CRICKET

ഗില്‍ യുഗത്തിലേക്ക് ഗുജറാത്ത്; കരുത്തന്മാരായി തുടരുമോ?

നിരവധി താരങ്ങളുടെ അഭാവം, പരുക്ക് എന്നിവയെല്ലാം ഗുജറാത്തിന്റെ കുതിപ്പിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

വെബ് ഡെസ്ക്

കേവലം രണ്ട് സീസണുകളിലെ സാന്നിധ്യം കൊണ്ട് ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ (ഐപിഎല്‍) കരുത്തരുടെ പട്ടികയില്‍ ഇടം നേടിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. 2022ല്‍ കിരീടം ഉയർത്തിയ ഗുജറാത്ത് 2023ല്‍ ഫൈനലിലുമെത്തിയിരുന്നു. എന്നാല്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ചില വെല്ലുവിളികള്‍ ഗുജറാത്തിന് മുന്നിലുണ്ട്. ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നാണ് സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.

ഷമിയുടെ അഭാവം

ഗുജറാത്തിന്റെ കിരീട നേട്ടത്തിനും കുതിപ്പിനും ഇന്ധനമായത് മുഹമ്മദ് ഷമിയെന്ന പേസറായിരുന്നു. 2023 ഏകദിന ലോകകപ്പിനിടെയേറ്റ പരുക്കില്‍ നിന്ന് മുക്തി നേടാന്‍ ഷമിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഐപിഎല്‍ സീസണ്‍ വലം കൈയന്‍ പേസർക്ക് നഷ്ടമാകും. 2023ല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമിയായിരുന്നു ഒന്നാമത്. 28 തവണയാണ് ബാറ്റർമാരെ ഷമി പവലിയനിലേക്ക് മടക്കിയത്. പവർപ്ലേയില്‍ മാത്രം ഷമി 17 വിക്കറ്റുകളും നേടിയിരുന്നു.

ഷമിക്കുപുറമെ വിക്കറ്റ് കീപ്പർ ബാറ്ററായ മാത്യു വേഡിന്റെ സേവനവും സീസണിന്റെ തുടക്കത്തില്‍ ടീമിന് ലഭിക്കില്ല. ഷെഫീല്‍ഡ് ഷീല്‍ഡ് ഫൈനലില്‍ ടാസ്‌മാനിയക്ക് വേണ്ടി കളിക്കേണ്ടതിനാലാണിത്. 3.6 കോടി രൂപയ്ക്ക് ഗുജറാത്ത് ലേലത്തില്‍ സ്വന്തമാക്കിയ റോബിന്‍ മിന്‍സും കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. താരത്തിന് ഈ മാസം ആദ്യം ബൈക്ക് അപകടം സംഭവിച്ചിരുന്നു.

ഗുജറാത്തിന്റെ ഗില്‍ യുഗം

ഐപിഎല്‍ കരിയറിലാദ്യമായി നായകന്റെ ഉത്തരവാദിത്തം യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. മുന്‍ നായകന്‍ ഹാർദിക്ക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയ പശ്ചാത്തലത്തിലാണ് ഗില്ലിന് അവസരം ഒരുങ്ങിയത്. കഴിഞ്ഞ സീസണിലെ ടോപ് റണ്‍സ്‌ സ്കോറർകൂടിയായിരുന്നു ഗില്‍. കെയിന്‍ വില്യംസണിന്റെ പിന്തുണയുണ്ടാകുമെങ്കിലും നായകനെന്ന നിലയില്‍ ഗില്‍ പരിചയസമ്പന്നനല്ല.

അഫ്ഗാനിസ്താന്‍ ഓള്‍ റൗണ്ടർ അസ്മത്തുള്ള ഒമർസായ്, ഓസ്ട്രേലിയയുടെ ഇടം കൈയന്‍ പേസർ സ്പെന്‍സർ ജോണ്‍സണ്‍ എന്നിവരെ ഗുജറാത്ത് ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. ഹാർദിക്കിന്റെ അഭാവം അസ്മത്തുള്ളയിലൂടെ നികത്താന്‍ ഗുജറാത്തിന് സാധിച്ചേക്കും. ഫിനിഷർ റോള്‍ വഹിക്കുന്ന ഷാരൂഖ് ഖാന്റെയും പേസർ ഉമേഷ് യാദവിന്റേയും സാന്നിധ്യം ടീമിന്റെ കരുത്ത് കൂട്ടും.

റാഷിദ് ഖാന്‍ ഇന്‍ ടച്ച്

ഗുജറാത്തിന്റെ പ്രധാന അസ്ത്രങ്ങളിലൊന്നാണ് റാഷിദ് ഖാന്‍. 2023 ഏകദിന ലോകകപ്പിന് ശേഷം പരുക്കേറ്റ റാഷിദ് നീണ്ട ഇടവേളയ്ക്ക് ശേഷം അയർലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലൂടെ തിരിച്ചു വന്നിരുന്നു. പരമ്പരയില്‍ എട്ട് വിക്കറ്റ് സ്വന്തമാക്കിയാണ് താരം തിളങ്ങിയത്.

രാഹുല്‍ തേവാത്തിയയുടെ ഫോമാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊന്ന്. ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന് ഓള്‍ റൗണ്ട് മികവ് പുലർത്താന്‍ സാധിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ 131.34 സ്ട്രൈക്ക് റേറ്റില്‍ 352 റണ്‍സും 15 വിക്കറ്റും തേവാത്തിയ നേടി. ഗുജറാത്തിന്റെ യുവതാരങ്ങളായ സായ് സുദർശന്‍, സായ് കിഷോർ, ഓള്‍ റൗണ്ടർ വിജയ് ശങ്കർ എന്നിവരെല്ലാം അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐപിഎല്ലിനൊരുങ്ങുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി