ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശ്വോജ്വല ജയം.അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ രണ്ട് റണ്‍സിനാണ് ഇന്ത്യജയമാഘോഷിച്ചത്. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 160 ന് ഓള്‍ഔട്ടായി. അരങ്ങേറ്റത്തില്‍ ശിവം മാവി നാല് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ദീപക് ഹൂഡ 41 റണ്‍സുമായി ടോപ് സ്‌കോററായി. 31 റണ്‍സെടുത്ത് അക്‌സര്‍ പട്ടേല്‍ പുറത്താകാതെ നിന്നപ്പോള്‍ ഇഷാന്ത് കിഷന്‍ 37 ഉം ഹാര്‍ദിക് പാണ്ഡ്യ 29 ഉം റണ്‍സെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണറായിറങ്ങിയ ഷുബ്മാന്‍ ഗില്ലിന് ഏഴ് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നാലാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ അഞ്ച് റണ്‍സുമായി മടങ്ങി.
മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0 ന് ലീഡ് ചെയ്യുകയാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ 160 റണ്‍സിന് ഓള്‍ഔട്ടായി. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. ഒരു സിക്‌സറടക്കം എട്ട് റണ്‍സ് എടുത്തതോടെ അവസാന മൂന്ന് പന്തില്‍ ലങ്കയ്ക്ക് വേണ്ടിയിരുന്നത് അഞ്ച് റണ്‍സ്. ആതിഥേയര്‍ തോല്‍ക്കുമെന്ന തോന്നലുണ്ടായഘട്ടത്തിലാണ് തുടര്‍ച്ചയായ രണ്ട് റണ്ണൗട്ടുകള്‍ ഇന്ത്യയെ തുണച്ചത്.
നാല് വിക്കറ്റുമായി ശിവം മാനി അരങ്ങേറ്റം അവിസ്മരണീയമാക്കി. ഹൂഡയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0 ന് ലീഡ് ചെയ്യുകയാണ്. വ്യാഴാഴ്ച പുനെയിലാണ് രണ്ടാം മത്സരം.