വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മെയറിന് ടി20 ലോകകപ്പ് നഷ്ടമായി. വൈകിയെത്തിയത് മൂലം ഓസ്‌ട്രേലിയയ്ക്കുള്ള ഫ്ലൈറ്റ് നഷ്ടമായതോടെയാണ് ഹെറ്റ്മെയറിന് വിൻഡീസ് ടീമിലെ സ്ഥാനം പോയത്. ഹെറ്റ്മെയർക്ക് പകരം ഷമർ ബ്രൂക്സിനെ ടീമിൽ ഉൾപ്പെടുത്തി.
ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ ഒന്നിനാണ് വെസ്റ്റ് ഇൻഡീസ് ടീം യാത്ര തിരിച്ചത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഹെറ്റ്മെയർ അന്ന് ടീമിനൊപ്പം ചേർന്നില്ല. പിന്നീട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഒക്ടോബർ മൂന്നിന് ഗയാനയിൽ നിന്ന് ഹെറ്റ്മെയറിന് മാത്രമായി ഫ്ലൈറ്റ് ബുക്ക് ചെയ്ത് നൽകുകയായിരുന്നു. എന്നാൽ സമയത്ത് എത്താൻ സാധിക്കാത്തതിനാൽ ആ ഫ്ലൈറ്റ് മിസാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ലോകകപ്പ് ടീമിൽ നിന്ന് പുറത്താക്കിയത്.
പുറത്താക്കൽ തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് തലവൻ ജിമ്മി ആഡംസ് പറഞ്ഞു. ഏതെങ്കിലും തരത്തിൽ യാത്ര വൈകിയാൽ അത് ദോഷം ചെയ്യുമെന്ന് നേരത്തെതന്നെ ഹെറ്റ്മെയയറിനെ അറിയിച്ചതായും അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസ് രണ്ട് ടി20 മത്സരങ്ങളാണ് ഓസ്‌ട്രേലിയയിൽ കളിക്കുക. ആദ്യ മത്സരം നാളെ ക്യൂന്‍സ്‌ലാന്‍ഡിൽ നടക്കും. ലോകകപ്പിൽ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, സിംബാബ്‌വെ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വെസ്റ്റ് ഇൻഡീസ്.