CRICKET

മൂന്നാം ദിനം തകർന്നടിഞ്ഞ് ഇന്ത്യ; ദക്ഷിണാഫ്രിക്കയോട് ഇന്നിങ്സ് തോല്‍വി

കഗിസൊ റബാഡ-നന്ദ്രെ ബർഗർ-മാർക്കൊ യാന്‍സണ്‍ പേസ് ത്രയമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം ഒരുക്കിയത്

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ ഇന്നിങ്സ് തോല്‍വി. ഒന്നാം ഇന്നിങ്സില്‍ 163 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 131-ന് പുറത്തായി. അർധ സെഞ്ചുറി നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്കായി അല്‍പ്പമെങ്കിലും പൊരുതിയത്. കഗിസൊ റബാഡ, നന്ദ്രെ ബർഗർ, മാർക്കൊ യാന്‍സണ്‍ പേസ് ത്രയമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം ഒരുക്കിയത്.

തകർന്നടിഞ്ഞ് ഇന്ത്യ - 131/10

ഇന്നിങ്സ് തോല്‍വി മുന്നിലുണ്ടായിരുന്ന ഇന്ത്യയെ മൂന്നാം ദിനം പൊരുതാന്‍ പോലും ദക്ഷിണാഫ്രിക്കന്‍ പേസർമാർ അനുവദിച്ചില്ല. നായകന്‍ രോഹിത് ശർമ (0)യെ രണ്ടാം ഇന്നിങ്സിലും മടക്കി റബാഡയായിരുന്നു വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ചീട്ടുകൊട്ടാരം പോലെ ഇന്ത്യയുടെ ബാറ്റിങ് നിര തകരുകയായിരുന്നു. ചെറുത്തു നിന്നത് വിരാട് കോഹ്ലി (76) മാത്രം.

യശസ്വി ജയ്സ്വാള്‍(5), ശ്രേയസ് അയ്യർ (6), കെ എല്‍ രാഹുല്‍ (4), രവിചന്ദ്രന്‍ അശ്വിന്‍ (0), ശാർദൂല്‍ താക്കൂർ (2), ജസ്പ്രിത് ബുംറ (0), മുഹമ്മദ് സിറാജ് (4) എന്നിവരാണ് രണ്ടക്കം കാണാതെ പുറത്തായ മറ്റുള്ളവർ. 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ മാത്രമാണ് കോഹ്ലിക്ക് അല്‍പ്പമെങ്കിലും പിന്തുണ നല്‍കിയത്.

നന്ദ്രെ ബർഗർ നാലും മാർക്കൊ യാന്‍സണ്‍ മൂന്നും വിക്കറ്റ് നേടി. രണ്ട് വിക്കറ്റെടുത്ത റബാഡയാണ് മറ്റൊരു വിക്കറ്റ് ടേക്കർ.

രാഹുലില്‍ ഒതുങ്ങിയ ഒന്നാം ഇന്നിങ്സ് - 245/10

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് ദക്ഷിണാഫ്രിക്കന്‍ പേസ് പടയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായിരുന്നില്ല. കഗിസൊ റബാഡ അഞ്ച് വിക്കറ്റ് നേടി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചപ്പോള്‍ നന്ദ്രെ ബെർഗറും (മൂന്ന് വിക്കറ്റ്) ജെറാള്‍ഡ് കോറ്റ്സിയും മാർക്കൊ യാന്‍സണും മികച്ച പിന്തുണ നല്‍കി.

ഇന്ത്യ ബാറ്റിങ് നിരയുടെ പ്രകടനം വിലയിരുത്തിയാല്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറിയായിരുന്നു നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 137 പന്തില്‍ 101 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. വിരാട് കോഹ്ലി (38), ശ്രേയസ് അയ്യർ (31), ശാർദൂല്‍ താക്കൂർ (24), യശസ്വി ജയ്സ്വാള്‍ (17) എന്നിവർ മാത്രമായിരുന്നു രണ്ടക്കം കടന്നത്.

ഇന്ത്യയ്ക്ക് മുന്നിലെ എല്‍ഗർ ചലഞ്ച് - 408/9

അവസാന ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗർ തന്നെയായിരുന്നു ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയായത്. എല്‍ഗറിന്റെ സെഞ്ചുറി ഇന്നിങ്സിന്റെ ബലത്തിലാണ് 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. 287 പന്തില്‍ 28 ഫോറുള്‍പ്പടെ 185 റണ്‍സ് നേടിയാണ് എല്‍ഗർ കളം വിട്ടത്.

മാർക്കൊ യാന്‍സണ്‍ (84), ബെഡിങ്ഹാം (56) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റ് പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാല് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍, ശാർദൂല്‍ താക്കൂർ എന്നിവർ ഓരോ വിക്കറ്റും പിഴുതു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി