CRICKET

അമര്‍നാഥും കപിലും യുവിയും ചെയ്ത റോള്‍ ആര്‍ക്ക്? കളം വാഴാന്‍ ഓള്‍റൗണ്ടര്‍മാരില്ലാതെ ടീം ഇന്ത്യ

ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടു തവണ കിരീടം ചൂടിയപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായത് പന്തുകൊണ്ടും ബാറ്റും കൊണ്ടും നിര്‍ണായക സംഭാവന നല്‍കിയ ഓള്‍റൗണ്ടര്‍മാരാണ്

ഹരികൃഷ്ണന്‍ എം

1983-ലും 2011-ലും ഏകദിന ലോകകപ്പ് കിരീടത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയ്ക്ക് ഇന്ധനമായി മികച്ച ബാറ്റര്‍മാരും ബൗളര്‍മാരുമുണ്ടായിരുന്നു. പക്ഷെ ആ യാത്രയുടെ നിയന്ത്രണം ഓള്‍റൗണ്ടര്‍മാരുടെ കൈകളില്‍ സുരക്ഷിതമായിരുന്നതിനാലാണ് കിരീടസ്വപ്നമെന്ന സ്റ്റോപ്പില്‍ കൃത്യമായി ലാന്‍ഡ് ചെയ്യാനായത്. 83ല്‍ ഈ റോളില്‍ നായകന്‍ കപില്‍ ദേവ്, ഉപനായകന്‍ മൊഹീന്ദര്‍ അമര്‍നാഥ്‌ എന്നിവര്‍ ഉണ്ടായിരുന്നെങ്കില്‍ 2011ല്‍ യുവരാജ് സിങ് എന്ന ഒറ്റയാള്‍ പോരാളിയായിരുന്നു ടീമിന്റെ നട്ടെല്ലായത്. 12 വര്‍ഷത്തിനു ശേഷം സ്വന്തം മണ്ണില്‍ കനകകിരീടം സ്വപ്‌നം കാണുമ്പോള്‍ ഇക്കുറി ആ റോള്‍ ടീം ഇന്ത്യ ആരെ വിശ്വസിച്ച് ഏല്‍പിക്കും?

83 ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഇന്ത്യയുടെ പോക്കറ്റിലുണ്ടായിരുന്നത് ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെ നേടിയ ഏകവിജയമായിരുന്നു. പക്ഷെ ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ കപിലിന്റെ ചിറകില്‍ ഇന്ത്യ കുതിപ്പാരംഭിച്ചു. ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം റൗണ്ടില്‍ സിംബാബ്‌വെയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട് ഇന്ത്യ പുറത്തേക്കുള്ള വാതില്‍പ്പടിയിലായിരുന്നു. എന്നാല്‍ ഒരു ഓള്‍റൗണ്ടര്‍ എന്താണെന്ന് കാട്ടിത്തന്ന ഇന്നിങ്‌സുമായി നായകന്‍ കപില്‍ അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ഇന്ത്യ ചാരത്തില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിപ്പോല്‍ ചിറകടിച്ചുയരുകയായിരുന്നു.

സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ കപില്‍ ദേവ്

ആ ടൂര്‍ണമെന്റില്‍ ടീമിലെ മറ്റൊരു ഓള്‍റൗണ്ടറായിരുന്ന അമര്‍നാഥും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ നിറം മങ്ങിയ അമര്‍നാഥിനെയായിരുന്നില്ല സെമിയിലും ഫൈനലിലും കണ്ടത്. സെമിയില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ 46 റണ്‍സും 27 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായക രണ്ടു വിക്കറ്റുകളും നേടിയ അമര്‍നാഥ് ഫൈനലില്‍ അതികായരായ വിന്‍ഡീസിനെതിരേ നിര്‍ണായകമായ 26 റണ്‍സും വെറും 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളും സ്വന്തമാക്കി ടൂര്‍ണമെന്റിന്റെ തന്നെ താരമായി മാറി.

