ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ കിരീടം 'പങ്കിട്ട്' ഇന്ത്യന്‍ വനിതകള്‍. ിര്‍പൂരില്‍ ഇന്നു നടന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ നിര്‍ണായക മത്സരം 'ടൈ'യില്‍ കലാശിച്ചതോടെയാണ് ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചത്. മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരം ബംഗ്ലാദേശും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. തുടര്‍ന്നാണ് വിജയികളെ നിശ്ചയിക്കാന്‍ ഇന്ന് നിര്‍ണായകമായ മൂന്നാം മത്സരം അരങ്ങേറിയത്.
എന്നാല്‍ മിര്‍പൂരില്‍ നടന്ന മത്സരം 'ടൈ' ആകുകയായിരുന്നു. ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഇതോടെ മത്സരം ടൈയില്‍ കലാശിച്ചു. പരമ്പരയില്‍ സൂപ്പര്‍ ഓവര്‍ ഇല്ലാത്തതിനാല്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ മൂന്നു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തുകളിലും സിംഗിള്‍ നേടി സ്‌കോര്‍ തുല്യതയിലെത്തിക്കാന്‍ ഇന്ത്യന്‍ താരങ്ങളായ ജമീമ റോഡ്രിഗസിനും മേഘ്‌ന സിങ്ങിനും കഴിഞ്ഞു. എന്നാല്‍ മറൂഫ അക്തര്‍ എറിഞ്ഞ മൂന്നാം മേഘ്‌ന വിക്കറ്റിനു പിന്നില്‍ ക്യാച്ച് നല്‍കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു.
ബംഗ്ലാദേശ് ഉയര്‍ത്തിയ മികച്ച സ്‌കോര്‍ പിന്തുടര്‍ന്ന് ഇന്ത്യക്ക് മധ്യനിര ബാറ്റിങ് തകര്‍ന്നതാണ് തിരിച്ചടിയായത്. അര്‍ധസെഞ്ചുറികളുമായി പൊരുതിയ യുവതാരം ഹര്‍ലീന്‍ ഡിയോളും ഓപ്പണര്‍ സ്മൃതി മന്ദാനയും അവസാന ഓവറുകളില്‍ മികച്ച പോരാട്ടം കാഴ്ചവച്ച ജമീമ റോഡ്രിഗസും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
108 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളോടെ 77 റണ്‍സ് നേടിയ ഹര്‍ലീനാണ് ടോപ് സ്‌കോറര്‍. 85 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 59 റണ്‍സാണ് സ്മൃതി നേടിയത്. 45 പന്തുകളില്‍ നിന്ന് 33 റണ്‍സുമായി ജമീമ പുറത്താകാതെ നിന്നു. ഷെഫാലി വര്‍മ(4), യസ്തിക ഭാട്യ(5), നായിക ഹര്‍മന്‍പ്രീത് കൗര്‍(14), ദീപ്തി ശര്‍മ(1) തുടങ്ങിയവര്‍ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.
നേരത്തെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഓപ്പണര്‍ ഫര്‍ഗാന ഹഖിന്റെ സെഞ്ചുറിയുടെയും മറ്റൊരു ഓപ്പണര്‍ ഷമീമ സുല്‍ത്താനയുടെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോറില്‍ എത്തിയത്. ഫര്‍ഗാന 160 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 107 റണ്‍സ് നേടിയപ്പോള്‍ 78 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 52 റണ്‍സായിരുന്നു ഷമീമയുടെ സമ്പാദ്യം.