CRICKET

പൂജാരയ്ക്കും രഹാനെയ്ക്കും പകരമാര്? 'മിസ്റ്റര്‍ ഡിപ്പെന്‍ഡബിള്‍' സ്ഥാനത്തേക്ക് പാഡ് റെഡിയാക്കി നാലുപേര്‍

ഓസ്ട്രേലിയയിലെ കഴിഞ്ഞ രണ്ട് പരമ്പര വിജയങ്ങളിലും നിർണായക പങ്കുവഹിച്ച താരങ്ങളാണ് പൂജാരയും രഹാനെയും

വെബ് ഡെസ്ക്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ ഹോം സീസണിന് തുടക്കമാകുകയാണ്. 43 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശർമയും സംഘവും വീണ്ടും മൈതാനത്തേക്ക് ഇറങ്ങുന്നത്. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ബോർഡർ-ഗാവസ്‌കര്‍ ട്രോഫിക്കുള്ള മുന്നൊരുക്കമായും ബംഗ്ലാദേശ് പരമ്പരയെ വിലയിരുത്തുന്നുണ്ട്. ബോർഡർ-ഗാവസ്‌കര്‍ ട്രോഫി നിലനിർത്തുക എന്നതിനൊപ്പം തന്നെ ടീമിലെ രണ്ട് വലിയ വിടവ് നികത്തുക എന്ന ഉത്തരവാദിത്തം കൂടി ഗൗതം ഗംഭീറിനും രോഹിത് ശർമയ്ക്കും മുന്നിലുണ്ട്. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ ദ്വയത്തിന് പകരക്കാരെ കണ്ടെത്തുക എന്നതാണത്.

ഓസ്ട്രേലിയയിലെ കഴിഞ്ഞ രണ്ട് പരമ്പര വിജയങ്ങളിലും നിർണായക പങ്കുവഹിച്ച താരങ്ങളാണ് പൂജാരയും രഹാനെയും. 2018/19 പരമ്പരയില്‍ മധ്യനിരയുടെ നട്ടെല്ലായാണ് പൂജാര നിലനിന്നത്. നാല് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് സെഞ്ചുറി ഉള്‍പ്പെടെ 521 റണ്‍സായിരുന്നു വലം കയ്യൻ ബാറ്ററുടെ സംഭാവന. മൂന്ന് വർഷത്തിന് ശേഷവും പൂജാര മികവ് ആവർത്തിച്ചു. അന്ന് കോഹ്ലിയുടെ പകരക്കാരാനായി ടീമിനെ നയിച്ച രഹാനെ ഇന്ത്യയ്ക്ക് സമ്മാനിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നായിരുന്നു. ബോക്സിങ് ഡെ ടെസ്റ്റില്‍ സെഞ്ചുറിയോടെയായിരുന്നു രഹാനെ തിളങ്ങിയത്.

ജൂനിയർ വൻമതിലായ പൂജാരയും ക്രൈസിസ് മാനേജറായ രഹാനെയും ഇനി ഇന്ത്യൻ ടീമിലേക്ക് തിരികെയെത്താനുള്ള സാധ്യത വിരളമാണ്. പകരമാര് എന്ന ചോദ്യത്തിന്‌ ശുഭ്മാൻ ഗില്‍, സർഫറാസ് ഖാൻ, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. യശസ്വി ജയ്‌സ്വാളും രോഹിത് ശർമയും ഓപ്പണിങ് സ്ഥാനങ്ങളില്‍ തുടരുന്നതോടെ പൂജാരയുടെ മൂന്നാം സ്ഥാനത്തിന് ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് ഗില്ലിന് തന്നെയാണ്. നിലവില്‍ പൂജാരയുടെ അഭാവത്തില്‍ ഗില്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത് കളത്തിലെത്തുന്നതും.

25 മത്സരങ്ങളില്‍ നിന്ന് 1492 റണ്‍സാണ് ഗില്‍‌ ഇതുവരെ ടെസ്റ്റ് കരിയറില്‍ നേടിയിട്ടുള്ളത്. നാല് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും ഗില്ലിന്റെ പേരിലുണ്ടെങ്കിലും ശരാശരി 35 മാത്രമാണ്. ഏകദിനത്തിലെ പ്രകടനമികവ് ഗില്ലിന് ടെസ്റ്റില്‍ ആവർത്തിക്കാനാകുന്നില്ല എന്നത് പൊതുവെ ഉയരുന്ന വിമർശനമാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 452 റണ്‍സ് ഗില്‍ നേടിയിരുന്നു. ശരാശരി 50ന് മുകളിലുമായിരുന്നു. ഇത് ടെസ്റ്റില്‍ ഗില്ലിന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയുന്നതായിരുന്നു.

രാഹുലിന്റേയും ശ്രേയസിന്റേയും അഭാവത്തിലായിരുന്നു സർഫറാസിനെ തേടി വെള്ളക്കുപ്പായമെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ലഭിച്ച അവസരം നന്നായി ഉപയോഗിച്ച സർഫറാസ് ഫിയർലെസ് ക്രിക്കറ്ററെന്ന പേരും സമ്പാദിച്ചിരുന്നു. അഞ്ച് ഇന്നിങ്സുകളില്‍ മുന്ന് അർധ സെഞ്ചുറിയുള്‍പ്പെടെ ഇംഗ്ലണ്ടിനെതിരെ 200 റണ്‍സ് യുവതാരം നേടി. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 80നോട് അടുത്താണുതാനും. മാറുന്ന ക്രിക്കറ്റിന് അനുയോജ്യമായ ശൈലിയാണ് തന്റേതെന്ന് സർഫറാസും തെളിയിച്ചു കഴിഞ്ഞു.

14 ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ശ്രേയസിന്റേതു പക്ഷേ അത്ര ഇംപ്രസീവായ കണക്കുകളല്ല. 36 ശരാശരിയില്‍ 811 റണ്‍സാണ് ശ്രേയസ് നേടിയിട്ടുള്ളത്. താരത്തിന്റെ മികവിനെ അടിവരയിടുന്ന കണക്കുകളല്ല ഇതെന്ന് വ്യക്തമാണ്. ഏകദിനത്തില്‍ അനായാസം റണ്‍വേട്ട നടത്തുന്ന ശ്രേയസിന് ടെസ്റ്റില്‍ അത് ആവർത്തിക്കാനാകാതെ പോയിട്ടുണ്ട്. താരത്തിന് ടെസ്റ്റ് ക്രിക്കറ്റിന് അനിവാര്യമായ ക്ഷമയില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ രാഹുലിന്റെ ഫോമും അത്ര ശുഭകരമല്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രാഹുലും പരാജയപ്പെട്ട ബാറ്റർമാരുടെ പട്ടികയില്‍ തന്നെയായിരുന്നു. ഓസ്ട്രേലിയൻ വിക്കറ്റുകളില്‍ രാഹുലിന് ശോഭിക്കാനായിട്ടില്ല എന്നതാണ് മറ്റൊരു പോരായ്മ. ഇതുവരെ ഒൻപത് ഇന്നിങ്സുകളിലായി 187 റണ്‍സ് മാത്രമാണ് ഓസ്ട്രേലിയയിൽ രാഹുലിന് നേടാനായിട്ടുള്ളത്. ശരാശരി 20 മാത്രമാണ്. 187 റണ്‍സില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടുന്നുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി