ട്വന്റി 20 ലോകകപ്പ് ടൂര്‍ണമെന്റിന് അട്ടിമറിയോടെ തുടക്കം. എഷ്യാ കപ്പ് ചാംപ്യന്‍മാരായ ശ്രീലങ്കയെ തകര്‍ത്ത് നമീബിയയ്ക്ക് ഉജ്ജ്വല വിജയം. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ നമീബിയ ഉയര്‍ത്തിയ 163 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 19 ഓവറില്‍ 108 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. 55 റണ്‍സിന്റെ വലിയ തോല്‍വിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്.
നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് നമീബിയ 163 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു. ട്വന്റി 20 ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തുള്ള ശ്രീലങ്കയെ ആണ് 14ാം റാങ്കുകാരായ നമീബിയ അട്ടിമറിച്ചത്.
നമീബിയയ്ക്ക് വേണ്ടി ബെന്‍ ഷികോംഗോ, ബെര്‍ണാഡ് ഷോള്‍ട്സ്, ജാന്‍ ഫ്രൈലിങ്ക്, ഡേവിഡ് വീസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജെജെ സ്മിത്ത് ഒരു വിക്കറ്റും വീഴ്ത്തി. ഫ്രൈലിങ്ക് 28 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 16 പന്തില്‍ 31 റണ്‍സ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുഷന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണ (11), ദസൂന്‍ ഷനക (29), ഭനുക രജപക്‌സ (20), ധനഞ്ജയ ഡി സില്‍വ എന്നിവര്‍ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കാണാനായത്.
അസോസിയേറ്റ് രാജ്യങ്ങളടക്കം എട്ടു ടീമുകളാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയില്‍ ശ്രീലങ്കയ്‌ക്കൊപ്പം നെതര്‍ലന്‍ഡ്‌സ്, യുഎഇ, നമീബിയ എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ വെസ്റ്റിന്‍ഡീസ്, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, സിംബാബവെ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. ഐസിസി റാങ്കിങ്ങിൽ ഒൻപത് മുതൽ 12 വരെയുളള ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങൾ വിജയിച്ചെത്തിയ നാല് ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലുള്ളത്.
രണ്ടു ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ 12-ലേക്ക് യോഗ്യത നേടും. ഇന്ത്യ ഉള്‍പ്പടെയുള്ള ടീമുകള്‍ക്ക് സൂപ്പര്‍ 12-ലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 22 മുതലാണ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അരങ്ങേറുക. ആറു ടീമുകളുടെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പര്‍ 12 പോരാട്ടം നടക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നു പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെമിഫൈനലിലേക്ക് മുന്നേറും.