CRICKET

കോഹ്ലിയെ പിന്തള്ളി ഗില്‍; യുവതാരത്തിന്റെ ചിറകിലേറി ടീം ഇന്ത്യ

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടി ഇന്ത്യന്‍ യുവ താരം ശുഭ്മാന്‍ ഗില്‍. ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 87 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ ടീം ഇന്ത്യയുടെ രക്ഷകനായത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെ സെഞ്ചുറിയുടെയും നായകന്‍ രോഹിത് ശര്‍മ(34), മധ്യനിര താരം സൂര്യകുമാര്‍ യാദവ്(31) എന്നിവരുടെയും മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ നാലിന് 185 റണ്‍സ് എന്ന നിലയിലാണ്. 100 റണ്‍സുമായി ഗില്ലും രണ്ടു റണ്‍സുമായി ഉപനായകനും ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.

മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ രോഹിതും ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. തുടക്കത്തിലേ റണ്‍സ് സ്‌കോര്‍ ചെയ്തു തുടങ്ങിയ രോഹിതിന് പക്ഷേ നീണ്ട ഇന്നിങ്‌സ് കളിക്കാനായില്ല.

12 ഓവറില്‍ ടീം സ്‌കോര്‍ 60 കടന്നതിനു പിന്നാലെ ബ്ലെയര്‍ ടിക്‌നര്‍ക്ക് വിക്കറ്റ് സമ്മാനിച്ചു രോഹിത് മടങ്ങി. പുറത്താകുമ്പോള്‍ 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 34 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. നായകന്‍ മടങ്ങിയതിനു പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ച്ച നേരിട്ടു.

മുന്‍നായകന്‍ വിരാട് കോഹ്ലി(8), യുവതാരം ഇഷാന്‍ കിഷന്‍(5) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയതോടെ മൂന്നിന് 110 എന്ന നിലയില്‍ പതറിയ ഇന്ത്യയെ പിന്നീട് നാലാം വിക്കറ്റില്‍ ഗില്‍-സൂര്യ സഖ്യമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 65 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 170 കടത്തി. എന്നാല്‍ 26പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 31 റണ്‍സ് നേടി മികച്ച സ്‌കോറിലേക്ക് നീങ്ങിയ സൂര്യയെ വീഴ്ത്തി സ്പിന്നര്‍ ഡരില്‍ മിച്ചല്‍ കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍ ഒരറ്റത്ത് കീഴടങ്ങാന്‍ കൂട്ടാക്കാതെ പിടിച്ചു നില്‍ക്കുന്ന ഗില്‍ പിന്നീടെത്തിയ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കൊപ്പം ടീമിനെ മുന്നോട്ടു നയിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഗില്ലിന്റെ മൂന്നാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും സെഞ്ചുറിയാണിത്. ഇക്കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിന മത്സരത്തിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്