ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ന്യുസിലൻഡാണ് ഹർമൻപ്രീത് കൗറിന്റേയും സംഘത്തിന്റേയും എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.
വനിതാവിഭാഗത്തില്‍ ആദ്യ ലോകകിരീടം എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ മൂന്ന് ട്വന്റി 20 ലോകകപ്പില്‍ രണ്ട് തവണ സെമി ഫൈനലിലും ഒരുതവണ കലാശപ്പോരിലുമെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. പക്ഷേ, കിരീടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇത്തവണ പരിചയസമ്പത്തും യുവത്വവും ചേർന്ന നിരയുമായാണ് ഇന്ത്യ ടൂർണമെന്റിനിറങ്ങുന്നത്. അതിനാല്‍ തന്നെ കിരീടപ്രതീക്ഷകളുമുണ്ട്.
സന്നാഹമത്സരങ്ങളില്‍ വെസ്റ്റ് ഇൻഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നേടിയ ആധികാരിക വിജയങ്ങളും ഇന്ത്യയ്ക്കുണ്ടാകും. പക്ഷേ, രണ്ട് സന്നാഹ മത്സരങ്ങളിലും സൂപ്പർ താരങ്ങളായ സ്മ്യതി മന്ദനയും ക്യാപ്റ്റൻ ഹർമപ്രീതും പരാജയപ്പെട്ടത് ആശങ്കയാണ്. ഇരുവരുടേയും സംഭാവനയില്ലാതെ കിരീടസ്വപ്നം സാക്ഷാത്കരിക്കുക ഇന്ത്യയ്ക്ക് എളുപ്പമാകില്ല. ഇരുവർക്കും ടൂർണമെന്റിലെ ആദ്യ മത്സരം നിർണായകമാണ്, ഫോം വീണ്ടെടുക്കുക അനിവാര്യവും.
ശ്രെയങ്ക പാട്ടീലും യാസ്തിക ഭാട്ടിയയും ശാരീരിക ക്ഷമത വീണ്ടെടുത്തതും സന്നാഹ മത്സരങ്ങളും കളിച്ചത് പോസിറ്റീവായ ഒന്നാണ്. മൂന്നാം നമ്പറില്‍ ഹർമൻപ്രീത് തന്നെ കളിക്കുമെന്ന് മുഖ്യപരിശീലകനായ അമോല്‍ മുസുംദാർ വ്യക്തമാക്കി കഴിഞ്ഞു. സാധാരണയായ ലോവർ ഓർഡറിലെത്തി സ്കോറിങ്ങിന് വേഗം കൂട്ടുക എന്ന ഉത്തരവാദിത്തമായിരുന്നു ഹർമനുണ്ടായിരുന്നത്. എന്നാല്‍, റിച്ച ഘോഷ്, സജന സജീവൻ എന്നിവരുടെ സാന്നിധ്യം ടീമിലുള്ളതായിരിക്കാം തന്ത്രമാറ്റത്തിലേക്ക് നയിച്ചത്.
ബൗളിങ്ങില്‍ രണ്ട് സന്നാഹ മത്സരങ്ങളിലും സ്കോർ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ടൂർണമെന്റില്‍ ഇതുവരെ നടന്ന രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു ജയം. രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്കരമാണെന്നാണ് സ്കോർബോർഡും വ്യക്തമാക്കുന്നത്.
ട്വന്റി 20യില്‍ തുടർച്ചയായ എട്ട് തോല്‍വികള്‍ക്ക് ശേഷമാണ് ന്യൂസിലൻഡ് ടൂർണമെന്റിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യം ന്യൂസിലൻഡിനുണ്ടാകും. കിവികളുടെ രണ്ടാം മത്സരം ഓസ്ട്രേലിയക്കെതിരെയാണ്. ഓസീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ 3-0നായിരുന്നു തോല്‍വി.