83 ലോകകപ്പ് അവസാനിക്കുമ്പോള്‍ കപിലിന്റെ സമ്പാദ്യം 303 റണ്‍സും 12 വിക്കറ്റുമായിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോററും ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതും കപിലെത്തി. അമര്‍നാഥ് 237 റണ്‍സും എട്ട് വിക്കറ്റുമായി ടൂര്‍ണമെന്റിന്റെ താരവുമായി. കപില്‍സ്‌ ഡെവിള്‍സിന് ശേഷം ലോകകപ്പ് ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നത് 28 വര്‍ഷമായിരുന്നു. കിരീടനേട്ടത്തില്‍ നിര്‍ണായകമായത് യുവരാജ് സിങ്‌ എന്ന മറ്റൊരു ഓള്‍ റൗണ്ടറും.

1983 ലോകകപ്പ് കിരീടവുമായി മൊഹിന്ദര്‍ അമര്‍നാഥും കപില്‍ ദേവും

യുവിയുടെ കരിയറിലെ സുവര്‍ണകാലഘട്ടവും വ്യക്തിജീവിതത്തിലെ ദുഷ്കരമായ ദിനങ്ങളും, അതായിരുന്നു 2011 ഏകദിന ലോകകപ്പ്. അര്‍ബുദത്തിനോടും വമ്പന്‍ ടീമുകളോടും ഓരേസമയം യുവി പോരാടി. തന്റെ പാജിക്ക് (സച്ചിന്‍ തെന്‍ഡുല്‍ക്കര്‍) ലോകകപ്പ് നേടിക്കൊടുക്കുക എന്നതിനായിരുന്നു തന്റെ ആരോഗ്യത്തേക്കാള്‍ യുവി പരിഗണന നല്‍കിയിരുന്നത്. ടൂര്‍ണമെന്റില്‍ ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ ഒരു സെഞ്ചുറി ഉള്‍പ്പടെ 362 റണ്‍സും 15 വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയത്.

യുവിയുടെ പ്രകടന മികവില്‍ ലോകകപ്പിലെ പല റെക്കോഡുകളും വീണു. ഒരു ലോകകപ്പില്‍ 350ലധികം റണ്‍സും 15 വിക്കറ്റുകളും നേടുന്ന ആദ്യ ഓള്‍ റൗണ്ടറെന്ന റെക്കോഡും സ്വന്തം പേരില്‍ കുറിച്ച് ടൂര്‍ണമെന്റിന്റെ താരമായാണ് യുവി കളം വിട്ടത്.

ഇന്ത്യക്ക് രണ്ടു ലോക കിരീടം നേടിക്കൊടുത്ത ഈ മൂവര്‍ സംഘത്തിനൊപ്പം ചേര്‍ത്തുവയ്ക്കാനാകുന്ന ഒരു താരം ഇന്ന് ടീമിലുണ്ടോ? ഇത്തവണ കിരീടപ്പോരിന് ഇറങ്ങുമ്പോള്‍ ഓള്‍ റൗണ്ടര്‍മാരുടെ നിര തന്നെയുണ്ട് ടീമില്‍. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദ്ദൂല്‍ താക്കൂര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് നിരയിലുള്ളത്. പക്ഷെ സ്ഥിരതയോടെ ബാറ്റുകൊണ്ടും ബോളുകൊണ്ടും സംഭാവന ചെയ്യാന്‍ ഇവരില്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടോയെന്നതാണ് ചോദ്യം.

