ഐസിസി പുറത്തിറക്കിയ പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയെ തള്ളി ഇന്ത്യ ഒന്നാമത്. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ ഒന്നാമതെത്തി. ഇതാദ്യമായാണ് ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തുന്നത്.
നാഗ്പൂരില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഏറ്റുമുട്ടലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തതിന് പിന്നാലെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം കൈയ്യടക്കിയത്. ഇന്ത്യയ്ക്ക് നിലവില്‍ 115 പോയിന്റാണ് ഉള്ളത്. നാല് പോയിന്റ് വ്യത്യാസത്തില്‍ ഓസീസാണ് രണ്ടാം സ്ഥാനത്ത്. 106 പോയിന്റുമായി ഇംഗ്ലണ്ടും 100 പോയിന്റുമായി ന്യൂസിലന്‍ഡും തൊട്ടു പിന്നാലെയുണ്ട്.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.രോഹിത് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ക്യാപ്റ്റനായി മാറി. ഒന്നാം സ്ഥാനം നിലനിര്‍ത്താനും ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനും ഇന്ത്യയ്ക്ക് ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിക്കേണ്ടതുണ്ട്.
വ്യക്തിഗത റാങ്കിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമന്‍. തൊട്ടുപുറകെ തന്നെ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇരുവരും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 2017 ന് ശേഷം ആദ്യമായി ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയ പാറ്റ് കമ്മിന്‍സിനേക്കാള്‍ 21 പോയിന്റുകള്‍ക്ക് പിന്നിലാണ് അശ്വിന്‍. നാഗ്പൂരിലെ മിന്നുന്ന സെഞ്ചുറിയോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ്ങില്‍ പത്താം സ്ഥാനത്ത് നിന്നും എട്ടാം സ്ഥാനത്തേക്ക് കയറി.