വനിത ക്രിക്കറ്റില്‍ കയ്യെത്തും ദൂരത്ത് പലപ്പോഴും നഷ്ടമായ ലോകകിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹർമൻപ്രീത് കൗറും സംഘവും ഇത്തവണ ദുബായിലെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ടീമിനെ കാത്തിരുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനെതിരെ 58 റണ്‍സിന്റെ കൂറ്റൻ തോല്‍വി വഴങ്ങേണ്ടി വന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവാരത്തിനൊത്തുയരാൻ ഇന്ത്യൻ താരങ്ങള്‍ക്ക് സാധിച്ചില്ല. തോല്‍വി ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്കും തിരിച്ചടിയായി. നെറ്റ് റണ്‍റേറ്റ് -2 ലേക്കും വീണിരുന്നു.
ന്യൂസിലൻഡിനോടേറ്റ പരാജയത്തില്‍ നിന്ന് തിരിച്ചുവരാൻ പാകിസ്താനെതിരെ മികച്ച വിജയം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. എന്നാല്‍, പാകിസ്താനെ ചെറിയ സ്കോറില്‍ ഒതുക്കിയിട്ടും വലിയ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ആറ് വിക്കറ്റിന്റെ ജയം നെറ്റ് റണ്‍റേറ്റ് -1.217 ആക്കി മെച്ചപ്പെടുത്താൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. നിലവില്‍ ന്യൂസിലൻഡ്, ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകള്‍ക്ക് പിന്നിലായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർക്കാണ് സെമിയിലേക്ക് ടിക്കറ്റ് ലഭിക്കുക. ഇന്ത്യയുടെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലാണ്. കേവല വിജയങ്ങള്‍ ഇന്ത്യയെ സഹായിക്കില്ല. അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യ വിജയിക്കുകയും ന്യൂസിലൻഡ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ആറ് പോയിന്റോടെ സെമിയിലേക്ക് കടക്കാനാകും. പാകിസ്താൻ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നുമാത്രമെ വിജയിക്കാനും പാടുള്ളു
പാകിസ്താനും ഇന്ത്യയും അവശേഷിക്കുന്ന മത്സരങ്ങളെല്ലാം വിജയിക്കുകയും ന്യൂസിലൻഡ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലാകും സെമി ഫൈനല്‍ യോഗ്യത നിർണയിക്കുക.
ഇനി, ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തുകയും ഓസ്ട്രേലിയയോട് തോല്‍ക്കുകയും ചെയ്യുകയാണെങ്കില്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ഹർമന്റേയും സംഘത്തിന്റേയും സാധ്യതകള്‍. ന്യൂസിലൻഡ് പാകിസ്താനോടും ഓസ്ട്രേലിയയോടും പരാജയപ്പെടണം, അല്ലെങ്കില്‍ ഓസ്ട്രേലിയ ന്യൂസിലൻഡിനോടും പാകിസ്താനോടും തോല്‍ക്കണം. ഈ സാഹചര്യത്തില്‍ മൂന്ന് ടീമുകള്‍ക്ക് നാല് പോയിന്റാകും. ഇവിടെയും നെറ്റ് റണ്‍റേറ്റ് നിർണായകമാകും.