ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പരയില്‍ കിവീസിനെ തുരത്തിയ ആത്മവീര്യത്തിലാണ് ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങുന്നത്. രാത്രി ഏഴ് മണിക്കാണ് മത്സരം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് 2-1 ന്റെ ജയം നേടിക്കൊടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇത്തവണയും ടീം ഇന്ത്യയെ നയിക്കുന്നത്.
രോഹിത് ശര്‍മ, വിരാട് കോഹ്ലി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇത്തവണ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന് കൈത്തണ്ടയില്‍ പരുക്ക് സ്ഥിരീകരിച്ചതിനാല്‍ ടി20 പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. ഗെയ്ക്വാദിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷാനും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഓപ്പണര്‍മാരായി ഇറങ്ങുക. ഗില്ലിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
ഗെയ്ക്വാദിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷാനും ശുഭ്മാന്‍ ഗില്ലും ആയിരിക്കും ഓപ്പണര്‍മാരായി ഇറങ്ങുക
ഒന്നരവര്‍ഷത്തിന് ശേഷം പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ഗില്‍ തന്റെ മികച്ച ഫോം തുടരുന്ന സാഹചര്യത്തില്‍ ആദ്യ ഇലവനില്‍ പ്രത്വി ഷായുടെ സാധ്യത സംശത്തിലാണ്. ഗില്‍ തന്റെ അവസാന നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഒരു ഇരട്ട സെഞ്ചുറിയുള്‍പ്പടെ മൂന്ന് സെഞ്ചുറികള്‍ നേടി ഇന്ത്യന്‍ ജയത്തിന് തിളക്കം കൂട്ടി. ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവും മികച്ച ഫോമിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ബാറ്ററായി തിരഞ്ഞെടുത്ത സൂര്യ കിവീസിനെതിരെ മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റിങിന് മൂര്‍ച്ച കൂട്ടും.
ഫാസ്റ്റ് ബൗളിങില്‍ ഉമ്രാന്‍ മാലിക്കും ശിവം മാവിയും ഇന്ത്യന്‍ പ്രതീക്ഷകളാണ്. ഇവര്‍ക്കൊപ്പം അര്‍ഷ്ദീപ് സിങും ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ബൗളിങ് നിരയില്‍ ഒരേ സ്ഥാനത്തിനായി മത്സരിക്കുന്നവരാണ്. മറ്റൊരു സ്പിന്‍ ബൗളിങ് സാധ്യത വാഷിങ്ടണ്‍ സുന്ദറാണ്.
ഏകദിനത്തിലെ ദയനീയ തോല്‍വിയില്‍ നിന്ന് കരകയറാനാണ് ന്യൂസിലന്‍ഡ് ഇന്ന് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണും ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും ജിമ്മി നീഷാമും ഇല്ലാതെയാണ് ഇത്തവണയും കിവികള്‍ കളിക്കാനിറങ്ങുന്നത്. ഏകദിനത്തില്‍ നയിച്ച ടോം ലാഥമില്‍ നിന്ന് മിച്ചര്‍ സാന്റര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. ഡെവോണ്‍ കോണ്‍വേയുടെയും ഫിന്‍ അലന്റെയും ഓപ്പമിങ് കൂട്ടുകെട്ട് ന്യൂസിലന്‍ഡിന് കരുത്ത് പകരും. ഡാരില്‍ മിച്ചലിനൊപ്പം ബ്രെസ്‌വെല്ലിന് മധ്യനിരയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ കിവീസിന് അതൊരു മുതല്‍ക്കൂട്ടാവും.
ബൗളിങിലെ ടിം സൗത്തിയുടെയും ട്രെന്‍ഡ് ബോള്‍ട്ടിന്റെയും അഭാവം കിവികളെ ബാധിച്ചേക്കും. എന്നാല്‍ ലോക്കി ഫെര്‍ഗൂസും ബെന്‍ ലിസ്റ്ററും പേസ് ബൗളിങിലെ ന്യൂസിലന്‍ഡിന്റെ കുന്തമുനകളാണ്. ഇഷ് സോധിയും മികച്ച ഫോം നിലനിര്‍ത്തുന്നുണ്ട്.