ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓഫ് സ്പിന്നർ രവിചന്ദ്രന്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ സാക്ക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടത്തിലേക്ക് എത്തിയത്. ടെസ്റ്റില്‍ 500 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അശ്വിന്‍. അനില്‍ കുംബ്ലെയാണ് ആദ്യ താരം. 619 വിക്കറ്റുകളാണ് കുംബ്ലെയുടെ പേരിലുള്ളത്.
മുത്തയ്യ മുരളീധരന്‍ (800 വിക്കറ്റ്), ഷെയിന്‍ വോണ്‍ (708 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്സണ്‍ (695 വിക്കറ്റ്), അനില്‍ കുംബ്ലെ, സ്റ്റുവർട്ട് ബ്രോഡ് (604 വിക്കറ്റ്), ഗ്ലെന്‍ മഗ്രാത്ത് (563 വിക്കറ്റ്), കോർട്ട്ണി വാല്‍ഷ് (519 വിക്കറ്റ്), നാഥാന്‍ ലയണ്‍ (517 വിക്കറ്റ്) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 500 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമാകാനും അശ്വിന് കഴിഞ്ഞു. 98 മത്സരങ്ങളാണ് അശ്വിന് ആവശ്യമായി വന്നത്. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമത് (87 മത്സരം). ടെസ്റ്റില്‍ 50, 100, 150, 200, 350, 400, 450 ടെസ്റ്റ് വിക്കറ്റുകള്‍ വേഗത്തില്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റില്‍ 250, 300 വിക്കറ്റുകള്‍ വേഗത്തില്‍ നേടിയ താരവും അശ്വിന്‍ തന്നെയാണ്.