അഫ്ഗാനിസ്താന് ആദ്യ ഏകദിന ലോകകപ്പ് മത്സരത്തിനായി 2015ല്‍ മനുക ഓവലിലെ മൈതാനത്തിറങ്ങുമ്പോള്‍ ഇബ്രാഹിം സദ്രാന് പ്രായം 14 വയസ്. വർഷങ്ങളായി നിരവധി ബോംബ്-ചാവേർ ആക്രമണങ്ങളും യുദ്ധവും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച അഫ്ഗാനിസ്താനിലെ ഖോസ്റ്റ് നഗരത്തില്‍ 2001ലാണ് സദ്രാന്റെ ജനനം. രണ്ട് പതിറ്റാണ്ടിനിപ്പുറം ലോകക്രിക്കറ്റ് വേദിയില്‍ അഫ്ഗാനായി ചരിത്രം കുറിച്ചിരിക്കുകയാണ് സദ്രാന്‍.
ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ അഫ്ഗാനിസ്താന്റെ ആദ്യ സെഞ്ചുറി പിറന്നത് സദ്രാന്റെ ബാറ്റില്‍നിന്നായിരുന്നു. കഴിഞ്ഞ രണ്ട് ഏകദിന ലോകകപ്പുകളിലും അഫ്ഗാന്റെ ഒരു താരത്തിനും കഴിയാതെ പോയത് മിച്ചല്‍ സ്റ്റാർക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരടങ്ങിയ ഓസീസിന്റെ ബൗളിങ് നിരയ്ക്കെതിരെ സദ്രാന്‍ സാധ്യമാക്കി. അസാമാന്യ സൂക്ഷ്മതയോടെയും കരുതലോടെയും ക്രീസില്‍ നിലകൊണ്ട് 143 പന്തുകള്‍ അതിജീവിച്ച് 129 റണ്‍സുമായാണ് ചരിത്രത്തിലേക്ക് താരം ബാറ്റ് ഉയർത്തിയത്.
പക്ഷെ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇരട്ട സെഞ്ചുറി മികവില്‍ അഫ്ഗാനെ ഓസ്ട്രേലിയ കീഴടക്കിയപ്പോള്‍ സദ്രാന്റെ നേട്ടത്തിന്റെ തിളക്കം അല്‍പ്പം കുറഞ്ഞെന്ന് പറയാം.
ടാലന്റ് എന്ന തലക്കെട്ടോടെ തുടക്കം
ക്വാളിറ്റി സ്പിന്നർമാരെ ലോക ക്രിക്കറ്റിന് സംഭാവന ചെയ്യുന്നതില്‍ അഫ്ഗാനിസ്താന്‍ മുന്നിലാണ്. റാഷിദ് ഖാന്‍, മുജീബ് ഉർ റഹ്മാന്‍, നൂർ അഹമ്മദ് എന്നിങ്ങനെ നീളുന്നു പട്ടിക. പക്ഷേ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന, അല്ലെങ്കില്‍ സ്ഥിരതയോടെ ബാറ്റ് വീശാനാകുന്ന ഒരു പ്രോപ്പർ ബാറ്ററെ കണ്ടെത്താന്‍ അഫ്ഗാന് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സദ്രാനെന്ന ഇരുപത്തിയൊന്നുകാരനിലൂടെ ആ പോരായ്മ ഒരു പരിധി വരെ പരിഹരിക്കാനായിട്ടുണ്ട് അഫ്ഗാന്.
ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് അന്താരാഷ്ട്ര തലത്തിലേക്കുള്ള സദ്രാന്റെ വളർച്ച വേഗത്തിലായിരുന്നു. 2017ല്‍ മിസ് ഐനാക് റീജിയണ്‍ ടീമിലൂടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറിയ സദ്രാന്‍ 2018ലെ അണ്ടർ 19 ലോകകപ്പിനുള്ള അഫ്ഗാനിസ്താന്‍ ദേശീയ ടീമിലെത്തി. ടൂർണമെന്റില്‍ അഞ്ച് കളികളില്‍ നിന്ന് 186 റണ്‍സുമായി അഫ്ഗാന്റെ ടോപ് സ്കോററായത് സദ്രാനായിരുന്നു.
