ഇന്നലെ ഇന്ത്യ പാകിസ്താന്‍ മത്സരത്തിനു ശേഷം സോഷ്യല്‍ മീഡിയയിൽ അര്‍ഷ്ദീപ് സിങിനെതിരെ വിദ്വേഷ പ്രചാരണം. അര്‍ഷ്ദീപിനെ ഖാലിസ്ഥാനിയാക്കി ചിത്രീകരിച്ചണ് വിദ്വേഷ പ്രചാരണം. ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ഇന്ത്യ പാകിസ്താന്‍ പോരാട്ടത്തിനിടെ അര്‍ഷ്ദീപ് നഷ്ടപ്പെടുത്തിയ ക്യാച്ച് ആണ് ഇപ്പോഴത്തെ ഖാലിസ്ഥാനി എന്ന് വിളിച്ചുള്ള അധിക്ഷേപത്തിന് കാരണമായത്.
ഇന്നലെ നടന്ന സൂപ്പര്‍ഫോര്‍ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 18-ാം ഓവറില്‍ രവി ബിഷ്‌ണോയിയുടെ ഓവറില്‍ അര്‍ഷ്ദീപ് നഷ്ടപ്പെടുത്തിയ ആസിഫ് അലിയുടെ ക്യാച്ചാണ് ഇന്ത്യയ്ക്ക് പരാജയത്തിലേക്കുള്ള വഴി വെട്ടിയതെന്നാണ് വിദ്വേഷ പ്രചാരകർ സോഷ്യൽ മീഡിയയിൽ പറയുന്നത്.
പാകിസ്താന്‍ മത്സരത്തില്‍ വിജയിച്ചതോടെ അര്‍ഷ്ദീപിനെതിരായ വിദ്വേഷ പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നു പിടിച്ചത് വളരെ വേഗത്തിലായിരുന്നു. അര്‍ഷ്ദീപിനെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും ധാരാളം പേരാണ് രംഗത്തെത്തുന്നത്. അര്‍ഷ്ദിപിനെ പിന്തുണച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് മുന്നോട്ട് വന്നു. ''യുവാക്കളെ വിമര്‍ശിക്കുന്നത് നിര്‍ത്തൂ ആരും മനപ്പൂര്‍വ്വം ക്യാച്ചുകള്‍ ഉപേക്ഷിക്കില്ല.. ഞങ്ങളുടെ ആണ്‍ കുട്ടികളില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അര്‍ഷ് സ്വര്‍ണമാണ് '' ഹര്‍ഭജന്‍ സിങ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് സ്വന്തം ആളുകളെ ഇറക്കി വിടുന്ന ആളുകളെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ പാകിസ്താനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ സ്‌ക്വാഡിലെ ഒരേയൊരു മുസ്ലീം ആയിരുന്ന ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് മുസ്ലീം ആയതിനാല്‍ ഷമിയെ പാകിസ്താനി എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇന്ന് അര്‍ഷദീപ് സിഖ് വിഭാഗത്തില്‍ പെട്ട വ്യക്തിയായതിനാല്‍ അയാള്‍ ഖാലിസ്ഥാനിയാക്കപ്പെട്ടുവെന്നും ചിലർ ട്വിറ്ററിൽ കുറിച്ചു.