CRICKET

ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; ലൈവ് സ്‌ട്രീമിങ് എവിടെയൊക്കെ?

ശ്രീലങ്കയിലെ പല്ലക്കെലെ മൈതാനത്ത് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് മത്സരം

വെബ് ഡെസ്ക്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക് മത്സരം ഇന്ന്. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമും ബാബർ അസമിന്റെ പാക് ടീമും ഏറ്റുമുട്ടാൻ പോകുന്ന ആവേശത്തിലാണ് ആരാധകർ. ശ്രീലങ്കയിലെ പല്ലക്കെലെ മൈതാനത്ത് ഉച്ചകഴിഞ്ഞ് 3 മണിയ്ക്കാണ് മത്സരം. 2019 ന് ശേഷം ഇരു ടീമുകളും തമ്മില്‍ കഴിക്കുന്ന ആദ്യ ഏകദിന മത്സരം എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ഒരേ ഗ്രൂപ്പിൽ തന്നെ സൂപ്പർ ഫോർ ലക്ഷ്യമിട്ടാണ് ഇരു ടീമും മൈതാനത്തിലിറങ്ങുക. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. എന്നാൽ നേപ്പാളിനെതിരെ 238 റണ്‍സ് വിജയം കൈവരിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്റെ പടയൊരുക്കം. ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ബാറ്റിങ്ങിലെ സ്ഥിരതയാണ് പാകിസ്താന്റെ ശക്തി. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇവരുടെ കൂട്ടുകെട്ടിലായിരുന്നു പാകിസ്താന്‍ ജയം കണ്ടത്.

രോഹിത് ശർമ, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ കരുത്തന്മാർ. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും തിരിച്ചുവരവ് ടീമിന്റെ മത്സര വിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവാണ് മറ്റൊരു ആശ്വാസം. ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ പേസ് ആക്രമണം ശക്തമാകും. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

എന്നാൽ മഴ ഇന്നത്തെ കളിക്ക് വില്ലനാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. മത്സരം നടക്കുന്ന പല്ലക്കലെയില്‍ ഉച്ചമുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നാണ് സൂചനകള്‍. അഥവാ മത്സരം നടന്നാലും മഴ വില്ലനായാല്‍ 100 ഓവര്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. മഴ കളി മുടക്കിയാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയെയാണ്.

ലൈവ് സ്‌ട്രീമിങ് എവിടെയൊക്കെ?

ടെലിവിഷനിൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ മത്സരം തത്സമയം കാണാൻ സാധിക്കും. ഡിസ്‌നി ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷനിൽ ഏഷ്യ കപ്പ് മത്സരങ്ങൾ എല്ലാം സൗജന്യമായി കാണാൻ സാധിക്കും.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി