CRICKET

പൂനെ ടെസ്റ്റ്: കിവീസ് 255-ന് പുറത്ത്, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 359

ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി

വെബ് ഡെസ്ക്

പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 359 റണ്‍സ് വിജയലക്ഷ്യം. 103 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സില്‍ 255 റണ്‍സിന് പുറത്താകുകയായിരുന്നു. 198-5 എന്ന നിലയില്‍ മൂന്നാം ദിനം പുനരാരംഭിച്ച സന്ദർശകർക്ക് 57 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദർ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ നേടി.

മൂന്നാം ദിനം ന്യൂസിലൻഡിനെ എത്രയും വേഗം പുറത്താക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. 48 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് ജഡേജ കളിയിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. 83 പന്തില്‍ 41 റണ്‍സ് നേടിയ ടോം ബ്ലണ്ടല്‍ ബൗള്‍ഡാവുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ മിച്ചല്‍ സാന്റ്നർ (4), അജാസ് പട്ടേല്‍ (1) എന്നിവരും ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ടിം സൗത്തിയെ മടക്കിയത് രവിചന്ദ്രൻ അശ്വിനായിരുന്നു. ഗ്ലെൻ ഫിലിപ്‌സിന്റെ ചെറുത്തുനില്‍പ്പായിരുന്നു ന്യൂസിലൻഡിന്റെ ലീഡ് 350 കടത്തിയത്.

വില്യം ഒറൂർക്കെയുടെ ശ്രദ്ധയില്ലായ്‌മ കിവികളെ ലീഡ് വർധിപ്പിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു. താരം റണ്ണൗട്ടാവുകയായിരുന്നു. 82 പന്തില്‍ നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 48 റണ്‍സെടുത്താണ് ഫിലിപ്‌സ് പുറത്താകാതെ നിന്നത്.

മൂന്നാം ദിനം ബാറ്റിങ് ദുഷ്കരമായിരിക്കുമെന്ന സൂചനകളാണ് വിക്കറ്റ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ തോല്‍വി ഒഴിവാക്കുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാകില്ല. പരാജയപ്പെട്ടാല്‍ സ്വന്തം നാട്ടിലെ ഇന്ത്യയുടെ ആധിപത്യവും അവസാനിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സ്വപ്നങ്ങളും തുലാസിലായേക്കും.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ 259 റണ്‍സായിരുന്നു ന്യൂസിലൻഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകർന്നടിയുകയായിരുന്നു. മോശം ഷോട്ട് തിരഞ്ഞെടുപ്പ് ബാറ്റർമാർക്ക് വിനയായപ്പോള്‍ ഇന്ത്യയുടെ ഇന്നിങ്സ് കേവലം 156 റണ്‍സില്‍ അവസാനിച്ചു. ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സാന്റ്നറാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്‌മാൻ ഗില്‍ (30), യശസ്വി ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി