CRICKET

'മിന്നല്‍ പ്രകടനവുമായി മിന്നു'; ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് പരമ്പര

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷെഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവരുടെയും രണ്ടു വിക്കറ്റു വീഴ്ത്തിയ മലയാളി താരം മിന്നു മണിയുടെയും മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.

വെബ് ഡെസ്ക്

ബംഗ്ലാദേശിനെതിരായ ട്വന്റി 20 വനിതാ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് കിരീടം. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്നു നേടിയ ത്രസിപ്പിക്കുന്ന ജയമാണ് ഒരു മത്സരം ബാക്കിനില്‍ക്കെ തന്നെ പരമ്പര നേടാന്‍ ഇന്ത്യയെ സഹായിച്ചത്. മിര്‍പൂരില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലറില്‍ എട്ടു റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് 95 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. എന്നാല്‍ തീരെ ദുര്‍ബലമായ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ കേവലം 87 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ എട്ടു റണ്‍സിന്റെ ജയത്തോടെ പരമ്പര സ്വന്തമാക്കുകയായിരുന്നു.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷെഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവരുടെയും രണ്ടു വിക്കറ്റു വീഴ്ത്തിയ മലയാളി താരം മിന്നു മണിയുടെയും മികച്ച ബൗളിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. നാലോവറില്‍ 12 റണ്‍സ് വഴങ്ങിയാണ് ദീപ്തി മൂന്നു വിക്കറ്റ് വീഴ്ത്തിയതെങ്കില്‍ മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങിയായിരുന്നു ഷെഫാലിയുടെ നേട്ടം. നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും എട്ടു റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് മിന്നു രണ്ടു വിക്കറ്റ് സ്വന്തമാക്കിയത്. ബി അനുഷയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

ബംഗ്ലാദേശ് നിരയില്‍ 38 റണ്‍സ് നേടിയ നായിക നിഗര്‍ സുല്‍ത്താനയ്ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. 55 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികള്‍ സഹിതമായിരുന്നു സുല്‍ത്താനയുടെ ഇന്നിങ്‌സ്. നായികയുടെ സ്‌കോറിനു പിന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ വഴങ്ങിയ 18 റണ്‍സാണ് ബംഗ്ലാ ഇന്നിങ്‌സിനെ മികച്ച രണ്ടാമത്തെ സ്‌കോര്‍. മറ്റാര്‍ക്കും ആതിഥേയ നിരയില്‍ രണ്ടക്കം കടക്കാനായില്ല. ഷമീമ സുല്‍ത്താന(5), ഷാതി റാണി(5), മുര്‍ഷിദ ഖാഥൂന്‍(4), റിഥു മോനി(4), ഷോര്‍ണ അക്തര്‍(7), നാഹിദ അക്തര്‍(6), എന്നിങ്ങനെയായിരുന്നു മറ്റു പ്രധാന താരങ്ങളുടെ പ്രകടനം.

നേരത്തെ നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുല്‍ത്താന ഖാഥൂനും 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഫാഹിമ ഖാഥൂനുമാണ് ഇന്ത്യയെ തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി മറൂഫ അക്തര്‍, നാഹിദ അക്തര്‍, റബേയ ഖാന്‍ എന്നിവര്‍ ഇവര്‍ക്കു മികച്ച പിന്തുണയും നല്‍കി.

പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും 20 റണ്‍സ് പോലും തികയ്ക്കാനായില്ലെന്നത് നാണക്കേടായി. 14 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 19 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ടോപ് സ്‌കോറര്‍. ഷെഫാലിക്കു പുറമേ ഉപനായിക സ്മൃതി മന്ദാന(13), അമന്‍ജ്യോത് കൗര്‍(14), യസ്തിക ഭാട്യ(11), ദീപ്തി ശര്‍മ(10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. മധ്യനിര താരം ജമീമ റോഡ്രിഗസ്(8), നായിക ഹര്‍മന്‍പ്രീത് കൗര്‍(0), ഹര്‍ലീന്‍ ഡിയോള്‍(6), എന്നിവര്‍ ഏറെ നിരാശപ്പെടുത്തി. പൂജാ വസ്ത്രകാര്‍ ഏഴു റണ്‍സുമായും മലയാളി താരം മിന്നു മണി അഞ്ചു റണ്‍സുമായും പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ക്ഷണത്തില്‍ റണ്‍സ് അടിച്ചുകൂട്ടിയ സ്മൃതിയും ഷെഫാലിയും ചേര്‍ന്ന് 4.2 ഓവറില്‍ ഇന്ത്യയെ 33 റണ്‍സില്‍ എത്തിച്ചിരുന്നു. എന്നാല്‍ സ്മൃതിയെ ക്ലീന്‍ ബൗള്‍ ചെയ്ത നാഹിദ ബംഗ്ലാദേശിന് നിര്‍ണായക ബ്രേക്ക്ത്രൂ സമ്മാനിച്ചു.

തൊട്ടടുത്ത ഓവറില്‍ അടുത്തടുത്ത പന്തുകളില്‍ ഷെഫാലിയെയും ഹര്‍മന്‍പ്രീതിനെയും മടക്കി സുല്‍ത്താന ഏല്‍പിച്ച ഇരട്ടപ്രഹരത്തിന്റെ ആഘാതത്തില്‍ നിന്നു ഇന്ത്യക്ക് കരകയറാനായില്ല. പിന്നീട് നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ സ്‌കോര്‍ബോര്‍ഡ് ചലിക്കുന്നതിന്റെ വേഗതയും കുറഞ്ഞു.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