CRICKET

ഓള്‍റൗണ്ട് ഇന്ത്യ; ഓസീസിനെ ഓടിച്ചത് അഞ്ച്‌ വിക്കറ്റിന്‌

അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, നായകന്‍ കെ.എല്‍. രാഹുല്‍, മധ്യനിര താരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്

വെബ് ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. മൂന്നു മത്സര പരമ്പരയിലെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് എന്ന വിജയലക്ഷ്യം എട്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.

തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്‌വാദ്, താല്‍ക്കാലിക നായകന്‍ കെ.എല്‍. രാഹുല്‍, മധ്യനിര താരം സൂര്യകുമാര്‍ യാദവ് എന്നിവരുടെ മിന്നുന്ന ബാറ്റിങ്ങാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. 63 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 74 റണ്‍സ് നേടിയ ഗില്ലാണ് ടോപ് സ്‌കോറര്‍.

ഗെയ്ക്‌വാദ് 77 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളോടെ 71 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 63 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിിതം 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. 49 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 50 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സംഭാവന. ശ്രേയസ് അയ്യര്‍(3), ഇഷാന്‍ കിഷന്‍(18) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. കളി അവസാനിക്കുമ്പോള്‍ മൂന്നു റണ്‍സുമായി രവീന്ദ്ര ജഡേജയായിരുന്നു രാഹുലിനു കൂട്ടായി ക്രീസില്‍.

നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പേസര്‍ മുഹമ്മദ് ഷമിയുടെ മികച്ച ബൗളിങ്ങാണ് തുണയായത്. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ഷമിയാണ് 300-നു മേല്‍ പോകുമെന്നു തോന്നിച്ച കംഗാരുപ്പടയെ പിടിച്ചുകെട്ടിയത്. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 51 റണ്‍സ് വിട്ടുനല്‍കിയാണ് ഷമിയുടെ അഞ്ചു വിക്കറ്റ് നേട്ടം.

ഷമിക്ക പുറമേ ഓരോ വിക്കറ്റുകളുമായി ജസ്പ്രീത് ബുംറ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസ്‌ട്രേലിയയുടെ ടോപ്‌സ്‌കോറര്‍. 53 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 52 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

വാര്‍ണറിനു പുറമേ 45 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 45 റണ്‍സ് നേടിയ വിക്കറ്റ് കപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ്, 60 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 41 റണ്‍സ് നേടിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, 49 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 39 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്ന്‍, 52 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, 21 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 29 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഒമ്പതു പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് എന്നിവരും തിളങ്ങി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി