ഐസിസി പുരുഷ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ വെസ്റ്റിന്‍ഡീസിന് കനത്ത പിഴയും. മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കത്തതിന് മാച്ച് ഫീയുടെ 60% പിഴയാണ് മാച്ച് റഫറി മുഹമ്മദ് ജാവേദ് ചുമത്തിയത്. അനുവദിച്ച സമയം പൂര്‍ത്തിയാകുമ്പോള്‍ വിന്‍ഡീസ് മൂന്നോവര്‍ പിറകിലായിരുന്നു.
സ്ലോ ഓവര്‍ റേറ്റുമായി ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 അനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ബൗളിങ് പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന കളിക്കാര്‍ക്ക് ഓരോ ഓവറിലും അവരുടെ മാച്ച് ഫീയുടെ 20% പിഴ ചുമത്തും. വിന്‍ഡീസ് ക്യാപ്റ്റന്‍ കുറ്റം സമ്മതിക്കുകയും പിഴ അംഗീകരിക്കുകയും ചെയ്തു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരായ സാം നൊഗാജ്‌സ്‌കി, രവീന്ദ്ര വിമലസാരി, തേര്‍ഡ് അമ്പയര്‍ റോളണ്ട് ബ്ലാക്ക്, ഫോര്‍ത്ത് അമ്പയര്‍ അല്ലാഹുദ്ദീന്‍ പലേക്കര്‍ എന്നിവരാണ് ടീമിനെതിരെ കുറ്റം ചുമത്തിയത്.
വിന്‍ഡീസ് ക്യാപ്റ്റന്‍ കുറ്റം സമ്മതിക്കുകയും പിഴ അംഗീകരിക്കുകയും ചെയ്തു
ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ സിക്‌സ് ഘട്ടത്തിലേക്ക് ഇതിനോടകം തന്നെ വെസ്റ്റ് ഇന്‍ഡീസ് യോഗ്യത നേടിയിരുന്നു. എന്നാല്‍ സിംബാബ്വെയോട് പരാജയപ്പെട്ടത് ടീമിന് കനത്ത തിരിച്ചടിയായിരുന്നു. സൂപ്പര്‍ സിക്‌സില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ ക്വാളിഫയറിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടും. ആ മത്സരത്തില്‍ ജയിക്കുന്ന രണ്ടുപേര്‍ ഫൈനലിലേക്കും വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലേക്കും യോഗ്യത നേടുകയും ചെയ്യും.