അണ്ടർ 19 ലോകകപ്പിലെ പ്രകടനം ഒരു വർഷത്തിനുള്ളില്‍ ദേശീയ ടീമിലേക്കുള്ള വാതിലും തുറന്ന് നല്‍കി. 2019ല്‍ തന്നെ മൂന്ന് ഫോർമാറ്റിലും അരങ്ങേറിയ സദ്രാന്റെ മികവ് ശരിക്കും പുറത്തുവന്നത് ഏകദിനത്തിലാണ്. ഇതുവരെ കളിച്ച 27 ഏകദിനങ്ങളില്‍നിന്ന് 52.96 ശരാശരിയില്‍ 1271 റണ്‍സാണ് സദ്രാന്‍ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു എന്നത് താരത്തിന്റെ ബാറ്റിങ് മികവ് വ്യക്തമാക്കുന്നു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരമെന്ന് വിലയിരുത്തപ്പെട്ട ശുഭ്മാന്‍ ഗില്ലിന്റെ പേരില്‍ 41 മത്സരങ്ങളില്‍ നിന്ന് ആറ് സെഞ്ചുറികളാണുള്ളത്.
ലോകകപ്പിലും സദ്രാന്‍ ക്ലാസ്
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലും അഫ്ഗാനിസ്താന് ബാറ്റുകൊണ്ട് നയിക്കുന്നത് സദ്രാനാണ്. എട്ട് മത്സരങ്ങളില്‍നിന്ന് 51.57 ശരാശരിയില്‍ 361 റണ്‍സാണ് താരം ഇതുവരെ നേടിയത്. ഒന്ന് വീതം സെഞ്ചുറിയും അർധസെഞ്ചുറിയും വലം കയ്യന്‍ ബാറ്ററുടെ പേരിലുണ്ട്.
സദ്രാന്റെ ക്ലാസ് ലോകകപ്പ് ആദ്യമായി തിരിച്ചറിഞ്ഞത് പാകിസ്താനെതിരായ മത്സരത്തിലായിരുന്നു. 283 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ സദ്രാന്റെ ഇന്നിങ്സായിരുന്നു അഫ്ഗാനെ ജയത്തിലേക്ക് അടുപ്പിച്ചത്. 113 പന്തില്‍ 87 റണ്‍സായിരുന്നു പാക് ബൗളിങ് നിരയ്ക്കെതിരെ സദ്രാന്‍ സ്വന്തമാക്കിയത്. അനാവശ്യ ഷോട്ടുകള്‍ക്ക് തയാറാകാതെ വിജയം മാത്രം മുന്നില്‍ക്കണ്ടായിരുന്നു അന്ന് സദ്രാന്‍ ബാറ്റ് വീശിയത്.
സെഞ്ചുറി നേടുമെന്ന ആത്മവിശ്വാസം, സച്ചിന് നന്ദി
ചരിത്ര സെഞ്ചുറിക്ക് പിന്നാലെ ലോകകപ്പിനായുള്ള തന്റെ കഠിനാധ്വാനത്തെക്കുറിച്ച് സദ്രാന്‍ പ്രതികരിച്ചിരുന്നു. "എനിക്ക് ഇനിയും സെഞ്ചുറികള്‍ നേടണം. ഈ ടൂർണമെന്റിനായി ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. പാകിസ്താനെതിരെ എനിക്ക് സെഞ്ചുറി നഷ്ടമായി. അത് ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ സാധ്യമാക്കണമെന്നുണ്ടായിരുന്നു. അടുത്ത മൂന്ന് മത്സരത്തിനുള്ളില്‍ സെഞ്ചുറി നേടാനാകുമെന്ന് തോന്നിയിരുന്നു," സദ്രാന്‍ പറഞ്ഞു.
സച്ചിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അതില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തെപ്പറ്റിയും സദ്രാന്‍ സംസാരിച്ചു. "എനിക്ക് സച്ചിനുമായി സംസാരിക്കാനായി. എനിക്ക് പ്രകടിപ്പിക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എനിക്ക് ആത്മവിശ്വാസം പകർന്നു," സദ്രാന്‍ കൂട്ടിച്ചേർത്തു.