ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനമായ ഇന്ന് പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ് ഇന്ന് കളത്തിലിറങ്ങില്ല. പേശിക്കേറ്റ പരുക്കിനെത്തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് റൗഫിനെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ പാക് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. താരത്തിന്റെ പരുക്ക് ഗൗരവമുള്ളതാണോയെന്നതു സംബന്ധിച്ച് വെളിപ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയാറായില്ല.
മഴ കളി തടസപ്പെടുത്തിയ ഇന്നലെയാണ് റൗഫിന് പരുക്കേറ്റത്. കഠിനമായ വേദനയെത്തുടര്‍ന്ന് താരത്തെ ഇന്നലെ വൈകിട്ട് എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. തുടര്‍ന്നാണ് താരത്തെ ഇന്ന് കളത്തിലിറക്കേണ്ടെന്ന് തീരുമാനിച്ചത്. ഇന്നലെ അഞ്ചോവര്‍ എറിഞ്ഞ റൗഫ് 27 റണ്‍സ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും നേടാനും കഴിഞ്ഞില്ല.
ലോകകപ്പിനു മുന്നില്‍ നില്‍ക്കെ പരുക്ക് വഷളാക്കേണ്ട എന്ന കാരണത്താലാണ് ഇന്ന് റൗഫിനെ കളത്തിലിറക്കേണ്ട എന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പാകിസ്താന്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ആവശ്യമെങ്കില്‍ താരം ഇറങ്ങുമെന്നും അല്ലാത്ത പക്ഷം ഇന്ന് ബൗളിങ്ങിനോ ഫീല്‍ഡിങ്ങിനോ റൗഫ് ഉണ്ടാകില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.