ഐസിസി വേള്‍ഡ് കപ്പ് ഫൈനലുകളില്‍ ഇംഗ്ലണ്ടിന്റെ കരുത്തരായ നിര പതറുമ്പോള്‍ രക്ഷയ്‌ക്കെത്തുന്ന പോരാളി. അതാണ് ബെന്‍ സ്‌റ്റോക്‌സ്. 2019 ഏകദിന ഫൈനലിലും ഇന്ന് ടി20 ലോകകപ്പ് ഫൈനലിലും ബെന്‍ സ്‌റ്റോക്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് വിജയതീരം തൊട്ടത്. പാകിസ്താനെതിരായ ഫൈനല്‍ മത്സരത്തില്‍ 45ന് 3 എന്ന നിലയില്‍ പരുങ്ങലിലായ ഇംഗ്ലണ്ടിനെ 49 പന്തില്‍ 52 റണ്‍സുമായി വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയതും വിശ്വസ്തനായ ബെന്‍ സ്‌റ്റോക്‌സ് തന്നെയാണ്.
കളിക്കളത്തിലെ പോരാട്ട വീര്യത്തിന് പിന്നില്‍ കണ്ണീരിന്റെ കഥ കൂടി പറയാനുണ്ട് 31കാരനായ ഈ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ക്ക്. 2016ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. ഭാഗ്യം കൈവിട്ട ബെന്‍ സ്‌റ്റോക്‌സിനെ കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് തുടര്‍ച്ചയായി നാല് സിക്സറുകള്‍ പറത്തി കിരീടം സ്വന്തമാക്കി. അന്ന് കണ്ണീരണിഞ്ഞ് തളര്‍ന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ നിന്ന് മടങ്ങിയ ബെന്‍ സ്‌റ്റോക്‌സിന്റെ മുഖം ക്രിക്കറ്റ് ലോകത്തിന് അത്രവേഗം മറക്കാനാകുന്നതല്ല. അന്ന് അറിഞ്ഞുകൊണ്ടല്ലെങ്കില്‍ക്കൂടി ടീമിന്റെ പരാജയത്തിനു കാരണക്കാരനായി എന്ന കുറ്റബോധം അദ്ദേഹത്തെ വേട്ടയാടിയിരുന്നിരിക്കാം. എന്നാല്‍ ഇന്ന് അവസരത്തിനൊത്ത് ഉയര്‍ന്ന് ഇംഗ്ലീഷ് പടയെ വിജയിപ്പിച്ച ബെന്‍ സ്‌റ്റോക്‌സിന് ഇത് പ്രായശ്ചിത്തത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് മുന്നില്‍ ഇന്ന് അദ്ദേഹത്തിന് വീര പരിവേഷമാണ്.
2019ലെ ഏകദിന ലോകകപ്പിലും കിവീസ് ബൗളിങ് നിരയ്ക്കു മുന്‍പില്‍ പതറിയ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ബെന്‍ സ്റ്റോക്‌സിന്റെ കൈക്കരുത്താണ്. ജോസ് ബട്ട്‌ലറെ കൂട്ടുപിടിച്ച് നേടിയ സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പാണ് വിജയത്തില്‍ നിര്‍ണായകമായത്. 98പന്തില്‍ നിന്ന് 84 റണ്‍സായിരുന്നു അന്ന് ബട്ട്‌ലറുടെ ബാറ്റില്‍ പിറന്നത്. അവസാന ഓവര്‍ വരെ ആവേശകരമായ പോരാട്ടം നടത്തിയ ബട്ട്‌ലര്‍ സൂപ്പര്‍ ഓവറിലും നിരാശപ്പെടുത്തിയില്ല. രാജ്യത്തിന് കപ്പ് നേടിക്കൊടുത്തുകൊണ്ട് കളിയിലെ താരമായും ആരാധകരുടെ മനസിലെ താരമായും ബെന്‍ സ്റ്റോക്‌സ് കളം നിറഞ്ഞു നിന്നു.
ഒരിക്കല്‍ ഏറ്റ തിരിച്ചടികള്‍ ആ പോരാളിക്ക് തിരികെ വരാനുള്ള ഊര്‍ജമായിരുന്നു. തോല്‍വികളില്‍ തളരാതെ തന്റെ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു ബെന്‍ സ്റ്റോക്‌സിന്റെ കടമ. പാകിസ്താന്‍ ബൗളര്‍മാരുടെ പേസ് ബൗളിങ്ങിനു മുന്നില്‍ ഇംഗ്ലീഷ് പട പതറിയ ഘട്ടത്തില്‍ ഏവരും പ്രതീക്ഷയോടെ നോക്കിയത് ബെന്‍ സ്‌റ്റോക്‌സിന്റെ മുഖത്തേക്കാണ്. ഉറച്ച നിശ്ചയ ദാര്‍ഢ്യത്തോടെ തന്റെ ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കി, സമ്മര്‍ദ്ദ ഘട്ടത്തില്‍ നിന്ന് ടീമിനെ കരകയറ്റി കിരീടം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആരാധകരും മാനേജ്‌മെന്റും തന്നില്‍ അര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാത്തു. തോല്‍വികളില്‍ നിന്നും നേടിയെടുത്ത മനഃകരുത്തിനെ തോല്‍പ്പിക്കാന്‍ പാകിസ്താന്റെ പേസ് പോരായിരുന്നു. അദ്ദേഹത്തിന് ഇനിയും ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ട്. തോല്‍വിയറിയാതെ തന്റെ രാജ്യത്തെ വിജയത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഈ 31കാരന്‍ ഇനിയും ഇംഗ്ലണ്ടിന്റെ കുപ്പായമിട്ട് ഇവിടെയുണ്ടാകും.