2011 ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ യുവരാജ് സിങ്

പരുക്കിനോട് ഗു‍ഡ്ബൈ പറഞ്ഞ് ക്രിക്കറ്റില്‍ ഹാര്‍ദിക് സജീവമായിട്ട് നാളുകള്‍ പിന്നിട്ടു. ബാറ്റിങ്ങില്‍ ഹാര്‍ദിക്കിന്റെ മികവ് ചോദ്യം ചെയ്യപ്പെടുന്നത് സ്ഥിരതയില്ലായ്മയുടെ പേരിലാണ്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ആദ്യ മത്സരത്തില്‍ നേടിയ 87 റണ്‍സാണ് സമീപകാലത്ത് എടുത്തുപറയാന്‍ സാധിക്കുന്ന ഏക പ്രകടനം. ബൗളിങ്ങിലേക്കെത്തിയാല്‍, ന്യൂബോളില്‍ ഹാര്‍ദിക് അപകടകാരിയാണ്. പക്ഷെ പത്ത് ഓവര്‍ പൂര്‍ണമായി ഹാര്‍ദിക്കിന് പന്തെറിയാനാകുമോയെന്നത് സംശയമാണ്. അതുകൊണ്ടു തന്നെ ഒരു പ്രോപ്പര്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക്കിനെ ഉപയോഗിക്കാന്‍ സാധ്യത വിരളമാണ്.

ജഡേജയുടേയും അശ്വിന്റേയും കാര്യവും വ്യത്യസ്തമല്ല. ഇരുവര്‍ക്കും ടെസ്റ്റ് ഓള്‍റൗണ്ടര്‍ എന്ന തലക്കെട്ടായിരിക്കും കൂടുതല്‍ യോജിക്കുക. കാരണം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഓള്‍റൗണ്ട് മികവിന്റെ കാര്യത്തില്‍ ഇരുവരും പിന്നോട്ടാണ്. അശ്വിനേക്കാള്‍ ബാറ്റിങ്ങില്‍ തിളങ്ങാനുള്ള ശേഷി ജഡേജയ്ക്കുണ്ട്. പക്ഷെ, ഏഷ്യ കപ്പിലും അടുത്തിടെ പൂര്‍ത്തിയായ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ബാറ്റിങ്ങില്‍ ജഡേജ വെല്ലുവിളിക്കപ്പെട്ടു. ബാറ്റിങ്ങിന് അനുകൂലവും പ്രതികൂലവുമായുള്ള പിച്ചുകളില്‍ സമാനമായിരുന്നു ഇടം കയ്യന്‍ ബാറ്ററുടെ പ്രകടനം. ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തില്‍ 353 റണ്‍സ് പിന്തുടരുമ്പോള്‍ താരം നേടിയത് 36 പന്തില്‍ 35 റണ്‍സ് മാത്രം. ഒരു ഓവറില്‍ ഒന്‍പത് റണ്‍സിന് മുകളില്‍ ആവശ്യമുണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ജഡേജയുടെ തണുപ്പന്‍ മട്ടിലുള്ള ഇന്നിങ്സ്.

രവീന്ദ്ര ജഡേജയും ഹാര്‍ദിക്ക് പാണ്ഡ്യയും

ഷാര്‍ദ്ദൂലിനാകട്ടെ അന്തിമ ഇലവെനില്‍ ഇടം നേടാനുള്ള സാധ്യതകള്‍ പോലും കുറവാണ്. പക്ഷെ മത്സരത്തിന്റെ ഏത് സാഹചര്യത്തിലും വിക്കറ്റെടുക്കാനാകുമെന്ന മികവ് ഷാര്‍ദ്ദൂലിനെ തുണയ്ക്കും. ബാറ്റുകൊണ്ട് അതിവേഗം സ്കോര്‍ ചെയ്യാനും താരത്തിന് കഴിയും. പക്ഷെ ഏകദിനത്തില്‍ ഓള്‍ റൗണ്ടര്‍ എന്ന പേരിലേക്ക് ഉയര്‍ത്തുന്ന ഇന്നിങ്സുകള്‍ സംഭാവന ചെയ്യാനായിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണ ലോകപ്പിനിറങ്ങുന്ന ടീമില്‍ ഒരു കപിലിനേയോ അമര്‍നാഥിനെയോ യുവിയെയോ പോലെ എക്സ് ഫാക്ടറാകാന്‍ കഴിയുന്ന താരമില്ലെന്നതാണ് സത്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