CRICKET

വനിതാ ട്വന്റി 20: പൊരുതി വീണ് ഇന്ത്യ; ഏഴാം ഫൈനലിന് യോഗ്യത നേടി ഓസ്ട്രേലിയ

അഞ്ച് റൺസിന് ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ

വെബ് ഡെസ്ക്

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്. സെമിയില്‍ ഓസ്‌ട്രേലിയോട് അഞ്ച് റണ്‍സിന് തോറ്റു. തുടര്‍ച്ചയായ ഏഴാം ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഇന്ത്യ പൊരുതി വീഴുകയായിരുന്നു. ഒരു ഘട്ടത്തിൽ ജയം സ്വപ്നം കണ്ടിരുന്ന ഇന്ത്യക്ക് നായിക ഹർമൻപ്രീത് കൗറിന്റെ (34 പന്തിൽ 52 ) റണ്ണൗട്ടാണ് കാര്യങ്ങൾ എതിരാക്കിയത്. ഇതോടെ 2009ലെ ടി 20 ലോകകപ്പിലെ സെമി തോൽവിക്ക് ശേഷം പരാജയമറിഞ്ഞിട്ടില്ല എന്ന റെക്കോർഡ് നിലനിർത്താനും ഓസീസിനായി.സ്കോർ : ഓസ്ട്രേലിയ 20 ഓവറിൽ 172/4, ഇന്ത്യ 20 ഓവറിൽ 167/8.

ഓസ്‌ട്രേലിയ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ തുടക്കം തന്നെ പാളി. 28 റൺസ് സ്കോർ എത്തുമ്പോഴേക്കും മൂന്ന് ഇന്ത്യൻ ബാറ്റർമാർ കൂടാരം കയറിയിരുന്നു. ഷെഫാലി വർമയും (9) സ്‌മൃതി മന്ദാനയും (2) വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ, യാസ്തിക ഭാട്ടിയ (4) റണ്ണൗട്ടായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറും ജെമീമ റോഡ്രിഗസും ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. തകർത്തടിച്ച ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 40 പന്തിൽ 69 റൺസ് വാരി. എന്നാൽ 11ാം ഓവറിന്റെ രണ്ടാം പന്തിൽ 24 പന്തിൽ 43 റൺസ് നേടിയ ജെമീമയെ അലീസ ഹീലിയുടെ കൈകളിൽ എത്തിച്ച് ഡാർസി ബ്രൗൺ ഓസ്‌ട്രേലിയക്ക് പ്രതീക്ഷ നൽകി.

ജെമീമ മടങ്ങിയ ശേഷവും ആക്രമണം തുടർന്ന ഹർമൻപ്രീത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമ്പോഴായിരുന്നു ദൗർഭാഗ്യകരമായ രീതിയിൽ ഇന്ത്യൻ നായിക പുറത്തായത്. അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഹർമൻപ്രീത്തിന്റെ പുറത്താകൽ. രണ്ടാം റൺ പൂർത്തിയാക്കാൻ ബാറ്റ് ക്രീസിലേക്ക് നീട്ടുമ്പോൾ പിച്ചിൽ പൂണ്ടുപോയതാണ് ഇന്ത്യക്കും ഹർമൻപ്രീതിനും തിരിച്ചടിയായത്. പിന്നീടെത്തിയവർക്ക് നിലയുറപ്പിക്കാൻ സാധിക്കാതിരുന്നതോടെ ഓസ്‌ട്രേലിയക്ക് കാര്യങ്ങൾ എളുപ്പമായി.

ഹർമൻപ്രീത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമ്പോഴായിരുന്നു ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയുടെ തുടക്കം ശ്രദ്ധയോടെയായിരുന്നു. പവർപ്ലേയിൽ ഓസീസ് ഓപ്പണർമാർ 43 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്. ഒന്നാം വിക്കറ്റിൽ 52 റൺസ് ചേർത്ത ശേഷമാണ് ഓപ്പണിങ് വിക്കറ്റ് പൊളിക്കാൻ ഇന്ത്യക്കായത്. 25 റൺസെടുത്ത അലീസ ഹീലിയെ രാധ യാദവിന്റെ പന്തിൽ റിച്ചാ ഘോഷ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. മൂന്നാമതായി ഇറങ്ങിയ നായിക മെഗ് ലാനിങ്ങുമായി ചേർന്ന് ബേത്ത് മൂണി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ട് പോയി. 37 പന്തിൽ 54 റൺസ് നേടിയ മൂണിയെ ശിഖ പാണ്ഡെ പുറത്താക്കി. പിന്നീട് കളത്തിലെത്തിയ ആഷ്ലീഗ് ഗാർഡ്നറിനെ കൂട്ട് പിടിച്ച്‌ ഓസീസ് നായിക സ്കോറിങ്ങിന്റെ വേഗം കൂട്ടുകയായിരുന്നു. ആഷ്ലീഗ് ഗാർഡ്നറാണ് കൂടുതൽ അപകടകാരി. 18 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 31 റൺസ് എടുത്ത് പുറത്തായി. ലാനിങ് 34 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ശിഖ പാണ്ഡെ നാലോവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ദീപ്തി ശർമ്മ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി