CRICKET

ഹാർദിക്കും ഗ്യാലറികളും; യാര് നല്ലവർ, യാര് കെട്ടവർ!

ഹാർദിക്ക് ഇന്ന് പോരാടുന്ന ഒരു ടീമിനെതിരെ മാത്രമല്ല. ഇന്ത്യയിലെ ഒരു വിഭാഗം ക്രിക്കറ്റ് ആരാധകരോട് ഒന്നടങ്കമാണ്

ഹരികൃഷ്ണന്‍ എം

കേവലം 10 ലക്ഷം രൂപയ്ക്കായിരുന്നു സൂറത്തില്‍ നിന്നുള്ള ഒരു 21-കാരന്‍ പയ്യനെ മുംബൈ ഇന്ത്യന്‍സ് ഒന്‍പത് വർഷങ്ങള്‍ക്ക് മുന്‍പ് കൂടാരത്തിലെത്തിച്ചത്. നാലാം വർഷം അയാളുടെ സീസണിലെ വരുമാനം 11 കോടിയായി ഉയർന്നു. ഇന്നയാളുടെ വരുമാനം 15 കോടിയാണ്, അതുമാത്രമല്ല തന്നെ വളർത്തിയ ടീമിന്റെ നായകനും അയാള്‍ തന്നെ.

സ്ഥിരതയുടെ അഭാവവും പരുക്കും വേട്ടയാടിയ കരിയറായിരുന്നു അയാളുടേത്. എന്നിട്ടും അതിവേഗവളർച്ച കൈവരിക്കാനായി എന്നത് ഒരു കായിക താരത്തെ സംബന്ധിച്ചിടത്തോളം അപൂർവമായ നേട്ടമാണ്. പക്ഷേ, കയ്യടികള്‍ക്ക് പകരം കൂവലുകളും വിമർശനങ്ങളും മാത്രമാണ് അയാളെ ഗ്യാലറികളില്‍ നിന്നും തേടിയെത്തുന്നത്.

ഹാർദിക്ക് പാണ്ഡ്യ, നീങ്ക നല്ലവരാ, കെട്ടവരാ? ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) പതിനേഴാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഈ ചോദ്യം മനസില്‍ വരാത്ത ആരാണ് ഉണ്ടാകുക!

ഐപിഎല്ലില്‍ മുംബൈ പോരിനിറങ്ങിയ മത്സരങ്ങളില്‍ സംഭവിച്ചതൊന്നും അപ്രതീക്ഷിതമായിരുന്നില്ല. പ്രത്യേകിച്ചും ക്രിക്കറ്റൊരു 'മത'വും അതിനൊരു 'ദൈവ'വുമുള്ള രാജ്യത്ത്. പശ്ചാത്തലം അത്ര സംഘർഷം നിറഞ്ഞതായിരുന്നു. ഹാർദിക്കിന്റെ 'ഞെട്ടിച്ചുകൊണ്ടുള്ള' തിരിച്ചുവരവ് തന്നെ എല്ലാത്തിനും തുടക്കം. ഗുജറാത്തിനെ കേവലം രണ്ട് സീസണില്‍ മാത്രം നയിച്ച് ഒരു തവണ കിരീടം നേടിക്കൊടുത്തു, രണ്ടാം ശ്രമത്തില്‍ ഫൈനലിലുമെത്തി. ഇവിടെ നിന്നും മുംബൈയിലേക്കുള്ള ചുവടുമാറ്റം ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം അമ്പരിപ്പിച്ചിരുന്നു.

ഹാർദിക്കിന്റെ രണ്ടാം വരവ്

ഹാർദിക്കിന്റെ വരവ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ രോഹിത് ശർമയുടെ നായക കസേരയ്ക്ക് ഇളക്കം സംഭവിച്ചിരുന്നു, പ്രെഡിക്ടബിള്‍! അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത് മുംബൈ ഇന്ത്യന്‍സിനെ മുംബൈ ഇന്ത്യന്‍സാക്കിയ രോഹിതിന്റെ നായകമികവ് ഇടിഞ്ഞു തുടങ്ങിയിരുന്നോ? ഇല്ലായെന്നാണ് ഉത്തരം. ജസ്പ്രിത് ബുംറ, ജോഫ്ര ആർച്ചർ, സൂര്യകുമാർ യാദവ് തുടങ്ങിയ സുപ്രധാന താരങ്ങളുടെ അഭാവത്തില്‍ ഒരു യുവനിരയെ നയിച്ച് കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് വരെ എത്തിക്കാന്‍ രോഹിതിന് കഴിഞ്ഞിരുന്നു. ഐപിഎല്ലില്‍ അത് എളുപ്പം സാധിക്കുന്ന ഒന്നല്ല.

മുംബൈ എന്ന ടീമിന്റെ നട്ടെല്ല് കൂറ്റനടിക്കാരായ ഓള്‍ റൗണ്ടർമാരായിരുന്നു. കീറോണ്‍ പൊള്ളാർഡ്, ഹാർദിക്ക്, ക്രുണാല്‍ പാണ്ഡ്യ എന്നിവർക്കായിരുന്നു ഇതിന്റെ ഉത്തരവാദിത്തം. പൊള്ളാർഡ് കളമൊഴിഞ്ഞു, മെഗാതാരലേലത്തില്‍ ഹാർദിക്കിനെ ഗുജറാത്തും ക്രുണാലിനെ ലഖ്നൗവും റാഞ്ചി. മുംബൈ കണ്ട പരിഹാരങ്ങളൊന്നും മൂവർക്കും പകരമായിരുന്നില്ല. അവിടെയാണ് ഹാർദിക്കിനെ തിരികെ എത്തിക്കാനുള്ള നീക്കത്തിന്റെ പ്രസക്തി. തിരിച്ചുവരവില്‍ നായകസ്ഥാനം ഹാർദിക്ക് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍.

ഇന്ത്യയെ മൂന്ന് ഫോർമാറ്റുകളിലും നയിക്കുന്ന രോഹിതിന്റെ സാന്നിധ്യത്തില്‍ ഹാർദിക്കിന്റെ ആവശ്യം ന്യായമാണോയെന്ന് പല ദിക്കില്‍ നിന്നും ചോദ്യം ഉയർന്നു. ഗുജറാത്തിനൊപ്പമുള്ള നായകമികവ് ഹാർദിക്കിന്റെ ആവശ്യത്തെ ന്യായീകരിക്കുന്നതാണ്. മറുവശത്ത് കഴിഞ്ഞ മൂന്ന് സീസണിലും മുംബൈയുടെ ബെഞ്ച്‌മാർക്കിനൊപ്പമെത്താന്‍ മുംബൈക്ക് കഴിഞ്ഞിട്ടുമില്ല.

രോഹിതില്‍ ഉത്തരമില്ല

ഒരു ഫ്രാഞ്ചൈസി, അല്ലെങ്കില്‍ ക്ലബ്ബ്, എപ്പോഴും ഭാവി മുന്നില്‍ക്കണ്ടായിരിക്കും തീരുമാനങ്ങള്‍ എടുക്കുക. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ തലമുറമാറ്റമെന്ന മുംബൈയുടെ ന്യായീകരണം ശരിവെക്കാം. പക്ഷെ, ആരാധകർക്ക് മുന്നില്‍ ഹാർദിക്ക് വില്ലനായതിന് രണ്ടുണ്ട് കാരണം.

സീസണിന് മുന്നോടിയായി ഹാർദിക്കും മുംബൈയുടെ മുഖ്യപരിശീലകന്‍ മാർക്ക് ബൗച്ചറും നടത്തിയ വാർത്താസമ്മേളനത്തില്‍ അരങ്ങേറിയ സംഭവങ്ങളായിരുന്നു ഒന്നാമത്തേത്. രോഹിതിനെ നായക സ്ഥാനത്തുനിന്ന് നീക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് ഹാർദിക്കിന് മറുപടി ഒരു പുഞ്ചിരിയും ബൗച്ചറിന്റെ മറുപടി നിശബ്ദതയുമായിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി നല്‍കാന്‍ ഇരുവർക്കും ബാധ്യസ്ഥതയുണ്ടായിരുന്നു.

രണ്ട്, രോഹിതിനോടുള്ള ആരാധന. മുംബൈ ആരാധകരെ സംബന്ധിച്ചടത്തോളം അവർക്ക് എല്ലാം നേടിക്കൊടുത്തത് ടീമിന്റെ ഐക്കണായ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറല്ല, രോഹിതാണ്. നയിച്ച പത്ത് സീസണുകളില്‍ അഞ്ച് കിരീടവും ഒരു ചാമ്പ്യന്‍സ്‌ ട്രോഫിയും സ്വന്തമാക്കി, മറ്റൊരു നായകനും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം.

ഇതിനെല്ലാം ഉപരിയായി 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കലാശപ്പോര് വരെ 'നിസ്വാർഥ' പ്രകടനങ്ങളിലൂടെ എത്തിച്ച നായകനെന്ന ഖ്യാതിയിലേക്ക് രോഹിത് ഉയർന്നിരുന്നു. വിമർശകർ പോലും രോഹിതിനെ പിന്തുണച്ച സമയം. കിരീടം നേടാതെ കണ്ണുനിറഞ്ഞ് കളം വിട്ട നായകനെ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ചേർത്തുനിർത്തിയ നാളുകളിലായിരുന്നു മുംബൈയുടെ തീരുമാനം എത്തിയത്. ആരാധകരുടെ 'രോഹിത് വൈകാരികത' മുംബൈയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയായി.

ആരാധകരും ഹാർദിക്കും

ഹാർദിക്കിനെ നായകനായി പ്രഖ്യാപിച്ച ആ ദിനം ഇരുട്ടി വെളുത്തപ്പോള്‍ തന്നെ പത്ത് ലക്ഷത്തോളം പേരാണ് മുംബൈയെ സമൂഹ മാധ്യമങ്ങളില്‍ അണ്‍ഫോളൊ ചെയ്തത്. ഇത് ഗ്യാലറികളും പ്രതിഫലിച്ചു. മുംബൈയുടെ ആദ്യ മത്സരം ഗുജറാത്തിനെതിരെ. ഹാർദിക്കിന്റെ മുന്‍ ടീം. ഹാർദിക്ക് മൈതാനത്ത് കളത്തിലിറങ്ങിയ നിമിഷം മുതല്‍ ഗുജറാത്തിലെ കാണികള്‍ കൂവലുകള്‍ക്കൊണ്ടും രോഹിത്... രോഹിത്... വിളികള്‍ക്കൊണ്ടുമായിരുന്നു സ്വീകരിച്ചത്. ഒരു ഇന്ത്യന്‍ താരത്തിന് ഇന്ത്യന്‍ മൈതാനത്ത് ഈ സ്ഥിതിയുണ്ടാകുന്നത് ആദ്യമാണെന്ന് കമന്ററി ബോക്സിലിരുന്ന് കെവിന്‍ പീറ്റേഴ്സണ്‍ പറഞ്ഞു.

ഗുജറാത്ത് ആരാധകരുടെ രോഷത്തിന് പിന്നില്‍ ഹാർദിക്കിന്റെ ചുവടുമാറ്റമായിരുന്നെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഗുജറാത്തിലെ കാണികള്‍ തുടങ്ങിയത് ഹൈദരാബാദിലെ ഗ്യാലറികളും തുടർന്നു. ഇന്നലെ രാജസ്ഥാനെതിരായി സ്വന്തം മൈതാനത്ത്, വാങ്ക്‌ഡെയില്‍, ഹാർദിക്ക് തന്നെയായിരുന്നു വില്ലന്‍. ടോസിനിറങ്ങിയ നിമിഷം മുതല്‍ ഹാർദിക്കിന് കൂവലുകള്‍ മാത്രം.

എന്നാല്‍ ഇതു തിരുത്തപ്പെടേണ്ടതല്ലെ? ഇത്തരം പ്രവണതകള്‍ക്കെതിരെ രവിചന്ദ്രന്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്രതികരിച്ചുകഴിഞ്ഞു. ആരാധകരുടെ ടോക്സിസിറ്റി അതിരു കടന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ. സച്ചിനും പോണ്ടിങ്ങും ഉള്‍പ്പെടെയുള്ളവർ രോഹിതിന്റെ കീഴില്‍ മുംബൈക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. അന്നുണ്ടാകാത്ത പൊല്ലാപ്പാണ് ഇന്ന്.

രോഹിത് ഒരു കംപ്ലീറ്റ് ടീം പ്ലെയറാണെന്ന വസ്തുത മനസിലാക്കാനും അവർ തയാറാകുന്നില്ല. താന്‍ റെക്കോഡുകള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടിയല്ല, അള്‍ട്ടിമേറ്റായി ടീമിന്റെ വിജയമാണ് വലുതെന്ന് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്ത താരമാണ് രോഹിത്. അതുകൊണ്ട് ഹാർദിക്കിന്റെ കീഴില്‍ കളിക്കുക എന്നത് രോഹിതിനെ പോലൊരാള്‍ക്ക് പ്രശ്നവുമല്ല.

ഹാർദിക്ക് ഇന്ന് പോരാടുന്ന ഒരു ടീമിനെതിരെ മാത്രമല്ല. ഇന്ത്യയിലെ ഒരു വിഭാഗം ക്രിക്കറ്റ് ആരാധകരോട് ഒന്നടങ്കമാണ്. അയാള്‍ക്കിന്ന് സ്വന്തം ടീമിനെ ജയിപ്പിച്ചാല്‍ മതിയാകില്ല, ആരാധകരെ തൃപ്തിപ്പെടുത്തേണ്ട ആവശ്യം കൂടിയുണ്ട്. ഒരു കിരീടം നേടിയാല്‍ വിമർശകരെ ഒപ്പം നിർത്താന്‍ ഹാർദിക്കിനാകും. അതാണോ ശരിയെന്ന വലിയ ചോദ്യവും നിലനില്‍ക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