ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്ന ശേഷം മുപ്പത് വയസ് പിന്നിട്ട ആറ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴാമത്തെ താരമാകാനുള്ള ഒരുക്കത്തിലാണ് രജത് പാട്ടീദാര്‍. 30 വയസും 237 ദിവസവും പ്രായമുള്ളപ്പോള്‍ ദേശീയ ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിച്ച പാട്ടീദാര്‍ ഈ പ്രായത്തില്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബാറ്റര്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ഇതിനു മുമ്പ് സൂര്യകുമാര്‍ യാദവ് മാത്രമാണ് മുപ്പത് വയസിനു ശേഷം ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിച്ച ആദ്യ ഇന്ത്യന്‍ സ്‌പെഷലിസ്റ്റ് ബാറ്റര്‍.
വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മുന്‍ നായകന്‍ വിരാട് കോഹ്ലി പിന്മാറിയതോടെയാണ് പാട്ടീദാറിന് നറുക്ക്‌വീണത്. ആഭ്യന്തരതലത്തില്‍ മധ്യപ്രദേശിനുവേണ്ടി മൂന്നാം നമ്പറിലും നാലാം നമ്പറിലും കാഴ്ചവച്ച മികച്ച പ്രകടനമാണ് ടീം ഇന്ത്യയുടെ പടിവാതില്‍ തുറന്നുകൊടുത്തത്.
ആഭ്യന്തരതലത്തില്‍ പാട്ടീദാറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ അനുപമമാണ്. ഒമ്പതു വര്‍ഷം നീണ്ട ആഭ്യന്തര കരിയറില്‍ 93 ഇന്നിങ്‌സുകളില്‍ നിന്ന് 45.97 ശരാശരിയില്‍ 12 സെഞ്ചുറികളും 22 അര്‍ധസെഞ്ചുറികളും അടക്കം 4000 റണ്‍സാണ് പാട്ടീദാറിന്റെ സമ്പാദ്യം. ബാറ്റിങ്ങിന് അനുകൂലമല്ലാത്ത പിച്ചുകളിലായിരുന്നു പാട്ടീദാറിന്റെ മികച്ച പ്രകടനങ്ങള്‍ എല്ലാം പിറന്നതെനന്നതും ശ്രദ്ധേയമാണ്.
ഇന്ത്യന്‍ മുന്‍ താരവും വിഖ്യാത പരിശീലകനുമായ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കണ്ടെത്തലാണ് രജത് പാട്ടീദാര്‍. മധ്യപ്രദേശ് പരിശീലകനായിരിക്കെ അദ്ദേഹമാണ് പാട്ടീദാറിന് മികവ് തിരിച്ചറിഞ്ഞ് അവസരങ്ങള്‍ നല്‍കിയത്. ചന്ദ്രകാന്ത് പണ്ഡിറ്റ് സ്‌കൂള്‍ ഓഫ് ക്രിക്കറ്റില്‍ നിന്ന് വന്നതിനാലാകാം കോപ്പി ബുക്ക് ശൈലിയിലുള്ള ക്രിക്കറ്റ് ഷോട്ടുകളുടെ അനുപമ ശേഖരമുണ്ട് പാട്ടീദാറിന്റെ പക്കല്‍.
ദേശീയ ടീമിലേക്ക് ഏറെക്കാലം മുമ്പേ ക്ഷണം ലഭിക്കേണ്ടതായിരുന്നു പാട്ടീദാറിന്. എന്നാല്‍ നിര്‍ഭാഗ്യം എപ്പോഴും തിരിച്ചടിയായി. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ എന്നിവര്‍ അണിനിരക്കുന്ന ടീം ഇന്ത്യയില്‍ പാട്ടീദാറിന് ഇടംനല്‍കാന്‍ സെലക്ടര്‍മാര്‍ തയാറായില്ല. മോശം ഫോമിനെത്തുടര്‍ന്ന് പൂജാരയും രഹാനെയും ടീമില്‍ നിന്നു പുറത്തായ സമയത്ത് പകരക്കാരനായി പാട്ടീദാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ആ സമയത്ത് പരുക്ക് തിരിച്ചടിയായി. 2023-ല്‍ ഏറെക്കുറേ പൂര്‍ണമായും പാട്ടീദാര്‍ കളത്തിനു പുറത്തായിരുക്കു. ഉപ്പൂറ്റിക്കേറ്റ പരുക്കാണ് വില്ലനായത്.
