ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‌റെ ഫൈനലില്‍ ഇന്ത്യ പതറുന്നു. ഓവലില്‍ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് 318 റണ്‍സ് മുന്‍തൂക്കം. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനുപിറകെ ഒന്നായി കൂടാരം കേറിയപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ് എന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ചയിലാണ്. 29 റണ്‍സുമായി അജിങ്ക്യ രഹാനേയും അഞ്ച് റണ്‍സുമായി ശ്രികാര്‍ ഭരത്തുമാണ് ക്രീസില്‍.
നായകന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 48 റണ്‍സെടുത്ത ജഡേജയാണ് ടോപ് സ്‌കോറര്‍. ആദ്യ ദിനത്തിലെ തളര്‍ച്ചയില്‍ നിന്ന ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇന്ന് ഓസീസ് കുതിപ്പിന് കടിഞ്ഞാണിടാനായി. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായത്. നാല് വിക്കറ്റ് എടുത്ത മുഹമ്മദി സിറാജ് കംഗാരുക്കളുടെ വാലറ്റവും മുറിച്ചതോടെ ഓസീസിന്റെ ആദ്യ ഇന്നിംഗ്സ് 469 ന് അവസാനിച്ചു.
48 റണ്‍സെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പ്രതീക്ഷാജനകമായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്തിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ഇന്നിങ്സിന് തുടക്കമിട്ടത്. 26 പന്തില്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മയെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് മടക്കി. അടുത്ത ഓവറില്‍ സ്‌കോട് ബോളന്‍ഡിന്റെ പന്ത് ഒഴിവാക്കിവിട്ട ശുഭ്മാന്‍ ഗില്ലിന് പിഴച്ചു. അകത്തേക്ക് തിരിഞ്ഞ പന്തില്‍ ഗില്ലിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ചു. അടുത്തടുത്ത ഓവറുകളില്‍ രണ്ട് പ്രധാനപ്പെട്ട വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ 30-2 എന്ന നിലയിലേക്ക് വീണു.
കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ പൂജാര(14) ബൗള്‍ഡ് ആയി.മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്‌ലിയും കളം വിട്ടതോടെ ഇന്ത്യന്‍ പ്രതീക്ഷകളാകെ തകിടം മറിഞ്ഞു. 71/4 എന്ന നിലയില്‍ പതറി നിന്ന ഇന്ത്യയെ ജഡേജയും രഹാനേയും ചേര്‍ന്നാണ് 100 കടത്തിയത്. 71 റണ്‍സാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത്. എന്നാല്‍ നേഥന്‍ ലിയോണിന്റെ പന്തില്‍ ജഡേജ സ്മിത്തിന്റെ കൈകളിൽ ഒതുങ്ങി. ഓസീസിനായി സ്റ്റാര്‍ക്കും കമിന്‍സും ഗ്രീനും ബോളന്‍ഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.