CRICKET

'ഇഷ്ടക്കാരെയല്ല ടീമിലെടുക്കേണ്ടത്, ഇനിയങ്കിലും ആത്മപരിശോധന നടത്തൂ', ഇന്ത്യൻ ടീമിനെ കടന്നാക്രമിച്ച് വെങ്കിടേഷ് പ്രസാദ്

വെബ് ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ക്രിക്കറ്റ്‌ പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ടീമിനെയും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കടന്നാക്രമിച്ച് മുന്‍താരം വെങ്കിടേഷ് പ്രസാദ്. ചിലരുടെ ഇഷ്ടക്കാരെ മാത്രമല്ല കളിപ്പിക്കേണ്ടതെന്നും ടീമിന്റെ താല്പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും താരം ചൂണ്ടിക്കാട്ടി. ഏകദിന ലോകകപ്പിനോ കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനോ യോഗ്യത നേടാന്‍ കഴിയാതിരുന്ന വിന്‍ഡീസിനോട് പരാജയപ്പെട്ടത് വേദനിപ്പിക്കുന്നതാണെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

''17 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ മൂന്നോ അതിലധികമോ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസിനോട് പരാജയപ്പെടുന്നത്. ഈ വരുന്ന ഏകദിന ലോകകപ്പില്‍ മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസ് യോഗ്യത നേടിയിട്ടില്ല. ആ ടീമിനോട് ഇന്ത്യ തോറ്റു. തോല്‍വിക്ക് ശേഷം അതിനെക്കുറിച്ച് വിലയിരുത്താതെ അടുത്ത മത്സരങ്ങളിലേക്ക് പോകുന്നത് കാണുമ്പോള്‍ വേദനയുണ്ട്. വിജയത്തിനായുള്ള ദാഹമോ ആഗ്രഹമോ ഇന്ത്യന്‍ ടീമില്‍ കാണാനില്ലായിരുന്നു. നമ്മളേതോ മിഥ്യാ ലോകത്താണ് ജീവിക്കുന്നതെന്ന് തോന്നുന്നു''- വെങ്കിടേഷ് പ്രസാദ് പറഞ്ഞു.

വിജയത്തിനായുള്ള ദാഹമോ ആഗ്രഹമോ ഇന്ത്യന്‍ ടീമില്‍ കാണാനില്ലായിരുന്നു

ലിമിറ്റഡ് ഓവറില്‍ സമീപകാലത്ത് ശരാശരി പ്രകടനം മാത്രമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. കുറച്ച് നാള്‍ മുന്‍പ് നമ്മള്‍ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലും പരാജയപ്പെട്ടിരുന്നു. മണ്ടത്തരങ്ങള്‍ വിളിച്ചു പറയുന്നതിന് പകരം ടീം ഇത്തവണയെങ്കിലും ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

ക്യാപ്റ്റന്‍ പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെയും വെങ്കിടേഷ് രൂക്ഷമായി വിമര്‍ശിച്ചു. ''പലപ്പോഴും ക്യപ്റ്റന് തന്നെ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത പോലെയാണ് പെരുമാറുന്നത്. ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാനോ ബാറ്റര്‍മാര്‍ക്ക് ബൗള്‍ ചെയ്യാനോ കഴിയില്ല. എല്ലാത്തിനും സമ്മതിക്കുന്ന കളിക്കാരെയോ ചിലരുടെ ഇഷ്ടക്കാരെയോ മാത്രമല്ല ടീമിലെടുക്കേണ്ടത്. ടീമിന്റെ താല്പര്യങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കം കൊടുക്കേണ്ടത്'' താരം ചൂണ്ടിക്കാട്ടി. ക്യാപ്റ്റനും ടീം മാനേജുമെന്റുമാണ് ഈ പരാജയത്തിന് ഉത്തരവാദികളെന്നും അവര്‍ അത് ഏറ്റെടുക്കണമെന്നും ആരാധകന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം കുറിച്ചു. ഇപ്പോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നത് തോന്നിയതു പോലെയാണെന്നും ഒന്നിലും സ്ഥിരതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

വിന്‍ഡീസിനെതിരായ ടെസ്റ്റ് ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി20 പരമ്പരയിലും ഇറങ്ങിയത്. എന്നാല്‍ യുവനിരയുമായി ഇറങ്ങിയ ഇന്ത്യയക്ക് ആദ്യ രണ്ട് മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. മൂന്നും നാലുംമത്സരങ്ങള്‍ മത്സരങ്ങ ഇന്ത്യ തിരിച്ചു വന്നു. എന്നാല്‍ അവസാനമത്സരം എട്ട് വിക്കറ്റിന് പരാജയപ്പെട്ടതോടെ 2-3 ന് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്