അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം നിലനിര്‍ത്താനിറങ്ങിയ ഇന്ത്യക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കയിലെ ബ്ലുംഫൊണ്ടെയ്‌നില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 84 റണ്‍സിന് തകര്‍ത്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.5 ഓവറില്‍ 167 റണ്‍സിന് പുറത്തായി.
നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ സൗമി പാണ്ഡെയുടെ മിന്നുന്ന ബൗളിങ്ങാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മുഷീര്‍ ഖാന്‍ രണ്ടു വിക്കറ്റും രാജ് ലിംബാനി, അര്‍ഷിന്‍ കുല്‍ക്കര്‍ണി, പ്രിയാന്‍ഷു മോളിയ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് നിരയില്‍ അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് ഷിഹാബ് ജയിംസും(54), ആരിഫുള്‍ ഇസ്ലാം(41) എന്നിവര്‍ക്കുമാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
നേരത്തെ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ആദര്‍ശ് സിങ്ങിന്റെയും നായകനും മധ്യനിര താരവുമായ ഉദയ് സഹനുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. 96 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികള്‍ സഹിതം 76 റണ്‍സ് നേടി ആദര്‍ശ് ടോപ്‌സ്‌കോററായപ്പോള്‍ 94 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 64 റണ്‍സായിരുന്നു ഉദയ്‌യുടെ സംഭാവന. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 116 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. സച്ചിന്‍ ദാസ്(26 നോട്ടൗട്ട്), പ്രിയാന്‍ഷു മോളിയ(23), അരാവലി അവനിഷ്(23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ബംഗ്ലാദേശ് ബൗളര്‍മാര്‍ വഴങ്ങിയ 23 എക്‌സ്ട്രാ റണ്ണുകളും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. ബംഗ്ലാദേശിനു വേണ്ടി പേസര്‍ മറൂഫ് മൃദ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചൗധുര്‍ മുഹമ്മദ് റിസ്വാന്‍, മഹ്ഫുസുര്‍ റഹ്മാന്‍ റാബി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് എത്തുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ നഷ്ടമായ അവരെ പിന്നീട് ആദര്‍ശ്-ഉദയ് സഖ്യം കരകയറ്റുകയായിരുന്നു. 32-ാം ഓവറില്‍ ആദര്‍ശിനെ നഷ്ടമാകുമ്പോള്‍ ഇന്ത്യ മൂന്നിന് 147 എന്ന നിലയിലായിരുന്നു. പിന്നാലെ ഉദയിയും വീണതോടെ മികച്ച സ്‌കോര്‍ എന്ന ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു.