ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. 107 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം കളത്തിലിറങ്ങിയ ന്യൂസിലൻഡ് രണ്ട് സെഷനും എട്ട് വിക്കറ്റും ശേഷിക്കെയായിരുന്നു വിജയം നേടിയത്. വില്‍ യങ് (48), രച്ചിൻ രവീന്ദ്ര (39) എന്നിവരാണ് സന്ദർശകരുടെ ജയം അനായാസമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 1-0ന് ന്യൂസിലൻഡ് മുന്നിലെത്തി.
36 വർഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ന്യൂസിലൻഡ് വിജയിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ ന്യൂസിലൻഡിനായി സെഞ്ചുറി നേടിയ രച്ചിൻ രവീന്ദ്രയാണ് കളിയിലെ താരം.
അവസാന ദിനം ആദ്യ മണിക്കൂറില്‍ തന്നെ വിക്കറ്റുകള്‍ നേടുക മാത്രമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ഏകമാർഗം. രണ്ടാം പന്തില്‍ തന്നെ ടോം ലാഥത്തെ മടക്കി ജസ്പ്രിത് ബുംറ ഇന്ത്യയ്ക്ക് അനിവാര്യമായ തുടക്കവും സമ്മാനിച്ചു. പിന്നീട് ബുംറയും സിറാജും ചേർന്ന് ഡെവോണ്‍ കോണ്‍വെയേയും വില്‍ യങ്ങിനേയും പരീക്ഷിച്ചെങ്കിലും ഇരുവർക്കും അതിജീവിക്കാൻ സാധിച്ചത് ന്യൂസിലൻഡിന് മേല്‍ക്കൈ നല്‍കുകയായിരുന്നു.
എന്നാല്‍, ഇരുവരും കരുതലോടെ ബാറ്റുചെയ്തതോടെ ഇന്ത്യയുടെ സാധ്യതകള്‍ മങ്ങി. കോണ്‍വെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ വീണ്ടും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. സ്കോർബോർ 35ല്‍ എത്തിയപ്പോഴായിരുന്നു കോണ്‍വെ മടങ്ങിയത്. രച്ചിൻ രവീന്ദ്രയുടെ വരവോടെയായിരുന്നു മത്സരം പൂർണമായും ഇന്ത്യയില്‍ നിന്ന് വഴിമാറിയത്. പ്രതിരോധത്തിലാക്കൻ ശ്രമിച്ച ഇന്ത്യൻ ബൗളർമാരെ രച്ചിൻ ആക്രമിച്ചു. അനായാസം സ്കോറിങ്ങിന് വേഗം കൂടി. ഒപ്പം യങ്ങും കൂടിയതോടെ ന്യൂസിലൻഡ് ജയത്തിലേക്ക് അടുത്തു.
മൂന്നാം വിക്കറ്റില്‍ 91 പന്തിലാണ് സഖ്യം 75 റണ്‍സ് ചേർത്തത്. 76 പന്തില്‍ 48 റണ്‍സെടുത്തായിരുന്നു യങ് പുറത്താകാതെ നിന്നത്. ആറ് ഫോറും ഒരു സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 46 പന്തില്‍ 39 റണ്‍സായിരുന്നു രച്ചിന്റെ സമ്പാദ്യം. ആറ് ഫോറാണ് ഇടം കയ്യൻ ബാറ്റർ നേടിയത്.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. 402 റണ്‍സ് നേടി 356 റണ്‍സിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡായിരുന്നു കിവികള്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ രണ്ടാം ഇന്നിങ്സില്‍ 408-3 എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്ത്യ 462 എന്ന സ്കോറിലേക്ക് തകർന്നടിയുകയായിരുന്നു.