ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ മത്സരത്തില്‍ കൈയ്യില്‍ കറുത്ത ബാന്‍ഡ് അണിഞ്ഞ് ഇന്ത്യ - ഓസ്ട്രേലിയ താരങ്ങള്‍. കൈത്തണ്ടയിലെ കറുത്ത ബാൻഡ് എന്തിനാണ് ധരിച്ചിരിക്കുന്നതെന്ന് മത്സരം കാണാനെത്തിയവർക്കെല്ലാം സംശയമുയർന്നെങ്കിലും ഔദ്യോഗിക പ്രസ്താവനയില്‍ ബിസിസിഐ (ദ ബോർഡ് ഓഫ് കൺട്രോൾ ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) തന്നെ വിഷയം വിശദീകരിച്ചു.
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്കും, പരുക്കേറ്റവർക്കുമുള്ള അനുശോചനം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഓസ്‌ട്രേലിയ താരങ്ങളുടെ കറുത്ത ബാന്‍ഡ്. ടോസ് ഇട്ട ശേഷം ഇരുടീമിലെയും കളിക്കാർ കറുത്ത ബാൻഡ് ധരിച്ച് ദേശീയ ഗാനത്തിനിറങ്ങുകയും മത്സരം തുടങ്ങുന്നതിന് മുൻപായി ഒരു നിമിഷം നിശബ്ദത പാലിക്കുകയും ചെയ്തു.
'ഓവലിൽ നടക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനം കളി തുടങ്ങുന്നതിന് മുൻപ് ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു നിമിഷം മൗനം ആചരിക്കും. ദുരന്തത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അഗാധമായ ദുഃഖത്തിൽ ടീം അനുശോചനം രേഖപ്പെടുത്തും. ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ടീം ഇന്ത്യ കറുത്ത ബാൻഡ് ധരിക്കും', ബിസിസിഐ വ്യക്തമാക്കി.