചിലയിടങ്ങളിൽ അത് 2,15,000 രൂപ വരെയാണെന്നാണ് റിപ്പോർട്ടുകള്‍.
ശനിയാഴ്ച മാത്രം നൂറിലധികം ചാർട്ടേഡ് വിമാനങ്ങൾ ഉണ്ടായേക്കുമെന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറയുന്നു.