ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടെയും ടീമില്‍ നിന്നു സംയുക്ത ഇലവനെ തിരഞ്ഞെടുത്ത് റിക്കി പോണ്ടിംഗ്. രോഹിത്ത് ശർമ , വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നി നാല് ഇന്ത്യൻ താരങ്ങളാണ് പോണ്ടിങ്ങിന്റെ ഇലവനില്‍ സ്ഥാനം പിടിച്ചത്.
രോഹിതാണ് ടീം ക്യാപ്റ്റൻ. പതിനൊന്നംഗ ടീമിൽ 4 ഇന്ത്യൻ താരങ്ങളും 7 ഓസ്‌ട്രേലിയൻ താരങ്ങളും ഉൾപ്പെടുന്നു. രോഹിതിനൊപ്പം ഉസ്മാൻ ഖവാജയെയാണ് ഓപ്പണറായി പോണ്ടിംഗ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്പിന്നർ അശ്വിൻ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ എന്നിവരെ ഒഴിവാക്കിയത് ശ്രദ്ധേയമായി. അശ്വിന് പകരം ഓസീസ് നതാൻ ലിയോണാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയൻ താരം അലക്സ് ക്യാരിയെയാണ് വിക്കറ്റ് കീപ്പറായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം നമ്പറിൽ രവീന്ദ്ര ജഡേജയും, നാലാം നമ്പറായി വിരാട് കോഹ്‌ലിയും, അഞ്ചാം നമ്പറിൽ സ്റ്റീവ് സ്മിത്തുമാണുള്ളത്. മിച്ചൽ സ്റ്റാർക്കാണ്, മുഹമ്മദ് ഷമിക്കൊപ്പം ടീമിലുള്ള മറ്റൊരു പേസർ. ഡേവിഡ് വാർണറിന് ടീമിൽ ഇടം നേടാന്‍ സാധിച്ചില്ല.
ജൂണ്‍ ഏഴു മുതല്‍ 11 വരെ ലണ്ടനിലെ കെന്നിഗ്‌ടൺ ഓവലിലാണ് ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. റിക്കി പോണ്ടിംഗിന്റെ ടീമംഗങ്ങൾ : രോഹിത് ശർമ (ക്യാപ്റ്റൻ), ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, രവീന്ദ്ര ജഡേജ, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, മുഹമ്മദ് ഷമി.