CRICKET

ഗില്ലിന്റെ 'പന്താട്ടം', ഇന്ത്യയുടെ സർവാധിപത്യം; ചെപ്പോക്കില്‍ ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 515 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ചെപ്പോക്കില്‍ 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 287-4 എന്ന നിലയില്‍ ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലിന്റേയും (119*) ഋഷഭ് പന്തിന്റേയും (109) മികവിലായിരുന്നു മൂന്നാം ദിനം ആധിപത്യം സ്ഥാപിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 167 റണ്‍സാണ് ചേർത്തത്.

81-3 എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ ഒരു വിക്കറ്റുപോലും നഷ്ടമായില്ല. ഗില്ലും പന്തും നിലയുറപ്പിച്ച് സ്കോറിങ്ങിന് വേഗം കൂട്ടുകയും ചെയ്തു. 124 റണ്‍സായിരുന്നു ആദ്യ സെഷനില്‍ ഇന്ത്യ നേടിയത്. ഇരുവരും അർധസെഞ്ചുറി പിന്നിടുകയും സെഞ്ചുറിയിലേക്ക് അടുക്കുകയും ചെയ്തു. പന്ത് 82ലും ഗില്‍ 86ലും നില്‍ക്കെയായിരുന്നു സെഷൻ അവസാനിച്ചത്.

രണ്ടാം സെഷൻ ആരംഭിച്ച് വൈകാതെ തന്നെ പന്ത് സെഞ്ചുറി തികച്ചു. വാഹനാപകടത്തില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷമുള്ള പന്തിന്റെ ആദ്യ സെഞ്ചുറിയാണിത്. 124 പന്തിലായിരുന്നു താരം മൂന്നക്കം തൊട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ സെഞ്ചുറി നേടുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയില്‍ എം എസ് ധോണിക്കൊപ്പമെത്താനും പന്തിനായി. ആറാം സെഞ്ചുറിയാണ് ചെപ്പോക്കില്‍ പന്ത് നേടിയത്.

സെഞ്ചുറിനേട്ടത്തിന് പിന്നാലെ തന്നെ പന്ത് മടങ്ങി. 13 ഫോറും നാല് സിക്സും ഉള്‍പ്പെടെ 109 റണ്‍സെടുത്തായിരുന്നു മടക്കം. രണ്ടാം ഇന്നിങ്സിലെ തന്റെ മികച്ച റെക്കോഡ് ഗില്‍ ചെപ്പോക്കില്‍ ആവർത്തിച്ചു. 161 പന്തില്‍ സെഞ്ചുറി തികച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഗില്ലിന്റെ അഞ്ചാം ശതകമാണിത്. 119 റണ്‍സെടുത്താണ ഗില്‍ പുറത്താകാതെ നിന്നത്. ലീഡ് 500 കടന്നതോടെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു.

നേരത്തെ, ഇന്ത്യ ഉയർത്തിയ 376 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ പിന്തുടർന്ന ബംഗ്ലാദേശ് 149 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും രണ്ട് വീതം വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, അകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.

ഒന്നാം ഇന്നിങ്സില്‍ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയുടേയും രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയുടേയും മികവിലാണ് ഇന്ത്യ 376 റണ്‍സ് നേടിയത്. 144-6 എന്ന നിലയില്‍ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റിയത്. 199 റണ്‍സായിരുന്നു ഏഴാം വിക്കറ്റില്‍ സഖ്യം നേടിയത്.

ഒടുവില്‍ ഹിറ്റ് വിക്കറ്റായി; അന്‍വറിന്റെ മുന്നില്‍ ഇനിയെന്ത്?

ചെപ്പോക്കില്‍ ബംഗ്ലാദേശ് പൊരുതുന്നു; ആറ് വിക്കറ്റ് അകലെ ഇന്ത്യയ്ക്ക് ജയം

ഷിരൂര്‍ പുഴയില്‍ വാഹനങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തി; തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, അൻവറിന് നിശിത വിമർശനം; പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനം, എഡിജിപിയ്ക്കും സംരക്ഷണം

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ആക്ഷന്‍ കമ്മിറ്റി അംഗം; ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നത് സഹോദരന്‍, ലോറന്‍സ് എന്ന മാര്‍ക്‌സിസ്റ്റ്