വിട്ടുമാറാത്ത പരുക്കിനെത്തുടര്‍ന്ന് ലണ്ടനില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാട്ടീദാര്‍ പിന്നീട് തിരിച്ചുവരവ് ഗംഭീരമാക്കുന്നതാണ് കണ്ടത്. പരുക്കുകാരണം കൈവിട്ടുപോയ സുവര്‍ണാവസരം ഒടുവില്‍ പാട്ടീദാറിനെ തേടിയെത്തുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണമെത്തി. 21-ന് പാളില്‍ നടന്ന നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റവും കുറിച്ചു. ആദ്യ മത്സരത്തില്‍ 16 പന്തില്‍ നിന്ന് 22 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
മലയാളി താരം സഞ്ജു സാംസന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയ മത്സരം അങ്ങനെ പാട്ടീദാറിന് ഇരട്ടിമധുരമാണ് സമ്മാനിച്ചത്. മികച്ച ഫോമിലായിരുന്ന താരത്തെ തുടര്‍ന്നും സെലക്ടര്‍മാര്‍ പരിഗണിച്ചു. അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യന്‍ എ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തി. 158 പന്തുകളില്‍ നിന്ന് 151 റണ്‍സ് നേടിയാണ് താരം ആ തീരുമാനത്തെ ന്യായീകരിച്ചത്.
അതിനു തൊട്ടുമുമ്പ് അതേ എതിരാളികള്‍ക്കെതിരായ ദ്വിദിന മത്സരത്തില്‍ 111 റണ്‍സ് നേടിയും പാട്ടീദാര്‍ അമ്പരപ്പിച്ചിരുന്നു. അപ്പോഴേ സെലക്ടര്‍മാര്‍ തീരുമാനം ഉറപ്പിച്ചു കാണണം. എന്നാല്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരടങ്ങിയ ബാറ്റിങ് നിരയില്‍ ആരെ ഒഴിവാക്കി പട്ടീദാറിന് അവസരം നല്‍കുമെന്നതായിരുന്നു അവരെ വലച്ചത്. ഒടുവില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പിന്മാറാന്‍ കോഹ്ലി തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
തിരിച്ചടികളില്‍ പതറാതെ പൊരുതാനുള്ള മനോബലമാണ് പാട്ടീദാറിന്റെ മറ്റൊരു കരുത്ത്. 2022 ഐപിഎല്‍ താരലേലത്തിനു പിന്നാലെ അത് ക്രിക്കറ്റ് ലോകം കണ്ടതാണ്. ലേലത്തില്‍ ഒരു ക്ലബിനും താല്‍പര്യമില്ലാതെ 'അണ്‍സോള്‍ഡ്' ആയ പാട്ടീദാര്‍ അതിന്റെ ക്ഷീണം മാറ്റിയത് തൊട്ടുപിന്നാലെ ആരംഭിച്ച രഞ്ജി ക്രിക്കറ്റ് സീസണല്‍ മധ്യപ്രദേശിനു വേണ്ടി തുടര്‍ച്ചയായി രണ്ട് അതിവേഗ അര്‍ധസെഞ്ചുറി നേടിക്കൊണ്ടാണ്. ആ സീസണില്‍ ഗ്രൂപ്പ് സ്‌റ്റേജില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് 83.75 ശരാശരിയില്‍ 335 റണ്‍സാണ് നേടിയത്.
ഈ പ്രകടനം ഐപിഎല്‍ ടീമുകളുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. അതേ സീസണില്‍ പാട്ടീദാറിനെ പകരക്കാരനായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു സ്വന്തമാക്കുകയും ചെയ്തു. ചലഞ്ചേഴ്‌സിന്റെ പരിശീലകന്‍ മൈക് ഹെസന്റെ ടെലിഫോണ്‍ കോള്‍ എത്തുമ്പോള്‍ വിവാഹ ഒരുക്കങ്ങളിലായിരുന്നു താരം. രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ കല്യാണം മാറ്റിവച്ച് ഐപിഎല്‍ കളിക്കാന്‍ പോയ താരം ഐപിഎല്‍ ചരിത്രത്തില്‍ പ്ലേ ഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ അണ്‍ക്യാപ്ഡ് താരം എന്ന ബഹുമതി സ്വന്തമാക്കിയാണ് മടങ്ങിയത്.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയായിരുന്നു ആ പ്രകടനം. പിന്നാലെ ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ തകര്‍പ്പനൊരു അര്‍ധസെഞ്ചുറിയും നേടി. ആ സീസണില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 152.50 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 333 റണ്‍സാണ് പാട്ടീദാര്‍ നേടിയത്. ഐപിഎല്ലിലെ ഫോം രഞ്ജി ട്രോഫിയിലും തുടര്‍ന്നു. മധ്യപ്രദേശിനു വേണ്ടി രഞ്ജിയുടെ നോക്കൗട്ട് മത്സരങ്ങളില്‍ 80.75 ശരാശരിയില്‍ 323 റണ്‍സാണ് താരം നേടിയത്. അതില്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരേ മധ്യപ്രദേശിനെ കിരീടജയത്തിലേക്ക് നയിച്ച സെഞ്ചുറിയും ഉള്‍പ്പെടും.
