ന്യൂസിലെൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സിന് പുറത്തായി. ഋഷഭ് പന്ത് (20), യശസ്വി ജയ്സ്വാള്‍ (13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് നേടിയ മാറ്റ് ഹെൻറിയും നാല് വിക്കറ്റ് നേടിയ വില്യം ഒറൂർക്കയുമാണ് ഇന്ത്യയെ തകർത്തത്.
ഒരുദിവസം നീണ്ട മഴയ്ക്ക് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്കറ്റ് അക്ഷരാർത്ഥത്തില്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. അപ്രതീക്ഷിത ബൗണ്‍സും സ്വിങ്ങും ക്രീസിലെത്തിയ ഇന്ത്യൻ ബാറ്റർമാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു. ഏഴാം ഓവറില്‍ നായകൻ രോഹിത് ശർമയുടെ പ്രതിരോധം തകർത്ത് സൗത്തിയായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്ലി പൂജ്യനായി മടങ്ങി. ഒറൂർക്കയ്ക്കായിരുന്നു വിക്കറ്റ്. മാറ്റ് ഹെൻറിയുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെയുടെ അത്യുഗ്രൻ ക്യാച്ചിലായിരുന്നു സർഫറാസ് ഖാന്റെ മടക്കം (0).
ചെറുത്തുനില്‍പ്പ് നടത്തിയിരുന്നു ജയ്‌സ്വാളിനെ അജാസ് പട്ടേലിന്റെ കൈകളില്‍ ഒറൂർക്കെ എത്തിച്ചു. കെ എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), രവിചന്ദ്രൻ അശ്വിൻ (0) എന്നിവർ ഒൻപത് പന്തിനിടെയാണ് പുറത്തായത്.
മറുവശത്ത് വിക്കറ്റ് വീഴുന്നത് തുടർന്നതോടെ ആക്രമണത്തിന് ശ്രമിച്ച പന്തിനും അതിജീവിക്കാനായില്ല. 20 റണ്‍സെടുത്ത പന്ത് ടോം ലാഥത്തിന് ക്യാച്ച് നല്‍കിയാണ് പവലിയനിലേക്ക് മടങ്ങിയത്. ഹെൻറിക്കായിരുന്നു വിക്കറ്റ്.