അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണർ ശുഭ്മാന്‍ ഗില്‍ ഒന്നാമത്. പാകിസ്താന്‍ നായകന്‍ ബാബർ അസമിനെ പിന്തള്ളിയാണ് ഗില്ലിന്റെ നേട്ടം. ഗില്ലിന് 830 പോയിന്റാണുള്ളത്, ബാബറിന് 824 പോയിന്റും. വിരാട് കോഹ്ലിയും രോഹിത് ശർമയുമാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് രണ്ട് താരങ്ങള്‍. കോഹ്ലി നാലാമതും (770 പോയിന്റ്) രോഹിത് ആറാമതുമാണ് (739 പോയിന്റ്).
ബൗളർമാരുടെ റാങ്കിങ്ങില്‍ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 709 പോയിന്റാണ് സിറാജിനുള്ളത്. താരത്തിന് പുറമെ മൂന്ന് ഇന്ത്യന്‍ ബൗളർമാർ ആദ്യ പത്തിലുണ്ട്. കുല്‍ദീപ് യാദവ് നാലാമതും (661 പോയിന്റ്) ജസ്പ്രിത് ബുംറ എട്ടാമതും (654 പോയിന്റ്) മുഹമ്മദ് ഷമി പത്താമതുമെത്തി (635 പോയിന്റ്).
ഓള്‍റൗണ്ടർമാരുടെ റാങ്കിങ്ങില്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പിലെ പ്രകടനം ഗ്ലെന്‍ മാക്സ്വെല്ലിനെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്.