ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചത് അപൂർവ റെക്കോഡുകളുമായി. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കുറവ് പന്തുകളെറിഞ്ഞ മത്സരമായി രണ്ടാം ടെസ്റ്റ് മാറി. കേവലം നാലര സെഷനുകള്‍ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ ഇരുടീമുകളും കൂടി എറിഞ്ഞത് 642 പന്തുകള്‍ മാത്രമായിരുന്നു.
1932ലെ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് നടന്ന മത്സരത്തില്‍ 656 പന്തുകളാണ് ആകെ എറിഞ്ഞത്. 1935ലെ വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് മത്സരമാണ് മൂന്നാം സ്ഥാനത്ത് (672 പന്തുകള്‍). 1888ല്‍ നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തില്‍ എറിഞ്ഞ പന്തുകളുടെ എണ്ണം 788 മാത്രമായിരുന്നു, നാലാം സ്ഥാനം.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 0 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമാകുന്ന ആദ്യ സംഭവത്തിനും കേപ് ടൗണ്‍ സാക്ഷ്യം വഹിച്ചു. കേവലം 11 പന്തുകളിലായിരുന്നു ഇന്ത്യയുടെ തകർച്ച 153-4 എന്ന നിലയില്‍ നിന്ന് ഇന്ത്യ 153ന് പുറത്തായി.
ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്സുകളുമായി ഒരു ടീം നേടുന്ന അഞ്ചാമത്തെ ചെറിയ സ്കോറെന്ന മോശം റെക്കോഡും ദക്ഷിണാഫ്രിക്കയുടെ പേരിലായി. എല്ലാവരും പുറത്തായ മത്സരങ്ങളുടെ കണക്കിലാണിത്. രണ്ട് ഇന്നിങ്സുകളിലുമായി 231 റണ്‍സ് മാത്രമാണ് പ്രോട്ടിയാസിന് കേപ് ടൗണില്‍ നേടാനായത്.
വിക്കറ്റുകളുടെ കാര്യത്തില്‍ സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഇന്ത്യ നേടുന്ന ഏറ്റവും മികച്ച ആറാമത്തെ ജയമാണിത്. 2009ല്‍ ഹാമില്‍ട്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ പത്ത് വിക്കറ്റ് ജയമാണ് ഏറ്റവും വലിയ വിജയം. കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്ന ആദ്യ ഏഷ്യന്‍ ടീം കൂടിയാണ് ഇന്ത്യ.
പരമ്പരയിലെ അവസാന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 79 റണ്‍സ് ലക്ഷ്യം 12 ഓവറിലാണ് ഇന്ത്യ മറികടന്നത്. ജയത്തോടെ രണ്ട് മത്സരങ്ങളുണ്ടായിരുന്ന പരമ്പര സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് കളിയിലെ താരം. അവസാന ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങിയ ഡീന്‍ എല്‍ഗർ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
സ്കോർ
ദക്ഷിണാഫ്രിക്ക - 55, 176
ഇന്ത്യ - 153, 80-3