കഴിഞ്ഞ മൂന്നു മാസത്തിനിടെ കളിച്ച എല്ലാ ഫോര്‍മാറ്റിലും ആയിരം റണ്‍സിനടത്തു വീതം സ്‌കോര്‍ ചെയ്യാന്‍ പാട്ടീദാറിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കളിച്ച എല്ലാ നോക്കൗട്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറിയില്‍ കുറാതെ സ്‌കോര്‍ ചെയ്യാനുമായി. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ ഇന്ത്യ എ ടീമില്‍ അരങ്ങേറിയ പാട്ടീദാര്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികളാണ് സ്വന്തമാക്കിയത്. ഈ പ്രകടനങ്ങളൊക്കെത്തന്നെയാണ് ഇപ്പോള്‍ സാക്ഷാല്‍ വിരാട് കോഹ്ലിയുടെ പകരക്കാരനായി ടീം ഇന്ത്യയില്‍ എത്തിച്ചതും.
ഒരു പേസ് ബൗളറാകാന്‍ ആഗ്രഹിച്ച്, സ്പിന്നറായി കളിച്ചു തുടങ്ങി, ഇപ്പോള്‍ ഒരു ബാറ്ററായി മാറിയ രജത് പാട്ടീദാറിനെ സംബന്ധിച്ച് ദേശീയ ടീമിലേക്കുള്ള പ്രവേശനം വലിയ നേട്ടം തന്നെയാണ്. പേസ് ബൗളറായാണ് പാട്ടീദാര്‍ ക്രിക്കറ്റ് ആരംഭിക്കുന്നത്. പതിനെട്ടാം വയസുവരെ സംസ്ഥാന തലത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. അതുകൊണ്ടു വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് ഇടംപിടിക്കാനായി പിന്നീട് ശ്രമം. അങ്ങനെ പേസ് ബൗളിങ് ഉപേക്ഷിച്ച് ഓഫ്‌സ്പിന്നിലേക്ക് തിരിഞ്ഞു. എന്നാല്‍ ഒരു 'ലിഗമെന്റ് ഇന്‍ജുറി' താരത്തെ വീണ്ടും മാറ്റിച്ചിന്തിപ്പിച്ചു.
പരുക്കിനെത്തുടര്‍ന്ന് ബൗളിങ് ഒരു പ്രശ്‌നമായി മാറിയപ്പോഴാണ് ഇന്ത്യന്‍ മുന്‍ താരവും മധ്യപ്രദേശ് നായകനുമായിരുന്ന അമയ് ഖുറെയ്‌സിയയുടെ ഉപദേശപ്രകാരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. പിന്നീട് രജത് പാട്ടീദാറുടെ ഏറ്റവും വലിയ കരുത്ത് ബാറ്റിങ് മികവായി. സ്പിന്നിനെ കളിക്കാന്‍ പ്രത്യേക മികവാണ് താരത്തിന്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബറോഡയ്‌ക്കെതിരേ സെഞ്ചുറി നേടിയാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത് തന്നെ. അന്ന് രണ്ട് ഇന്നിങ്‌സിലും എട്ടുവിക്കറ്റ് വീതം വീഴ്ത്തിയ ഇപ്പോള്‍ കേരളത്തിനു വേണ്ടി കളിക്കുന്ന ഓഫ് സ്പിന്നര്‍ ജലജ് സക്‌സേനയുടെ മികവില്‍ മൂന്നു ദിനം കൊണ്ട് മധ്യപ്രദേശ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 113 റണ്‍സും രണ്ടാമിന്നിങ്‌സില്‍ 40 റണ്‍സുമായിരുന്നു പാട്ടീദാറിന്റെ സമ്പാദ്യം.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആ സെഞ്ചുറിയെ രജത് പാട്ടീദാര്‍ കണക്കാക്കുന്നത്. ഇപ്പോള്‍ ഏറെ വൈകി ദേശീയ ടീമിനായി കളിക്കാനുള്ള ലഭിച്ച അവസരവും അതേപോലൊരു മികച്ച ഇന്നിങ്‌സാണ് പാട്ടീദാറില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. ഇന്ന് ഹൈദരാബാദില്‍ ആദ്യ ടെസറ്റ് ആരംഭിക്കാനിരിക്കെ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ വിദൂര സാധ്യതമാത്രമാണ് താരത്തിനുള്ളത്. യശ്വസി ജയ്‌സ്വാളും നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍മാരായി ഇറങ്ങുന്ന ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റുമാകും മധ്യനിരയില്‍ ഉണ്ടാകുക. അതിനാല്‍ പാട്ടീദാറിന് കാത്തിരുന്നേ മതിയാകൂ. പക്ഷേ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' ഗെയിം കളിക്കാന്‍ കെല്‍പുള്ള ഒരു താരം ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ടീം ഇന്ത്യക്ക് കരുത്തുപകരും. അധികം വൈകാതെ പാട്ടീദാറിന് അവസരം നല്‍കാന്‍ അത് ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുമെന്നും ഉറപ്പാണ്.