ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് ഒന്നിലെ മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ എത്തുന്നതെങ്കില്‍ ഓസ്ട്രേലിയയോട് മഴക്കളിയില്‍ തോല്‍വി വഴങ്ങിയാണ് ബംഗ്ലാദേശ് എത്തുന്നത്. സെമി സാധ്യത നിലനിർത്താൻ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. പരാജയപ്പെട്ടാൽ ബംഗ്ലാദേശ് പുറത്താകും.
ഓസ്ട്രേലിയയെ ബംഗ്ലാദേശ് നേരിട്ട ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തില്‍വെച്ചാണ് മത്സരം. ബംഗ്ലാദേശ് - ഓസ്ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിനും മഴഭീഷണിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. മഴമൂലം കളി ഉപേക്ഷിക്കേണ്ടി വന്നാല്‍ ഗ്രൂപ്പ് ഒന്നില്‍ കാര്യങ്ങള്‍ കടുപ്പമാകുക മാത്രമല്ല നെറ്റ് റണ്‍റേറ്റ് ഉള്‍പ്പെടെ സെമി നിർണയത്തില്‍ നിർണായകമാകും.
കാലാവസ്ഥ ഘടകങ്ങള്‍ മാറ്റിനിർത്തിയാല്‍ ഇന്ത്യൻ ടീമിന്റെ പ്രധാന ആശങ്ക ഓപ്പണിങ് കൂട്ടുകെട്ടാണ്. നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ചേരുന്ന സഖ്യത്തിന് ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. നാല് മത്സരങ്ങളില്‍ നിന്ന് 28 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് ടൂർണമെന്റില്‍ നേടാനായിട്ടുള്ളത്. അയർലൻഡിനെതിരെ നേടിയ അർധ സെഞ്ചുറി മാറ്റി നിർത്തിയാല്‍ രോഹിതിനും അവകാശപ്പെടാൻ മികച്ച പ്രകടനങ്ങളില്ല.
ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക്ക് പാണ്ഡ്യ എന്നിവർ തങ്ങളുടെ റോള്‍ ഭംഗിയായി നിർവഹിക്കുമ്പോള്‍ ശിവം ദുബെയുടെ ഫോമാണ് മറ്റൊരു തലവേദന. സമ്മർദ സാഹചര്യത്തില്‍ ദുബെയ്ക്ക് മികവ് പുലർത്താനകുന്നില്ല. അമേരിക്കയ്ക്കെതിരെ 35 പന്തില്‍ 31 റണ്‍സെടുത്തത് മാത്രമാണ് ദുബെയ്ക്ക് ആശ്വസിക്കാനാകുന്ന ഇന്നിങ്സ്. അവിടെയും കൂറ്റനടികളുടെ അഭാവം നിലനിന്നിരുന്നു. സ്പിന്നർമാർക്കെതിരെ ആധിപത്യം പുലർത്താൻ കഴിയുമെന്ന പേരും ലോകകപ്പില്‍ നിലനിർത്താനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ഒരു പരീക്ഷണത്തിന് ഇന്ത്യ തയാറായേക്കും. യശസ്വി ജയ്‌സ്വാള്‍ അല്ലെങ്കില്‍ സഞ്ജു സാംസണ്‍ എന്നിവർക്കാണ് സാധ്യത. ഇടം കയ്യൻ എന്ന ആനുകൂല്യം ജയ്‌സ്വാളിനെ തുണയ്ക്കും. താരം ടീമിലെത്തിയാല്‍ ഓപ്പണറായി തന്നെയാകും കളത്തിലെത്തുക. സഞ്ജുവാണെങ്കില്‍ ഫിനിഷറുടെ റോളായിരിക്കും.
ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടാൻ ഒന്നും തന്നെ ഇല്ലെന്ന് പറയാം. ജസ്പ്രിത് ബുംറ, അർഷദീപ് സിങ്, അക്സർ പട്ടേല്‍, ഹാർദിക്ക് തുടങ്ങിയവരെല്ലാം ഫോമിലാണ്.