ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. കേപ്ടൗണിനു സമീപം ക്വേബെര്‍ഗയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്.
അര്‍ധസെഞ്ചുറി നേടിയ ഉപനായിക സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് അല്‍പമെങ്കിലും രക്ഷയായത്. 56പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 86 റണ്‍സാണ് സ്മൃതി നേടിയത്.
സ്മൃതിക്കു പുറമേ 24 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മയും 19 റണ്‍സ് നേടിയ മധ്യനിര താരം ജെമീമ റോഡ്രിഗസും 13 റണ്‍സ് നേടിയ നായിക ഹര്‍മന്‍ പ്രീത് കൗറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ചാ ഘോഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
അയര്‍ലന്‍ഡിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ ലോറ ഡെലനിയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓര്‍ല പ്രെന്‍ഡര്‍ഗസ്റ്റുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ലീന്‍ കെല്ലിക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.
ടൂര്‍ണമെന്റില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമെന്ന നിലയില്‍ മത്സരത്തിനിറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്താനായെങ്കിലും സ്മൃതി-ഷെഫാലി സഖ്യത്തിന സ്‌കോറിങ് വേഗം കുറവായിരുന്നു.
ഒരറ്റത്ത് സ്മൃതി തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് താളം കണ്ടെത്താന്‍ വിഷമിച്ച ഷെഫാലിയാണ് മെല്ലെപ്പോക്ക് നടത്തിയത്. ഒടുവില്‍ 29 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 24 റണ്‍സ് നേടി ഷെഫാലി പുറത്താകുമ്പോള്‍ 9.3 ഓവറില്‍ 62 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട് എത്തിയ നായിക ഹര്‍മന്‍പ്രീതിനും സ്മൃതിക്കൊപ്പം വേഗത്തില്‍ സ്‌കോര്‍ ചെയ്യാനായില്ല. 20 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി പോലുമില്ലാതെ വെറും 13 റണ്‍സ് മാത്രം നേടി ഹര്‍മന്‍പ്രീത് പുറത്താകുമ്പോള്‍ സ്‌കോര്‍ 15.5 ഓവറില്‍ രണ്ടിന് 114. തൊട്ടടുത്ത പന്തില്‍ മികച്ച ഫോമിലുള്ള റിച്ചാ ഘോഷിനെയും നഷ്ടമായതോടെ 16 ഓവറില്‍ മൂന്നിന് 115 എന്ന നിലയില്‍ പതറിയ ഇന്ത്യക്ക് പിന്നീട് രക്ഷയായത് സ്മൃതിയുടെയും ജമീമയുടെയും ചില കൂറ്റനടികളായിരുന്നു.
19-ാം ഓവറില്‍ സ്‌കോറിങ് വേഗം ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സ്മൃതി പുറത്തായതോടെ ഇന്ത്യന്‍ സ്‌കോര്‍ 170 കടക്കില്ലെന്ന് ഉറപ്പായി. അവസാന ഓവറുകളില്‍ ഏതാനും ബൗണ്ടറികള്‍ നേടിയ ജെമീമയാണ് ഒടുവില്‍ ഇന്ത്യയെ 150 കടത്തിയത്.