CRICKET

ബംഗ്ലാ കടുവകളെ തല്ലിത്തകര്‍ത്ത് റിങ്കുവും നിതീഷും; രണ്ടാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 74 റണ്‍സ് നേടിയ യുവതാരം നിതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

വെബ് ഡെസ്ക്

മധ്യനിര താരങ്ങളായ റിങ്കു സിങ്ങിന്റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്.

34 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 74 റണ്‍സ് നേടിയ യുവതാരം നിതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിങ്കു 29 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 53 റണ്‍സ് നേടി പുറത്തായി. ഇവര്‍ക്കു പുറമേ 19 പന്തുകളില്‍ നിന്ന് രണ്ടു വീതം സിക്‌സറും ഫോറും സഹിതം 32 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ആറു പന്തുകളില്‍ നിന്ന് രണ്ടു സിക്‌സറുകള്‍ സഹിതം 15 റണ്‍സ് നേടിയ റയാന്‍ പരാഗുമാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. മലയാളി താരം സഞ്ജു സാംസണ്‍(ഏഴു പന്തില്‍ 10), ഓപ്പണര്‍ അഭിഷേക് ശര്‍മ(11 പന്തില്‍ 15), നായകന്‍ സൂര്യകുമാര്‍ യാദവ്(10 പന്തില്‍ എട്ട്) എന്നിവരെ തുടക്കത്തിലേ നഷ്ടമായപ്പോള്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 41 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ നാലാം വിക്കറ്റില്‍ നിതീഷ്-റിങ്കു സഖ്യമാണ് കരകയറ്റിയത്. 48 പന്തുകളില്‍ നിന്ന് 108 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം ഇന്ത്യയെ ക്ഷണനേരത്തില്‍ 149 റണ്‍സില്‍ എത്തിച്ചു.

ഇവരുടെ കൂട്ടുകെട്ടാണ് കൂറ്റന്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്. ഒടുവില്‍ 14-ാം ഓവറിന്റെ മൂന്നാം പന്തില്‍ നിതീഷിനെ മടക്കി മുസ്തഫിസുര്‍ റഹ്‌മാനാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. നിതീഷ് മടങ്ങിയ ശേഷമെത്തിയ ഹാര്‍ദ്ദിക്കിനൊപ്പം മികച്ച ബാറ്റിങ് കാഴ്ചവച്ച റിങ്കു ടീം സ്‌കോര്‍ 200 കടക്കുമെന്ന് ഉറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.

ബംഗ്ലാദേശിനു വേണ്ടി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ടസ്‌കിന്‍ അഹമ്മദാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാലോവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹൊസൈനും രണ്ടു വിക്കറ്റുകളുമായി മുസ്തഫിസുര്‍ റഹ്‌മാനും തന്‍സിം ഹസന്‍ സാക്കീബും ടസ്‌കിനു മികച്ച പിന്തുണ നല്‍കി. മൂന്നു മത്സര പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നും ജയം ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ പരമ്പര സ്വന്തമാക്കാനാകും.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live