CRICKET

ഇന്ത്യയ്‌ക്കൊപ്പം പാകിസ്താനും വേണം; സ്വപ്ന സെമിഫൈനല്‍ ആഗ്രഹം പറഞ്ഞ് ഗാംഗുലി

ശ്രീലങ്ക - ന്യൂസിലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ച് മാത്രമല്ല ഇംഗ്ലണ്ടിനെ വലിയ മാർജിനില്‍ കീഴടക്കിയാലെ പാകിസ്താന്റെ സെമി സാധ്യതകള്‍ തെളിയൂ

വെബ് ഡെസ്ക്

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അവസാന റൗണ്ടിലേക്ക് എത്തുമ്പോഴും സെമിഫൈനലില്‍ ആരൊക്കയെന്നത് പൂർണമായും വ്യക്തമായിട്ടില്ല. നേരിട്ട എല്ലാ ടീമുകളെയും ആധികാരികമായി കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവുമുറപ്പിച്ച് ആദ്യം സെമിയിലെത്തിയത് ഇന്ത്യയായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും അവസാന നാലില്‍ ഇടം നേടി. ശേഷിക്കുന്ന ഒരു സ്ഥാനമാർക്കെന്നതിലാണ് ആകാംഷ.

ന്യൂസിലന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളാണ് സാധ്യതാ പട്ടികയിലുള്ളത്. ഇവരിലൊരു ടീമിനെയായിരിക്കും സെമിയില്‍ ഇന്ത്യ നേരിടുക. എന്നാല്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാകണമെന്നതില്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ബിസിസിഐ മുന്‍ പ്രസിഡന്റും ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി.

"പാകിസ്താന്‍ സെമിയിലെത്തണം, ഇന്ത്യയുമായി കളിക്കണം. ഇതാണെന്റെ ആഗ്രഹം. ഇതിലും വലിയൊരു സെമിഫൈനല്‍ സംഭവിക്കാനില്ല," ഗാംഗുലി സ്പോർട്സ് തക്കിനോട് പറഞ്ഞു.

ഗാംഗുലി ഇത്തരമൊരു അഭിപ്രായം പറഞ്ഞതിന് പിന്നിലൊരു കാരണവുമുണ്ട്. ന്യൂസിലന്‍ഡോ അഫ്ഗാനിസ്താനോ സെമിയിലെത്തിയാല്‍ മത്സരവേദി മുംബൈയിലെ വാങ്ക്ഡേയായിരിക്കും. മറിച്ച് പാകിസ്താനാണെങ്കില്‍ സെമി വേദിയാകുക കൊല്‍ക്കത്തയിലെ ഈഡന്‍ ഗാർഡന്‍സായിരിക്കും, ഗാംഗുലിയുടെ ഹോം ഗ്രൗണ്ട്. പട്ടികയില്‍ ഏത് സ്ഥാനത്താണെങ്കിലും സെമിയിലെത്തിയാല്‍ പാകിസ്താന്റെ മത്സരം ഈഡനിലായിരിക്കുമെന്ന് ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിശ്ചയിച്ചിരുന്നു. 2016 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന്റെ ആതിഥേയത്വം വഹിച്ചതും ഈഡനായിരുന്നു.

ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയില്ലെങ്കില്‍ തനിക്കതൊരു ഞെട്ടലാകില്ലെന്നും ഗാംഗുലി പറഞ്ഞു. "ഇന്ത്യയുടെ ഇപ്പോഴത്തെ പ്രകടനത്തില്‍ രാജ്യം മുഴുവനും തൃപ്തരാണ്. കളിച്ച എട്ട് മത്സരങ്ങളും പരിശോധിച്ചാല്‍ എതിരാളികള്‍ക്ക് മുകളില്‍ വലിയ ആധിപത്യമുണ്ടെന്ന് മനസിലാക്കാം. ഈ രീതിയില്‍ തന്നെ ഇന്ത്യ തുടരുമെന്നാണ് പ്രതീക്ഷ. നിലവാരം ഇടിയുന്നപോലെ മോശം ക്രിക്കറ്റ് അവർ കളിക്കുമെന്ന് തോന്നുന്നില്ല," ഗാംഗുലി കൂട്ടിച്ചേർത്തു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം