CRICKET

കളിയാക്കലില്‍ നിന്ന് കൈയടിയിലേക്ക്; ഹാർദിക്കിന്റെ 'പ്രതികാരം'

ഹരികൃഷ്ണന്‍ എം

അഹമ്മദാബാദില്‍ തുടങ്ങി വാങ്ക്ഡെയിലവസാനിച്ച മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അയാൾ നേരിട്ടത് കൂവലുകള്‍ നിലയ്ക്കാത്ത ഗ്യാലറികളെയായിരുന്നു. അയാളോടുള്ള ആരാധകരുടെ മനോഭാവം ഒരു ഇന്ത്യൻ താരവും മുൻപ് അനുഭവിച്ചിട്ടുണ്ടാകില്ല. അയാളുടെ തകർച്ച ആസ്വദിക്കാനായിരുന്നു അന്ന് കാണികള്‍ക്ക് പ്രിയം. ആഴ്‌ചകള്‍ക്കിപ്പുറം ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയിലേക്കടുക്കുമ്പോള്‍, അതേ ആരാധകർ അയാള്‍ക്കായി കയ്യടിക്കുന്നു, വാഴ്‌ത്തിപ്പാടുന്നു...ഹാർദിക്ക് പാണ്ഡ്യ, റിമെമ്പർ ദ നെയിം.

മുംബൈ ഇന്ത്യൻസിന്റെ നായക പദവി ഹാർദിക്കിന്റെ കയ്യിലെത്തിയ നാളിലാണ് കഥയുടെ ആദ്യ ഭാഗം ആരംഭിക്കുന്നത്. രോഹിത് ശർമയെന്ന മുംബൈയുടെ ഐക്കണെ മാനേജ്മെന്റ് നീക്കിയ ആ ദിനം ഇരുട്ടിവെളുത്തപ്പോഴേക്കും ഹാർദിക്കിന്റെ സീസണ്‍ എത്തരത്തിലായിരിക്കണമെന്ന് ആരാധകക്കൂട്ടം തീരുമാനിച്ചിരുന്നു. പന്തെടുത്തപ്പോഴും, ബാറ്റേന്തിയപ്പോഴും ഹാർദിക്കിനെ തേടിയെത്തിയത് കാതടപ്പിക്കുന്ന കൂവലുകള്‍. സമൂഹ മാധ്യമങ്ങളില്‍ ഹാർദിക്കിനെതിരെ അധിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടി.

കളത്തിന് പുറത്ത് മാത്രമല്ല അകത്തും കൈപ്പേറിയ സീസണായിരുന്നു ഹാർദിക്കിന്. 14 മത്സരങ്ങളില്‍ നിന്ന് നേടിയത് 216 റണ്‍സ് മാത്രം, 11 വിക്കറ്റുകള്‍ സ്വന്തം പേരില്‍ ചേർക്കാനായെങ്കിലും എക്കണോമി 10.75 ആയിരുന്നു. വ്യക്തിപരമായി മാത്രമല്ല നായകനെന്ന നിലയിലും സമ്പൂർണ പരാജയം. ഗുജറാത്തിന് സ്വപ്നതുല്യമായ രണ്ട് സീസണ്‍ സമ്മാനിച്ച ഹാർദിക്കിന്റെ കീഴില്‍ മുംബൈ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തായി. എല്ലാത്തിനുമൊടുവില്‍ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഇടം നേടിയപ്പോഴും പരിഹാസപ്പെരുമഴ തന്നെ. കാരണം ലോകകപ്പിനുള്ള ടിക്കറ്റിനൊത്ത കണക്കുകള്‍ ഹാർദിക്കിന്റെ പേരിലുണ്ടായിരുന്നില്ല.

ഇനി രണ്ടാം ഭാഗം, പതിറ്റാണ്ട് നീണ്ട ഐസിസി കിരീട വരള്‍ച്ചയ്ക്ക് അവസാനം കാണാൻ അമേരിക്കയിലേക്ക് രോഹിതിന്റെ കീഴില്‍ ഇന്ത്യ വണ്ടി കയറുന്നു. ആദ്യ കളിയില്‍ അയർലൻഡിനെതിരെ മൂന്ന് വിക്കറ്റുമായി ഹാർദിക്ക്. പാകിസ്താനെതിരായ നിർണായക മത്സരത്തില്‍ രണ്ട് വിക്കറ്റ്. വിമർശകരുടേയും കൂവലുകളുടേയും ശബ്ദം പതിഞ്ഞു തുടങ്ങി. മൂന്നാം മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ നാല് ഓവറില്‍ കേവലം 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്. ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രം ഏഴ് വിക്കറ്റുകള്‍. സൂപ്പർ എട്ടിലേക്ക് കടക്കുമ്പോള്‍ ഹാർദിക്കിനായി ബാനറുകള്‍ ഗ്യാലറികള്‍ ഉയർന്നു. അധിക്ഷേപങ്ങള്‍ പുകഴ്‌ത്തുപാട്ടുകളായി മാറി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഹാർദിക്ക് എന്ന ബൗളറെയാണ് കണ്ടതെങ്കില്‍ സൂപ്പർ എട്ടില്‍ ഹാർദിക്കെന്ന ബാറ്ററായിരുന്നു അവതരിച്ചത്. രോഹിതും വിരാട് കോഹ്ലിയും പരാജയപ്പെട്ടിടത്ത് ഹാർദിക്കിന്റെ ബാറ്റ് റണ്‍സ് കണ്ടെത്തി. അഫ്ഗാനിസ്താനെതിരെ 24 പന്തില്‍ 32 റണ്‍സ്. പരുക്കിന് മുൻപുള്ള മൈറ്റി ഹാർദിക്കിന്റെ നിമിഷങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രകടമായി അന്ന്. ഇന്നലെ ബംഗ്ലാദേശിനെതിരെ അത് പൂർണതയിലേക്ക് എത്തുകയായിരുന്നു. 27 പന്തില്‍ 50 റണ്‍സ്, നാല് ഫോറും മൂന്ന് സിക്സും. പന്തെറിഞ്ഞൊരു വിക്കറ്റും നേടി കളിയിലെ താരമായാണ് ഹാർദിക്ക് മൈതാനം വിട്ടത്. ആരാധകർ മുംബൈയുടെ വില്ലനെന്ന് ചാപ്പകുത്തിയതില്‍ നിന്ന് ഇന്ത്യയുടെ ഹീറോയിലേക്ക്.

കെട്ടകാലം ഹാർദിക്ക് അതീജീവിച്ചു കഴിഞ്ഞു, ദാരിദ്ര്യത്തിനോടും പ്രതിസന്ധിയോടുമെല്ലാം പടവെട്ടി നീലക്കുപ്പായമണിഞ്ഞ ഹാർദിക്കിന്റെ ആത്മവിശ്വാസം തകർക്കാനുള്ള ശേഷി വിമർശനങ്ങൾക്കും അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമില്ല. ടീം പ്രഖ്യാപനത്തിന് ശേഷം മുഖ്യ സെലക്ടർ അജിത് അഗാർക്കർ പറഞ്ഞ വാക്കുകള്‍ ഓർക്കുകയാണ്. ഹാർദിക്കിന് പകരം വയ്ക്കാൻ ഇന്ത്യയില്‍ മറ്റാരുമില്ല.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്