ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് സ്പിന്‍ കെണി. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ സ്പിന്നര്‍മാരുടെ മികവില്‍ ഇന്ത്യയെ ആതിഥേയരായ ശ്രീലങ്ക കറക്കി വീഴ്ത്തി. കൊളംബോയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ വെറും 213 റണ്‍സിന് പുറത്തായി. 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് എന്ന നിലയില്‍ മികച്ച തുടക്കം നേടിയ ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച.
പത്തോവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍ ദുനിത് വെല്ലലെഗെയും ഒമ്പതോവറില്‍ വെറും 18 റണ്‍സ് വഴങ്ങിയ വലംകൈയ്യന്‍ സ്പിന്നര്‍ ചരിത് അസലങ്കുമാണ് ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ടോപ് സെവനിലെ അഞ്ചുപേരെയും മടക്കിയ വെല്ലലെഗെയായിരുന്നു ഏറെ അപകടകാരി.
ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടിയ നായകന്‍ രോഹിത് ശര്‍മയ്ക്കും മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. രോഹിത് 48 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 53 റണ്‍സ് നേടിയപ്പോള്‍ 44 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 39 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.
ഇഷാന്‍ 61 പന്തുകളില്‍ നിന്ന് ഒരു ഫോറും ഒരു സിക്‌സറും സഹിതം 33 റണ്‍സ് നേടി. 36 പന്തില്‍ നിന്ന് ഒരു സിക്‌സറോടെ 26 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍(19), മുന്‍ നായകന്‍ വിരാട് കോഹ്ലി(3), ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യ(5), രവീന്ദ്ര ജഡേജ(4) എന്നിവര്‍ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി.
മത്സരത്തില്‍ ടോസ് നേടിയ രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രോഹിതും ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്. 11 ഓവറില്‍ 80 കൂട്ടിച്ചേര്‍ത്ത ഇവരുടെ കൂട്ടുകെട്ട് 12-ാം ഓവറിന്റെ ആദ്യ പന്തില്‍ വെല്ലലെഗയാണ് തകര്‍ത്തത്. തന്റെ അടുത്ത രണ്ട് ഓവറുകളില്‍ കോഹ്ലിയെയും രോഹിതിനെയും മടക്കിയ വെല്ലലെഗെ ലങ്കയെ മത്സരത്തില്‍ തിരിച്ചെത്തിച്ചു.
നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇഷാനും രാഹുലും ചേര്‍ന്ന് പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഏറെ നീണ്ടില്ല. 63 റണ്‍സ് നീണ്ട ഇവരുടെ കൂട്ടുകെട്ട് തന്റെ രണ്ടാം വരവില്‍ പൊളിച്ച വെല്ലലെഗെ തൊട്ടുപിന്നാലെ പാണ്ഡ്യയെയും മടക്കി അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി ലങ്കയെ വീണ്ടും ഡൈവിങ് സീറ്റിലിരുത്തി. ശേഷിച്ചവരെ അസലങ്കയും കറക്കി വീഴ്ത്തിയതോടെ 250-ന് മുകളില്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ ലക്ഷ്യം തകര്‍ന്നു.