CRICKET

ജെമീമ മിന്നി, പൂജയുടെ വെടിക്കെട്ടും; ആദ്യ ഏകദിനത്തില്‍ ഓസിസിന് 283 റണ്‍സ് വിജയലക്ഷ്യം

മുന്‍നിര പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഇന്ത്യ മികച്ച രീതിയില്‍ തിരിച്ചുവന്നത്

വെബ് ഡെസ്ക്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് എടുത്തത്. ജെമീമ റോഡ്രിഗസും (82) പൂജ വസ്ത്രാക്കറുമാണ് (62*) ഇന്ത്യയ്ക്കായി തിളങ്ങിയത്.

സ്മൃതി മന്ദാനയുടെ അഭാവത്തില്‍ ഷഫാലി വർമയ്ക്കൊപ്പം യസ്തിക ഭാട്ടിയായിരുന്നു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. മുന്‍താരങ്ങളായ ഷെഫാലിയും (1) റിച്ച ഘോഷും (21) ഹർമന്‍പ്രീത് കൗർ (9) എന്നിവർ പരാജയപ്പെട്ടപ്പോള്‍ യസ്തികയും ജെമീമ റോഡ്രിഗസുമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തേകിയത്. നാലാം വിക്കറ്റില്‍ ഇരുവരും 38 റണ്‍സ് ചേർത്ത് തകർച്ച ഒഴിവാക്കി. അർധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയാണ് യാസ്തി മടങ്ങിയത്.

പിന്നീടെത്തിയ ദീപ്തി ശർമ (21), അമന്‍ജോത് കൗർ (20) എന്നിവരെ കൂട്ടുപിടിച്ചായിരുന്നു ജമീമയുടെ രക്ഷാപ്രവർത്തനം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ മികച്ച സ്കോർ എന്ന സ്വപ്നം ഇന്ത്യയ്ക്ക് അകന്നു നിന്നു. സ്നെ റാണ (1) പുറത്താകുമ്പോള്‍ സ്കോർബോർഡില്‍ ഉണ്ടായിരുന്നത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ്. പൂജ വസ്ത്രാക്കർ ക്രീസിലെത്തിയതോടെയാണ് സ്കോറിങ്ങിന് വേഗതകൂടിയത്.

ഒരുവശത്തു നിന്ന് പൂജ അനായാസം ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങിയതോടെ ജെമീമയിലെ സമ്മർദവും അകന്നു. പിന്നീട് ഇരുവരും ഓസീസ് ബൗളർമാരെ പലതവണ ബൗണ്ടറി ലൈന്‍ കടത്തി. സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചപ്പോഴാണ് ജെമീമയുടെ വിക്കറ്റ് വീണത്. 77 പന്തില്‍ ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പടെ 82 റണ്‍സായിരുന്നു താരം നേടിയത്.

ജെമീമ മടങ്ങിയെങ്കിലും പൂജ ആക്രമണം തുടർന്നു. 39 പന്തില്‍ പൂജ അർധ സെഞ്ചുറി തൊട്ടു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ട പൂജയുടെ ഇന്നിങ്സാണ് ഇന്ത്യന്‍ സ്കോർ 280 കടത്തിയത്. ഓസ്ട്രേലിയക്കായി ആഷ്‌ലി ഗാർഡനറും ജോർജിയ വെയർഹാമും രണ്ട് വിക്കറ്റ് വീതം നേടി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി