CRICKET

ഗ്രീന്‍ഫീല്‍ഡ് റെഡി; ഇന്ത്യക്ക് പരീക്ഷണം, ലങ്കയ്ക്ക് പരിക്ഷീണം

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം നാളെ ഉച്ചയ്ക്ക് 1:30 മുതല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍

വെബ് ഡെസ്ക്

ഇനി മണിക്കൂറുകള്‍ മാത്രം. നാലു വര്‍ഷവും രണ്ടു മാസവും നീണ്ട ഇടവേളയ്ക്കു ശേഷം കേരളത്തിന്റെ മണ്ണില്‍ ഒരു രാജ്യാന്തര ഏകദിന ക്രിക്കറ്റിന് നാളെ ടോസ് വീഴും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നാളെ ഉച്ചയ്ക്ക് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് നാളെ അരങ്ങേറുന്നത്. പരമ്പരയില്‍ 2-0ന് അനിഷേധ്യ ലീഡ് നേടിയതിനാല്‍ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാകും ഇന്ത്യ ഇറങ്ങുക. അതേസമയം പരമ്പരയില്‍ ആശ്വാസ ജയം തേടുന്ന ലങ്ക കൈയ്‌മെയ് മറന്നു പോരാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനു മുമ്പ് 2018 നവംബര്‍ ഒന്നിനാണ് കാര്യവട്ടത്ത് ഒരു രാജ്യാന്തര ഏകദിനം നടന്നത്. അന്ന് ഇന്ത്യയും വെസ്റ്റിന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. റണ്ണൊഴുക്ക് പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടത്തി ബൗളര്‍മാരാണ് കളം വാണത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 104 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ വിജയം കാണുകയും ചെയ്തു. ഇക്കുറി അത്തരമൊരു മത്സരം ആകരുതേയെന്നാണ് ആരാധകരുടെ പ്രാര്‍ഥന.

ഇഞ്ചോടിഞ്ച് പോരാട്ടം കാണാനാകുന്ന തരത്തിലുള്ള വിക്കറ്റാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ക്യുുറേറ്റര്‍ എ.എം. ബിജു ഫോര്‍ത്ത് ന്യൂസിനോടു പറഞ്ഞു. ഉച്ചയ്ക്ക് 1:30 മുതലാണ് മത്സരം. ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. പിച്ചില്‍ നേരിയ പച്ചപ്പ് ഉള്ളതിനാല്‍ തുടക്കത്തില്‍ പന്ത് പേസ് ബൗളര്‍മാരെ തുണച്ചേക്കും.

ഠ പരീക്ഷണത്തിനൊരുങ്ങി ടീം ഇന്ത്യ

പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പരീക്ഷണങ്ങള്‍ക്കായാകും മൂന്നാം ഏകദിനം ടീം ഇന്ത്യ വിനിയോഗിക്കുക. ഇതു സംബന്ധിച്ച് നേരിയ സൂചനകള്‍ ഇന്ന് ബാറ്റിങ് കോച്ച് വിക്രം റാഥോര്‍ നല്‍കിക്കഴിഞ്ഞു. ലോവര്‍ മിഡില്‍ ഓര്‍ഡറിലും ബാറ്റിങ്-സ്പിന്‍ ബൗളിങ് ഏരിയകളിലും അല്‍പം കൂടി മെച്ചപ്പെടാനുണ്ടെന്നും മികച്ച ഇലവനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നുമാണ് റാഥോര്‍ പറഞ്ഞത്.

ഇന്ത്യന്‍ നിരയില്‍ നാളെ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്ലിയും കളിക്കാന്‍ സാധ്യത കുറവാണ്. ഇരുവരും ഇന്നു പ്രാക്ടീസിനായി ഗ്രൗണ്ടില്‍ എത്തിയതുപോലുമില്ല. ഇരുവര്‍ക്കും നാളെ വിശ്രമം അനുവദിക്കുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ വന്നാല്‍ ബാറ്റിങ് നിരയില്‍ സമ്പൂര്‍ണ അഴിച്ചുപണി ഉണ്ടായേക്കും.

രോഹിതിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം യുവതാരം ഇഷാന്‍ കിഷനെ ഓപ്പണറായി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. ഇന്നു നെറ്റ്‌സില്‍ ഏറെ നേരം ബാറ്റിങ് പരിശീലനം നടത്തിയതും ഈ രണ്ടു താരങ്ങളാണ്. ഹിറ്റായ രോഹിത്-ശിഖര്‍ ധവാന്‍ കൂട്ടുകെട്ടിനു ശേഷം ഒരു ഇടംകൈ-വലംകൈ ഓപ്പണിങ് ജോഡിയെ കണ്ടെത്തുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം.

രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍ രാഹുലിനെ വീണ്ടും ഓപ്പണറാക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ രാഹുല്‍-കിഷന്‍ സഖ്യം ഇന്നിങ്‌സ് തുറന്നേക്കും. ഗില്ലിനെ ഓപ്പണിങ്ങില്‍ നിന്നു മാറ്റി കോഹ്ലിയുടെ മൂന്നാം നമ്പര്‍ പൊസിഷനിലും ഇറക്കും. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അര്‍ധസെഞ്ചുറി നേടി രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

മധ്യനിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും തുടരുമെന്നാണ് സൂചന. രോഹിതിന്റെ അഭാവത്തില്‍ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും ടീമിനെ നയിക്കുക. പരമ്പരയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനും ഇന്നു വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്.

അക്‌സറിനു പകരം വാഷിങ്ടണ്‍ സുന്ദറാകും ഇറങ്ങുക. സ്‌പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് തുടരുമോയെന്ന കാര്യത്തിലും ഉറപ്പില്ല. യൂസ്‌വേന്ദ്ര ചഹാലിനെ കുല്‍ദീപിനു പകരം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇരുവരും ഇന്നു നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. പേസര്‍മാരായി മുഹമ്മദ് ഷമിയും ഉമ്രാന്‍ മാലിക്കും തുടരുമെന്നാണ് കരുതുന്നത്.

ഠ മാനം കാക്കാന്‍ ശ്രീലങ്ക

ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ശേഷം ലോകകപ്പിലും ഇന്ത്യക്കെതിരേ നടന്ന ടി20 പരമ്പരയിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ലങ്ക ഇപ്പോള്‍ ഏകദിന പരമ്പരയും കൈവിട്ടിരിക്കുന്നത്. പരമ്പരയിലെ അവസാന മത്സരത്തിലെങ്കിലും വിജയം നേടി മുഖം രക്ഷിക്കാനാണ് ലങ്കന്‍ ടീമിന്റെ ശ്രമം.

എന്നാല്‍ പരുക്കും താരങ്ങളുടെ സ്ഥിരതയില്ലായ്മയുമാണ് ടീമിനെ വലയ്ക്കുന്നത്. പരുക്കേറ്റ ഓപ്പണര്‍ പാഥും നിസാങ്ക നാളെയും കളത്തിലിറങ്ങില്ലെന്നു ശ്രീലങ്കന്‍ കോച്ച് ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു. ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിനിടെയാണ് നിസാങ്കയ്ക്കു പരുക്കേറ്റത്. ഗുവാഹത്തിയില്‍ 80 പന്തില്‍ 72 റണ്‍സ് നേടിയ താരം മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്.

നിസാങ്കയ്ക്കു പകരം നുവാനിഡു ഫെര്‍ണാണ്ടോ തന്നെ ഓപ്പണറായി തുടരും. രണ്ടാം ഏകദിനത്തില്‍ താരം അര്‍ധസെഞ്ചുറി നേടിയിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ലങ്കന്‍ കോച്ച് നല്‍കുന്ന സൂചന. സ്പിന്നര്‍ വാനിന്ദു ഹസരങ്കയുടെയും മധ്യനിര ബാറ്റര്‍മാരുടെയും മോശം ഫോമാണ് ലങ്കയ്ക്കു തലവേദന.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം